പാലക്കാട് : ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാള്‍ക്കായി അന്വേഷണം നടന്നു വരികയാണ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നാണ് വിവരം.
ശ്രീനിവാസന്റെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മണിക്കൂറുകള്‍ക്കിടയിലുള്ള കൊലപാതകങ്ങളെ തുടര്‍ന്ന് എഡിജിപി വിജയ് സാഖറെ പാലക്കാട് ക്യാമ്പ് ചെയ്തിരിക്കുകയാണ്. ജില്ലയില്‍ മൂന്ന് കമ്പനി അധികം പോലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തി. കൊലയാളികള്‍ സഞ്ചരിച്ച മൂന്ന് ബൈക്കുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ശനിയാഴ്ച വൈകിട്ടോടെ തന്നെ പോലീസിന് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പാലക്കാട് നഗരത്തിലും തൊട്ടടുത്തുള്ള പിരായിരി പഞ്ചായത്തിലും ഉള്ളവരാണ് പ്രതികളെന്നാണ് പോലീസ് നല്കുന്ന സൂചന.
നിലവില്‍ പത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ തന്നെയാണ് പ്രതികള്‍ എന്ന സൂചനകളൊന്നുമില്ല. നിലവില്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അതേസമയം ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ തുടക്കമായി. 11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗര്‍ സ്കൂളിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തില്‍ സംസ്കരിക്കും. ശ്രീനിവാസന്റെ വിലാപയാത്രയ്ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താനാണ് പോലീസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: