സഹ്യപര്‍വത നിരകളിലെ അഗസ്ത്യാര്‍കൂടത്തോട് അനുബന്ധമായി സ്ഥിതി ചെയ്യുന്ന കൂനിച്ചി കൊണ്ട കെട്ടി മലനിരകളിലാണ് ദക്ഷിണേന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമായ വരമ്പതി കാളിമല ക്ഷേത്രം. ദ്രാവിഡ പൂജാരീതികള്‍ നിലനിന്നിരുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. വനപ്രദേശമായിരുന്ന ഇവിടെ, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വെച്ചാരാധയും, പൂജകളും നടന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. മലമുകളിലെ ഈ ദേവസ്ഥാനത്തിന്റെ പഴക്കമെത്രയെന്ന് പഴമക്കാര്‍ക്കു പോലുമറിയില്ല. ഐതിഹ്യത്തിലും ചരിത്രത്തിലും പരാമര്‍ശിക്കുന്ന കാളിമല, അഗസ്ത്യ മുനിയുടെ പാദസ്പര്ശത്താല്, പവിത്രമായി കരുതുന്നു. മലമുകളില്‍ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിക്ക് ശ്രീധര്‍മ്മശാസ്താവ് ദര്‍ശനം നല്‍കിയെന്നാണ് ഐതിഹ്യം. മുനിയുടെ തപശക്തിയാല്‍ മലമുകളില്‍ ഉറവ പൊട്ടിയുണ്ടായ തീര്‍ത്ഥം കൊടുംവേനലിലും വറ്റാതെ നിലകൊള്ളുന്നു. ഇതിലെ, ഔഷധ ഗുണമുള്ള ജലം രോഗശാന്തിക്കായി വീടുകളില്‍ സൂക്ഷിക്കാന്‍ ഭക്തജനങ്ങള്‍ കൊണ്ടുപോകാറുണ്ട്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ, പലായനകാലത്ത് നിബിഡവനമായിരുന്ന ശൂലംകുത്തി അപ്പില്‍ വനവാസികളായ കാണിക്കാരുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന കാലം. അവിടെ, വനവാസി ബാലന്റെ രൂപത്തിലെത്തിയ ധര്‍മ്മശാസ്താവ് ശത്രുക്കളെ തുരത്തി, മാര്‍ത്താണ്ഡവര്‍മയെ രക്ഷപ്പെടുത്തിയതായി പറയപ്പെടുന്നു. ധര്‍മ്മശാസ്താവിനോടുള്ള അത്യഗാധമായ ഭക്തിയാല്‍ രാജാവ് ക്ഷേത്രം ഉള്‍പ്പെടുന്ന 600 ഏക്കര്‍ വനഭൂമി കരമൊഴിവാക്കി നല്‍കുകയായിരുന്നു.
ചിത്രാപൗര്‍ണമിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തി അറുനൂറോളം അടി ഉയരത്തിലുള്ള കാളിമലയില്‍ പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് ചിത്രാപൗര്‍ണമി നാളില്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാനെത്തുന്നത്. ഈ മാസം 16 നാണ് കാളിലമയിലെ ചിത്രാപൗര്‍ണമി ആഘോഷം.
ഭദ്രകാളിയാണ് മുഖ്യ ദേവതയെങ്കിലും, ശാസ്താവ്, ശിവന്, നാഗയക്ഷി എന്നീ ദേവസാന്നിധ്യങ്ങള്ക്കും പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നു. വിശേഷ ദിവസങ്ങളില്‍ സ്ത്രീകളുള്‍പ്പെടെ ധാരാളമാളുകള്‍ ഇരുമുടിക്കെട്ടേന്തി മല ചവിട്ടി ധര്മ്മശാസ്താവിന് നെയ്യഭിഷേകം നടത്തുന്നു.’അന്നൂരി’ നെല്ലെന്ന ഒരുതരം അത്ഭുതനെല്ല് കാളിമലയില്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.
കേരള -തമിഴ്നാട് അതിര്‍ത്തിയില്‍ വിളവന്‍കോട് താലൂക്കിലെ കടയല്‍ പഞ്ചായത്തിലാണ് വരമ്പതി കാളിമല. തിരുവനന്തപുരം നഗരത്തില്‍ നിന്നും വെള്ളറട വഴി കാളിമലയിലെത്താം. പ്രകൃതി രമണീയമായ മലനിരകളും, വനഭൂമിയും തീര്‍ത്ഥാടനത്തിനൊപ്പം മനസ്സിനും കുളിര്‍മ്മയേകുന്നു. ഉദയാസ്തമയങ്ങള്‍ ദര്‍ശിക്കുന്നതിനും ആത്മീയാനുഭൂതിക്കുമായി പതിനായിരങ്ങളാണ് എല്ലാ വര്‍ഷവും മലകയറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: