ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി എത്തിയതായി പറയപ്പെടുന്ന തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ സോണിയയ്ക്ക മുന്നില്‍വെച്ചത് ഒരിയ്ക്കലും കോണ്‍ഗ്രസിന് ദഹിക്കാത്ത നിര്‍ദേശം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശമാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ ദൗര്‍ബല്യങ്ങള്‍ തന്നെയാണ് അതിന് കാരണമെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. ഇത് സോണിയാ ഗാന്ധിക്ക് സ്വീകാര്യമല്ലാത്ത നിര്ദേശമായതിനാല് പ്രശാന്ത് കിഷോറും കോണ്‍ഗ്രസും തമ്മിലുള്ള കൂട്ടുകെട്ട് എത്ര കണ്ട് സഫലമാകുമെന്ന സംശയം വീണ്ടും ഉണര്‍ന്നിരിക്കുകയാണ്.
ഇതോടെ മറ്റൊരു സംശയം കൂടി ഉയരുന്നുണ്ട്. പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ ലോബിയാണോ എന്ന സംശയം കൂടി ഇതോടെ ബലപ്പെടുകയാണ്. ഇത്തരം ലോബി നീക്കങ്ങള്‍ക്ക് മിടുക്കനാണ് പ്രശാന്ത് കിഷോര്‍. ഏറ്റവും വലിയ ഉദാഹരണമാണ് തൃണമൂലില്‍ പ്രശാന്ത് കിഷോര്‍ മൂലം ഉണ്ടായ പടലപ്പിണക്കം. മമതയുടെ മരുകന് അഭിഷേക് ബാനര്‍ജി വഴിയാണ് പ്രശാന്ത് കിഷോര്‍ തൃണമൂലില്‍ എത്തിയത്. ഇതോടെ അഭിഷേക് ബാനര്‍ജിയെ ശക്തനാക്കാനുള്ള നീക്കങ്ങളും പ്രശാന്ത് കിഷോര്‍ നടത്തി. അതോടെ തൃണമൂലിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് തങ്ങള്‍ തഴയപ്പെട്ടോ എന്ന അസ്വാസ്ഥ്യം ഉണ്ടായി. ഇത് പിന്നീട് തൃണമൂലില്‍ തലമുറകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഒടുവില്‍ മമത തല്ക്കാലം പ്രശാന്ത് കിഷോറിനെ അകറ്റിനിര്‍ത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇവിടെയും പ്രിയങ്ക വഴി കോണ്‍ഗ്രസില്‍ കയറിപ്പറ്റി രാഹുല്‍ ലോബിയെ ഒന്നടങ്കം ഇല്ലാതാക്കാന്‍ പ്രശാന്ത് കിഷോര്‍ ശ്രമിക്കുമോ എന്ന ഭയം പല നേതാക്കളിലും ഉണ്ട്.
മേഘാലയയില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം തൃണമൂലിലേക്ക് എത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളാണ് പ്രശാന്ത് കിഷോര്‍. അദ്ദേഹത്തിന് സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങളല്ലാതെ നിതാന്തമായ ശത്രുവോ മിത്രമോ ഇല്ല. ഇതാണ് പലര്‍ക്കും പ്രശാന്ത് കിഷോറിനെ കൂടെ കൂട്ടാന്‍ ഭയപ്പെടുന്നത്.
പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അക്ഷമ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രശാന്ത് കിഷോറിലൂടെ തന്റെ രാഷ്ട്രീയ രംഗപ്രവേശം സാധ്യമാക്കാന്‍ റോബര്‍ട്ട് വധേരയും ശ്രമിച്ചേക്കുമെന്നറിയുന്നു. അങ്ങിനെയെങ്കില്‍ അത് കോണ്‍ഗ്രസിനുള്ളില്‍ പുതിയ പടലപ്പിണക്കങ്ങള്‍ക്ക് അത് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: