ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഹനുമാന് ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭാ യാത്രയ്ക്ക് നേരെ കല്ലേറ്. ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. തീവെപ്പും നടന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ക്ക് വെടിയേറ്റു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന വീഡിയോകളില്‍ തീപിടിച്ച ഇടങ്ങളില്‍ നിന്നും കട്ടിയില്‍ പുക ഉയരുന്നത് കാണാം. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡസന്‍കണക്കിന് ആളുകള്‍ ചേര്‍ന്ന സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വീഡിയോയില്‍ ആരോ വാള് പുറത്തെടുത്ത് വീശുന്നത് കാണാം.
ശോഭായാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതിനെ ബിജെപി നേതാവ് കപില്‍ മിശ്ര വിമര്‍ശിച്ചു. അക്രമികള്‍ക്ക് നേരെ കര്‍ശനനടപടിയെടുക്കണമെന്നും കപില്‍ മിശ്ര ആവശ്യപ്പെട്ടു. ‘ജഹാംഗീര്‍ പുരിയില്‍ ഹനുമാന്റെ ജന്മദിനത്തില് നടന്ന യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞത് തീവ്രവാദ പ്രവര്‍ത്തനമാണ്. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറി അധിവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരന്മാര്ക്ക് നേരെ കല്ലെറിയുന്നതിന് വരെ ധൈര്യം വന്നിരിക്കുന്നു. ബംഗ്ലദേശ് അക്രമികളുടെ രേഖകള്‍ പരിശോധിച്ച് അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കണം”- കപില്‍ മിശ്ര പറഞ്ഞു.
ഏപ്രില്‍ 10ന് രാമനവമി ഘോഷയാത്രയ്ക്ക് നേരെ അഞ്ച് സംസ്ഥാനങ്ങളില്‍ കല്ലേറ് നടന്നിരുന്നു. അതിന് ശേഷം വര്‍ഗ്ഗീയമായി ചേരി തിരഞ്ഞുള്ള സംഘട്ടനങ്ങളും തീവെപ്പും പതിവായിരിക്കുകയാണ്. രാജസ്ഥാനിലെ കരൗലിയിലും ഗുജറാത്തിലെ കംഭട്ടിലും മധ്യപ്രദേശിലെ ഖാര്‍ഗോണിലും രാംനവമി യാത്രയ്ക്ക് നേരെ കല്ലേറും കലാപവും നടന്നു. കര്‍ണ്ണാടകയിലും ഒന്ന് രണ്ട് പ്രദേശത്ത് കല്ലേറുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: