അഡ്വ.ആര്.പത്മകുമാര്‍
നിയമത്തിന്റെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വൈരുധ്യമാണ് അഡ്വ. അരുണ്‍ കെ.ധന് ‘നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍’ എന്ന പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നത്. വായനയെ ഗൗരവത്തോടെ സമീപിക്കുന്ന എല്ലാവരും ഈ പുസ്തകം വായിക്കേണ്ടതാണ്. സമൂഹത്തിന്റെ ശ്രദ്ധ ഉയര്‍ന്നു വരേണ്ട നിരവധി വിഷയങ്ങളില്‍ തുടര്‍ചര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കും. നിരപരാധികളായ കാശ്മീര്‍ പണ്ഡിറ്റകള് ക്രൂരമായ വംശഹത്യ നേരിടുകയായിരുന്നു. എന്തു കൊണ്ടാണ് നീതിപീഠം ഇക്കാര്യത്തില്‍ ഇടപെടാത്തതെന്ന ചോദ്യം ഉയര്ന്നുവരേണ്ടതുതന്നെയാണ്. പ്രഗല്ഭ അഭിഭാഷകനും ഗോവാ ഗവര്‍ണ്ണറുമായ പി.എസ്. ശ്രീധരന് പിള്ളയുടെ അവതാരിക പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നതാണ്.
‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്’ എന്ന തത്വം നമ്മുടെ ക്രിമിനല്‍ നിയമം പിന്തുടരുന്നു. പക്ഷേ ബിസ്ക്കറ്റ് രാജന് എന്നറിയപ്പെട്ടിരുന്ന രാജന് പിള്ളയെ ജുഡിഷ്യല്‍ കശാപ്പിനിരയാക്കുകയായിരുന്നു. 47 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന രാജന് പിള്ള പ്രതിഭാധനനായ വ്യവസായിയായിരുന്നു. ആറിലധികം രാജ്യങ്ങളില്‍ കുതിച്ച് മുന്നേറിയ വ്യവസായ മികവ് നിമിത്തം അദ്ദേഹത്തിന് നിരവധി ബിസിനസ്സ് ശത്രുക്കളുണ്ടായി. അതു നിമിത്തം സിംഗപ്പൂരില്‍ ഒരു ചെറിയ ക്രിമിനല്‍ കേസ്സുണ്ടായി. മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടത്താവുന്ന ഒരു ചെക്കു കേസ്സെന്ന് പറയാം. രാജന് പിള്ളയുടെ ശത്രുക്കള്‍ ഗൂഢാലോചന നടത്തി ആ കേസ്സ് ഇന്ത്യയിലെത്തിച്ചു. സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലില്‍ അടച്ചു. ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്ന രാജന് ജയിലില്‍ മതിയായ ചികിത്സ നല്‍കിയില്ല. ഒടുവില്‍ ദില്ലിയിലെ ഡിസിയു ആശുപത്രിയില്‍ എത്തിച്ചെങ്കിലും 1995 ജൂലൈ ഏഴിന് മരിച്ചു. തീവ്രവാദ കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്കു നല്‍കാറുള്ള പരിഗണന പോലും നല്‍കിയില്ല. തക്കസമയത്ത് ചികിത്സ ലഭിക്കാത്തതിനാലാണ് മരണപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത് മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. മതിയായ ചികിത്സ നല്കാനുത്തരവിടാതെ രക്തസ്രാവം മദ്യപാനത്തിന്റെ സൃഷ്ടിയാണെന്ന് കമന്റ് നടത്തുകയാണ് മജിസ്ട്രേറ്റ് ചെയ്തത്.
സമാനമായ അനുഭവമാണ് എം.കെ.കെ നായര്ക്കുണ്ടായത്. ഇന്ത്യയുടെ ആദ്യ ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഭിലായ് ഉരുക്ക് നിര്‍മ്മാണ ശാലയുടെ മുഖ്യശില്പി, എഫ്എസിറ്റിയുടെ കുതിപ്പിന്റെ നായകന്, കഥകളിക്ക് ആഗോള അംഗീകാരം നേടിക്കൊടുത്ത വ്യക്തി എന്നീ വിശേഷണങ്ങള്‍ക്ക് അര്‍ഹരായ വ്യക്തി. തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ ഹൃദയാലുവായ മനുഷ്യന് എം.കെ.കെ നായരായിരുന്നുവെന്ന് വെളിപ്പെടുത്തിയത് കഥാകൃത്തായ ടി. പത്മനാഭനാണ്.
എം.കെ.കെയുടെ സഹായം പറ്റിയവര്‍ തന്നെ നന്ദികേടു കാട്ടി. ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറിയായി ശോഭിക്കേണ്ട കാലത്താണ് അദ്ദേഹത്തെ കൃത്യമായി ചമച്ച അഴിമതി കേസ്സില്‍ കുടുക്കിയത്. സിബിഐ കൊടും പാതകമാണ് എം.കെ.കെയോട് ചെയ്തത്. കോണ്‍ഗ്രസ്സ് രാഷ്ട്രീയ നേതൃത്വത്തിലെ പ്രബല വിഭാഗം ഇതിന് ഒത്താശ ചെയ്യുകയായിരുന്നു. 1972-73 കാലത്താണ് സംഭവം. സിബിഐ ജഡ്ജി രൂക്ഷമായ ഭാഷയിലാണ് സിബിഐയുടെ നടപടിയെ വിമര്‍ശിച്ചത്. 83-84ല്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അപ്പോഴേക്കും ആ ജീവിതം എരിഞ്ഞടങ്ങിയിരുന്നു.
നിയമം നിഴല്‍ വീഴ്ത്തിയ മറ്റൊരു ജീവിതം, ചാരകേസ്സില്‍ കുടുക്കപ്പെട്ട പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്മാരുടേതാണ്. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി എന്തും ചെയ്യുന്ന പ്രവണത കേരളത്തിന്റെ പ്രത്യേകതയാണല്ലോ. അഴിഞ്ഞാടുന്ന മാധ്യമ ഭീകരത കൂടിയാകുമ്പോള്‍ ആടിനെ പട്ടിയും പേപ്പട്ടിയുമാക്കാന്‍ എന്തെളുപ്പമായിരിക്കും. ഇന്ത്യാ വിരുദ്ധ ശക്തികളുടെ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്.
ജീവിച്ചിരുന്ന ആളിനെ കൊലപ്പെടുത്തിയെന്ന് കേസ് ഉണ്ടാക്കുക, ആദിവാസികളടക്കമുള്ള നിരപരാധികളെ പ്രതികളാക്കി വേട്ടയാടുക ഇതുണ്ടായത് കേരളത്തില്‍ത്തന്നെയാണ്. മികവുറ്റ ജഡ്ജിയായിരുന്ന ജസ്റ്റിസ് (റിട്ട) യു.എല്‍.ഭട്ടിന് പ്രതികളെ വിട്ടയക്കാന്‍ തോന്നിയത് നന്നായി. മരിച്ചുവെന്ന് പ്രോസിക്യൂഷന് ആരോപിച്ച മാധവന് ജീവനോടെ തിരികെ വന്നത് ജഡ്ജിയെ പോലും നടുക്കിയ വാര്‍ത്തയായി. നമ്മുടെ പോലീസ് സംവിധാനത്തിന്റെ കുറ്റകരമായ പോരായ്മകളാണ് ഇതില്‍ വെളിപ്പെടുന്നത്.
തൊടിയൂര്‍ സുനില്‍ വധമാണ് പരിശോധിക്കപ്പെട്ട മറ്റൊരു കേസ്. മരിച്ചത് ബിജെപി പ്രവര്ത്തകന്, പ്രതിയായത് സിപിഎമ്മുകാര്‍. കേസില്‍ കള്ളതെളിവ് ഉണ്ടാക്കുന്നതിന് മര്‍ദ്ദനമുറകള്‍ ആവോളം പ്രയോഗിക്കപ്പെട്ടു. നീതിപാലകരെ ഓര്‍ത്ത് ലജ്ജിക്കുകയേ വഴിയുള്ളൂ. യഥാര്‍ത്ഥ പ്രതികള്‍ തീവ്രവാദ സംഘടനയില്‍പ്പെട്ടവരായിരുന്നു. തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ കേരളത്തില്‍ ഏറുകയാണ്. പക്ഷേ പ്രതിയാക്കപ്പെടുന്നത് നിരപരാധികള്‍ ആകുമെന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ‘മാഷാ അള്ളാ’ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചത് വഴി, കൃത്യമമായി തീവ്രവാദ സാന്നിധ്യം സൃഷ്ടിക്കാനാണ് മാര്‍ക്സിസ്റ്റ്കാരായ പ്രതികള്‍ തുനിഞ്ഞത്. സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ മാത്രമേ കേരളത്തിലെ കൊലപാതക കേസുകള്‍ തെളിയുകയുള്ളൂ എന്നാണീ സംഭവങ്ങള്‍ കാണിച്ചു തരുന്നത്. ഇച്ഛാശക്തിയുള്ള ആഭ്യന്തരമന്ത്രിയും സ്വതന്ത്രമായ പോലീസ് സംവിധാനവും ഉണ്ടായാല്‍ മാത്രമേ നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നത് അവസാനിക്കുകയുള്ളൂ. കുഞ്ഞാലിവധം, മാടത്തരുവികേസ്, സൂപ്പര്‍സ്റ്റാറുകളെ പിച്ചിച്ചീന്തിയ കൃത്രിമ കൊലക്കേസ്, പാനൂര്‍ സോമന് കേസ് എന്നീ കേസുകളും പരിശോധിക്കപ്പെടുന്നുണ്ട്. മെച്ചപ്പെട്ട ജുഡിഷ്യറി ഉണ്ടാവേണ്ടത് അനിവാര്യമാണ്. ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ സൃഷ്ടിക്കുന്ന അഭിശപ്തമായ സമ്പ്രദായം ഇന്ത്യയില്‍ ഇന്നും തുടരുകയാണ്.
ജഡ്ജിമാരെ താരതമ്യേന മെച്ചമായ രീതിയില്‍ നിയമിക്കുന്നതിനുള്ള നിയമം പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. പക്ഷേ സുപ്രീം കോടതി അതു റദ്ദാക്കുകയായിരുന്നു. വിവിധ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം വീണ്ടും നിയമം കൊണ്ടു വരേണ്ടത് ജുഡീഷ്യല്‍ പരിഷ്കാരങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. വ്യക്തി ജീവിതത്തേയും സമൂഹ ജീവിതത്തേയും ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഈ പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: