ഒരാഴ്ചക്കാലം കുന്ദംകുളത്തിനടുത്തെ അക്കിക്കാവിലെ കണ്ണന് സ്മാരക ഹീമോഫീലിയ പുനരധിവാസ കേന്ദ്രത്തില്‍ താമസിക്കാന്‍ അവസരമുണ്ടായി. മുമ്പ് ബിജെപിയുടെയും ജനസംഘത്തിന്റെയും ചുമതലയുണ്ടായിരുന്ന കാലത്തുതന്നെ പരിചയമുണ്ടായിരുന്ന രഘുനന്ദനനും ധര്മപത്നി രമാ രഘുനന്ദനനും അവരുടെ പുത്രന് കണ്ണന് ഹീമോഫീലിയാക്കിരയായതിന്റെ ശേഷം ഈ രോഗത്തിന്റെ ദുഷ്പരിണാമത്തില്നിന്നും ജനങ്ങളെ കഴിയുന്നത്ര കസഹായിക്കാനായി നടത്തുന്ന സ്ഥാപനമാണത്. മുന്‍പ് കേരള പ്രാന്തസംഘചാലകനായിരുന്ന തലശ്ശേരിയിലെ മാ. ഗോപാലന് അടിയോടിയുടെ പൗത്രന് കെ. പ്രേമചന്ദ്രന് എന്ന അതിപ്രതിഭാപ്രഭാവനായിരുന്ന യുവാവിന്റെ ജീവനെടുത്തത് (21-ാം വയസ്സില്‍) ഹീമോഫീലിയ ആയിരുന്നു. ഞാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായിരുന്ന ആറുവര്‍ഷവും സ്വന്തം വീടുപോലെ അദ്ദേഹത്തിന്റെ ഒപ്പമായിരുന്നുവെന്നതും, പ്രേമചന്ദ്രന്റെ അച്ഛന് കെ.എം. രാമകൃഷ്ണന് അതിപ്രശസ്തനും പ്രഗല്ഭനുമായ ഡോക്ടറാണ് എന്നതുമായിരുന്നു ഈ രോഗത്തെ ശ്രദ്ധിക്കാന്‍ കാരണം.
സര്‍ക്കാര്‍ സര്വീസിലായിരുന്നുവെങ്കിലും ‘ടെലിച്ചെറി ഹോസ്പിറ്റല്‍’ എന്ന തലശ്ശേരിയിലെ ആശുപത്രിയുടെ സ്ഥാപനത്തിലും പ്രശസ്തിയിലും ഡോ. രാമകൃഷ്ണന്തന്നെയായിരുന്നു കാരണഭൂതനായത്. വൈദ്യശാസ്ത്രത്തിന് സാധ്യമായതെന്തും ചെയ്തിട്ടും പ്രേമചന്ദ്രന്റെ ജീവന് രക്ഷിക്കാനായില്ല. ആ ചെറുപ്രായത്തില്‍ ആംഗലസാഹിത്യത്തില്‍ മാസ്റ്റര്‍ പഠനത്തിനിടെ 25-ലേറെ കവിതകളെഴുതി. മൂന്നു സമാഹാരങ്ങളായി അവ പ്രസിദ്ധപ്പെടുത്തി. പ്രൊഫ. ജി. കുമാരപിള്ള, നിത്യചൈതന്യയതി, സുകുമാര്‍ അഴീക്കോട് എന്നിവര്‍ ആ യുവപ്രതിഭയെ അഭിനന്ദിച്ചുകൊണ്ട് അവയ്ക്ക് പഠനങ്ങളെഴുതി. ‘പൊരുതാനൊരു പിറവി’ എന്ന് അതിലെ ‘ബോണ്‍ ടു ഫൈറ്റ്’ എന്ന കൃതിക്കു മലയാള പരിഭാഷയും പ്രസിദ്ധീകരിച്ചിരുന്നു. അവയെ ചിത്രീകരണത്തിലൂടെ ‘നമ്പൂതിരി’ തന്നെ മനോഹരമാക്കുകയും ചെയ്തു.
രഘുനന്ദനന്-രമ ദമ്പതിമാരുടെ മകന് കണ്ണന് ഹീമോഫീലിയയുടെ ഇരയായപ്പോള്‍ അവര്‍ക്കുണ്ടായ ദുഃഖത്തിന്റെ ഇരുളില്‍ കഴിയാതെ ചികിത്സയില്ലെന്ന ഭീതി പരത്തിയ ഈ രോഗത്തിന്റെ പിടിയില്‍പ്പെട്ടവരെ ചികിത്സിക്കാനും, അവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്കുവാനുമായി ആരംഭിച്ച പ്രസ്ഥാനമാണ് കണ്ണന് സ്മാരക ഹീമോഫീലിയാ പരിചരണ കേന്ദ്രം. ഞങ്ങള്‍ ഏതാനും ദിവസം അവരുടെ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തെപ്പോലെ അവിടെ കഴിയണമെന്ന് താല്പര്യപ്പെട്ടപ്പോള് അതിനുമുതിരുകയായിരുന്നു. സ്തനാര്‍ബുദ ചികിത്സ കഴിഞ്ഞ എന്റെ സഹധര്മിണിക്കും അവരുടെ സാന്നിധ്യത്തില്‍ ഏതാനും ദിവസം കഴിയുന്നതു ഗുണകരമാവുമെന്നു തോന്നി.
എനിക്കു മറ്റൊരുദ്ദേശംകൂടിയുണ്ടായിരുന്നു. സംഘപ്രചാരകനായി ഗുരുവായൂരിലേക്കു നിയുക്തനായപ്പോള് ചാവക്കാട് താലൂക്ക് രൂപീകൃതമായതേയുള്ളൂ. മുമ്പ് പൊന്നാനിയുടെ ഭാഗമായിരുന്ന അവിടം എറണാകുളം ജില്ലയുടെ ഭാഗമായി. പരമേശ്വര്‍ജിയായിരുന്നു പ്രചാരക്. പ്രധാന ബൈഠക്കുകള്‍ നടക്കുന്നത് തൃശ്ശിവപേരൂരിലായിരുന്നു. ഗുരുവായൂരിലേക്കു എത്താനെളുപ്പം അവിടെവരെ തീവണ്ടിമാര്‍ഗം എത്തി ബസ്സില്‍ ഗുരുവായൂരിലേക്കു പോകുകയായിരുന്നു. റെയില്വേസ്റ്റേഷനില്ത്തന്നെ ഗുരുവായൂര്‍ ബസ്സും കാണുമായിരുന്നു. ഗുരുവായൂരിലെ റെയില്‍വേ ഔട്ട്സ്റ്റേഷനില് എവിടേക്കുള്ള റെയില്വേടിക്കറ്റും ലഭ്യമായിരുന്നു.
ഇതൊക്കെ കാരണം തൃശ്ശിവപേരൂരിലെ ശാഖയിലും കാര്യാലയത്തിലും ഇടയ്ക്കിടെ പോകേണ്ടിവന്നു. പൂങ്കുന്നം ക്ഷേത്രത്തിനടുത്ത് അശോക ഫാര്‍മസിയുടെ മുകളിലത്തെ നിലയിലാണ് ബൈഠക്കുകള്‍ നടന്നുവന്നത്. അശോകന് വൈദ്യര് സംഘത്തെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകളുണ്ടായിരുന്നത് ശ്രീ ഗുരുജിയുമായി ഒരിക്കല്‍ നടത്തിയ കൂടിക്കാഴ്ചയിലൂടെ പരിഹരിച്ച് തന്റെ വീടിന്റെ മുകള്നിലതന്നെ സംഘാവശ്യങ്ങള്ക്കായി അനുവദിച്ചുവെന്നു അവിടത്തെ സ്വയംസേവകരില്നിന്നു മനസ്സിലായി.
തിരുവനന്തപുരത്തെ വിദ്യാഭ്യാസത്തിനുശേഷം ആദ്യമായി ഞാന്‍ കാണുന്ന ശാഖ എറണാകുളത്തെയാണെങ്കിലും കൂടുതല്‍ അടുപ്പവും ചുമതലയുമുണ്ടായത് തൃശ്ശിവപേരൂരിലെ സ്വയംസേവകരുമായാണ്. പരമേശ്വര്‍ജി ജനസംഘ ചുമതലയേറ്റു പോയശേഷം തല്‍സ്ഥാനത്ത് ഹരിയേട്ടനാണ് വന്നത്. അദ്ദേഹത്തിന്റെ ആസ്ഥാനം പാലക്കാടായിരുന്നു. അതിനാല്‍ ഗുരുവായൂരും ചാവക്കാടുമൊക്കെ പാലക്കാടിന്റെ ഭാഗമായി. കോട്ടപ്പുറത്ത് കാര്യാലയമായി ഉപയോഗിച്ചിരുന്ന ഒരു മുറിയിലാണ് കൂടാറുണ്ടായിരുന്നത്. ഹരിയേട്ടന്റെ സഹജമായുള്ള സംഭാഷണവും മറ്റും നമ്മുടെ വീക്ഷണത്തിന്റെ ചക്രവാളങ്ങളെ വികസിപ്പിച്ചു. പഴഞ്ചൊല്ലുകളും മറ്റു ശൈലികളും സമൃദ്ധമായുപയോഗിച്ചുവന്നു. ഞാനും അങ്ങനെ ചില ചൊല്ലുകള്‍ പറഞ്ഞു. ”ചക്കരയുള്ളപ്പോള് തവിടില്ല, തവിടുള്ളപ്പോള്‍ ചക്കരയില്ല. തവിടും ചക്കരയുമുള്ളപ്പോള് കൊച്ചിന്റെ അച്ഛന് അക്കരെയായി” എന്ന ചൊല്ലു പറഞ്ഞപ്പോള്‍ ഹരിയേട്ടന് അതിന്റെ സാമൂഹ്യ, സാംസ്കാരിക, പ്രാദേശികാചാരപരമായ ഒരു വിശകലനംതന്നെ നടത്തിയശേഷം അതെഴുതിയെടുത്തു.
അവിടത്തെ ശാഖകൡലെ ഗണഗീതാലാപന രീതിയാണെനിക്കേറ്റവും ഇഷ്ടപ്പെട്ടത്. അവര്‍ സംഗീതജ്ഞകുടുംബങ്ങളിലെ അംഗങ്ങളായതോ ആലാപനത്തിന് ചിട്ടയായ ശിക്ഷണം നല്കാന് പറ്റിയ പ്രചാരകന്മാര് തുടക്കം മുതലേ ഉണ്ടായിരുന്നതോ ആവാം കാരണം. ജി. മഹാദേവന് തൃശൂര്‍ എന്നല്ല തൃശ്ശിവപേരൂര്‍ എന്നു മുഴുവനായേ പറയുമായിരുന്നുള്ളൂ, പ്രത്യേകിച്ച് റിപ്പോര്‍ട്ടുകളില്‍. മലയാളം എക്സ്പ്രസ്സ് പത്രവും അങ്ങനെയായിരുന്നു. ഇംഗ്ലീഷില്‍ ട്രിച്ചൂര് യിരുന്നല്ലോ. സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്ഥലങ്ങളുടെ യഥാര്‍ത്ഥ നാമധേയം പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തെ പണ്ഡിറ്റ് നെഹ്റുവിന്റെ മതനിരപേക്ഷ, എന്നുവച്ചാല്‍ ഹിന്ദു വിമുഖ മനോഭാവം നിരാകരിച്ചു. അതിന്റെ ഫലമായി പ്രയാഗയും പാടലീപുത്രവും വാരാണസിയും മദ്രാസും കല്‍ക്കട്ടയും ട്രിവാന്‍ഡ്രവും സിലോണും കാലിക്കട്ടും ടെലിച്ചേരിയുമൊക്കെ ബ്രിട്ടീഷുകാരിട്ട പേരില്‍ തുടര്‍ന്നു. കേരളത്തില്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ 80-കളിലാണ് പഴയ പേര് പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്. പുനര്നാമകരണത്തില് അവരുടെ ഹിന്ദുപരാങ്മുഖത പങ്കുവഹിച്ചു. ട്രിച്ചൂറിനെ തൃശ്ശൂരാക്കി തൃശ്ശിവപേരൂര്‍ എന്ന് പറയാന്‍ കൂടുതല്‍ അക്ഷരം ഉപയോഗിക്കണമത്രേ. കാണന്നൂര്‍ അക്ഷരം കുറച്ച് കണ്ണൂരാക്കി, കണ്ണന്നൂര്‍ എന്ന പേര് ഹൈന്ദവധ്വനിയുള്ളതാവുമത്രേ. ഇംഗ്ലീഷ് പേരിലെ സിക്കു പകരം കെ ഉപയോഗിച്ചാല്‍ മതിയാകുമായിരുന്നു.
ബത്തേരി എന്ന സ്ഥലം ബ്രിട്ടീഷുകാര്‍ക്കു സുല്‍ത്താന്‍സ് ബാറ്ററി ആയിരുന്നു. വയനാട്ടിലെ ഏറ്റവും പ്രശസ്ത വാണിജ്യകേന്ദ്രവും ക്ഷേത്രസങ്കേതവുമായിരുന്ന ഗണപതിവട്ടത്തെ തകര്‍ക്കാനായി ടിപ്പു സുല്‍ത്താന്‍ തന്റെ പീരങ്കിനിര സ്ഥാപിച്ചിരുന്ന സ്ഥലത്തിന് സായിപ്പ് ഇട്ട പേരായിരുന്നു സുല്‍ത്താന്‍സ് ബാറ്ററി. ഗണപതി ക്ഷേത്രത്തിന്റെ ഭഗ്നാവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടാള് പൊക്കമുള്ള ഗണപതി പ്രതിഷ്ഠ 1970 വരെ അവിടെ കാണാമായിരുന്നു. ‘സുല്‍ത്താന്‍ ബത്തേരി’യ്ക്കാണു ഗണപതിവട്ടത്തെക്കാള് മുന്‍ഗണന നല്കാന് സിപിഎം ഭരണം താല്പര്യപ്പെട്ടത്. എന്നാല്‍ മലബാര്‍ ക്ഷേത്രസംരക്ഷണ പ്രസ്ഥാനത്തിനു മുന്നിട്ടിറങ്ങാന്‍ കേളപ്പജിക്കു പ്രേരണ അവിടത്തെ ഹിന്ദുക്കള്‍ ശ്രീ ഗുരുവരാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ നടത്തിയ ഗണപതിവട്ടം പുനരുദ്ധാരണമായിരുന്നു. ശിവനും ഗണപതിയും വേണ്ട എന്ന മനോഭാവത്തിന്റെ അടിയില്‍ എന്താണെന്നു പറയേണ്ടതില്ലല്ലോ.
അന്‍പതുകളുടെ അവസാനകാലത്ത് തൃശ്ശിവപേരൂരില്‍ പരിചയപ്പെട്ട സ്വയംസേവകരില്‍ ചിലര്‍ പിന്നീട് സംഘത്തിന്റെയും മറ്റു പരിവാര്‍ സംഘടനകളുടെയും ചുമതലകള്‍ വഹിച്ച് ഏറെ അറിയപ്പെട്ടു. പലരും പ്രായാധിക്യംമൂലം അവശരുമാണ്. അവരെ കാണാനുള്ള ആഗ്രഹംകൊണ്ടാണ് ഇത്തവണ പോയത്. ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി 70-കളില്‍ കോഴിക്കോട്ടുനിന്നും തൃശ്ശിവപേരൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ച ശ്രീനിവാസനെയാണ് ആദ്യം കണ്ടത്. ജനസംഘത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ ഡോക്ടര്‍ വിമലയായിരുന്നു അദ്ദേഹത്തിന്റെ ധര്മപത്നി. അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തില്‍ ധീരവും ഐതിഹാസികവുമായ പങ്കാണിരുവരും വഹിച്ചത്. ശ്രീനിവാസന് ക്ഷേത്രസംരക്ഷണ സമിതിയിലും പ്രവര്‍ത്തിച്ചിരുന്നു. ഉത്തരകേരളത്തിലെങ്ങും തീര്ത്ഥാടകസഹസ്രങ്ങളെ ആകര്‍ഷിക്കുന്ന നാലമ്പല ദര്‍ശനത്തിന്റെ പ്രയോക്താക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു. സഹധര്‍മിണിയുടെ വിയോഗാവസരത്തില്‍ കൊവിഡ് രൂക്ഷമായിരുന്നതിനാല്‍ അവിടെ പോകാന്‍ കഴിഞ്ഞില്ല. തൃശ്ശിവപേരൂരിലെ സാക്ഷാല്‍ അനന്തന്റെ സഹായത്തോടെ ശ്രീനിവാസന്റെ ~ാറ്റിലെത്തി. അന്നദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. മകളും പാലക്കാട്ട് അഭിഭാഷകനായി മകന്റെ പത്നിയും വിളമ്പിത്തന്ന പിറന്നാള്‍സദ്യ ഞങ്ങള്‍ ഒരുമിച്ചു ആസ്വദിച്ചു.
പിന്നെ പോയത് മുന്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ ശ്രീധരന്മാസ്റ്ററെ കാണാനാണ്. മാസ്റ്ററുടെ അശീതിക്ക് എത്താന്‍ അദ്ദേഹം നേരിട്ടു ക്ഷണിച്ചിരുന്നു. കൊവിഡ് കാലമായതിനാല്‍ അതിന്റെ പരിപാടികള്‍ മങ്ങിയ നിലയിലാണ് നടന്നത്. മാസ്റ്റര്‍ പ്രഥമവര്ഷശിക്ഷണത്തിനു വന്നപ്പോള്‍ മുതല്‍ അറിയാം. കേള്‍വിക്കുറവ് അന്നേയുണ്ടായിരുന്നു. അതിന്റെ രസകരമായ അനുഭവങ്ങള്‍ അന്നുണ്ടായി. ദേശീയതയുടെ രാഷ്ട്രീയമെന്ന പുസ്തകം തയ്യാറാക്കാന്‍ അദ്ദേഹത്തിന്റെ സഹായം തേടിചെന്നപ്പോഴത്തെ അനുഭവം രസകരമായി. അദ്ദേഹത്തിന് ഭക്ഷണത്തില്‍ ധാരാളം ഉപ്പുവേണം. എനിക്കു ഉപ്പുപാടില്ല എന്നായിരുന്നു സ്ഥിതി. മാസ്റ്ററുടെ സഹധര്‍മിണി അനുഭവിച്ച പ്രയാസം പറയാനാവില്ല. ഇത്തവണ ചെന്നപ്പോള്‍ അതവരുടെ മനസ്സിലുണ്ടായിരുന്നുവെന്നവരുടെ മുഖം പറഞ്ഞു.
അമ്മാത്ത് ഉണ്ണികൃഷ്ണന്, സി.പി. സുബ്രഹ്മണ്യന് എന്നിവരെയും കണ്ടു. സിപിയുടെ കുടുംബം ഒരുകാലത്ത് നഗരത്തിലെ പ്രശസ്തമായ സ്വര്ണവ്യാപാരിമാരായിരുന്നു. ആ മേഖലയും ഇക്കാലത്തെ സമ്പ്രദായത്തിലല്ലായിരുന്നുവല്ലോ പണ്ട്. സി.പി ഇപ്പോള്‍ ശാരീരികാവശതയിലാണെങ്കിലും ജോലി ചെയ്തുതന്നെ കഴിയുന്നു. ജന്മഭൂമിയുടെ തുടക്കവുമായുള്ള ഒരു പരോക്ഷ ബന്ധവും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടുനിന്നു ദിനപത്രം തുടങ്ങാനുള്ള ശ്രമം നടന്നുവരികയായിരുന്നു. അക്കാലത്ത് ജന്മഭൂമി എന്ന പേര് നവാബ് രാജേന്ദ്രന്റെ കൈയിലായിരുന്നു. അയാള്‍ അതു വില്ക്കാന് തയ്യറാണെന്ന് മനസ്സിലാക്കി, ആ വിവരം ‘ധര്മപാലന്’ എന്ന പ്രവര്‍ത്തകനെ അറിയിച്ചത് താനായിരുന്നുവെന്നു സി.പി. സുബ്രഹ്മണ്യന് പറഞ്ഞു. പിന്നീട് വിവരം ദത്താത്രയറാവുജിക്കു ധര്മപാലന് നല്‍കുകയും, അദ്ദേഹവും ഈ ലേഖകനും ഒരുമിച്ച് തൃശ്ശിവപേരൂരിലെത്തി പേരിന്റെ എല്ലാ അവകാശങ്ങളും തീറുവാങ്ങുകയുമായിരുന്നു. സുബ്രഹ്മണ്യന്റെ ഇരട്ട പേരക്കുട്ടികള്‍ വളരെ സ്വാഭാവികമായി ചിരപരിചിതരെപ്പോലെ എന്റെയും ഭാര്യയുടെയും അടുത്തു പെരുമാറിയത് ഏറെ കൗതുകകരമായി.
1960-കളില്‍ ആ വീടിന്റെ രണ്ടാം നിലയില്‍ ജില്ലാ പ്രചാരകന്മാരുടെ ബൈഠക് നടന്നിരുന്നത് അനുസ്മരിച്ചു. അന്ന് പി.കെ. ചന്ദ്രശേഖര്‍ജിയായിരുന്നു തൃശ്ശിവപേരൂരിലെ ജില്ലാ പ്രചാരകന്. രണ്ടുനാള്‍ അവിടെ താമസിച്ച ഓര്‍മകള്‍ പുതുക്കി. അത്യാധുനികമായ ടോയ്ലെറ്റ് സൗകര്യങ്ങളിന്നുണ്ട്. അന്നാകട്ടെ തോട്ടികള്‍ വൃത്തിയാക്കുന്ന സംവിധാനമായിരുന്നു. അവിടെ സന്ദര്ശിക്കേണ്ടവരായി ഇനിയും പഴയ സ്വയംസേവകരുണ്ട്. കെ. മാധവനുണ്ണി അവരില്‍ മുഖ്യനാണ്. പൂജനീയ ഗുരുജിയടക്കം എത്രയോ മുതിര്‍ന്ന സംഘാധികാരിമാര്‍ക്കു ആതിഥേയത്വം വഹിച്ച വീടാണത്. ജന്മഭൂമിക്കുവേണ്ടിയുള്ള ഓഹരിസമാഹരണത്തിന് ചെന്നപ്പോള്‍ അതിനു തയ്യാറായി. അതിനെല്ലാമുപരി ഞങ്ങള്‍ ഇരുവരും കോട്ടയത്ത് പ്രചാരകന്മാരായി മൂന്നുവര്‍ഷക്കാലം ഒരേ കാര്യാലയത്തില്‍ താമസിച്ചിട്ടുണ്ട്.
കണ്ണന് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അടുത്തുതന്നെ നടക്കാനിരിക്കുന്ന ഹീമോഫീലിയ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകളില്‍ ഏര്‍പ്പെട്ടിരുന്ന രഘുനന്ദനന് അപ്പോഴേക്കും ഞങ്ങളെ തിരികെ കൊണ്ടുപോകാന്‍ എത്തി. സന്ധ്യയ്ക്കു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും നടത്തണമെന്നുദ്ദേശമുണ്ടായിരുന്നു. ഏതാനും വര്‍ഷം മീനച്ചില്‍ താലൂക്കില്‍ സംഘപ്രചാരകനായും, പിന്നീട് രണ്ടുവര്‍ഷം ജനസംഘ മുഴുസമയ പ്രവര്‍ത്തകനായി ചേര്‍ത്തല താലൂക്കിലും പ്രവര്‍ത്തിച്ചിരുന്ന ദാമോദരന്‍ കുറേക്കാലമായി ഗുരുവായൂരിനടുത്താണ് താമസം. അദ്ദേഹം മുകുന്ദപുരം, തലപ്പള്ളി താലൂക്കുകളിലെ എന്‍എസ്എസ് സംഘാടകനായിരുന്നു. ഗുരുവായൂരില്‍ സംഘാധികാരികള്ക്കു അദ്ദേഹം പലപ്പോഴും ആതിഥേയനാണ്. പ്രമേഹസംബന്ധമായ അസുഖങ്ങള്‍ ശല്യപ്പെടുത്തുന്ന അദ്ദേഹത്തെയും മഹിളാമോര്‍ച്ച അധ്യക്ഷ അഡ്വ. നിവേദിതയെയും കൂടി സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.
ഗുരുവായൂര്‍ ദര്‍ശനം നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പേ സാധിച്ചിരുന്നുള്ളൂ. ഇത് അപ്രതീക്ഷിതമെങ്കിലും അനായാസവും അനിര്‍വചനീയ സംതൃപ്തി നല്‍കുന്നതുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: