മാഡ്രിഡ്: തിരിച്ചുവരവുകളുടെ മേളപ്പെരുക്കത്തില്‍ പ്രതാപികളായി റയല്‍ മാഡ്രിഡ്… പ്രതിരോധപ്പൂട്ടിന്റെ ബലത്തില്‍ അട്ടിമറിയുടെ ഇടിമുഴക്കവുമായി വിയ്യ റയല്‍… യൂറോപ്പിലെ ഫുട്ബോള്‍ സിംഹാസനത്തിലേക്കുള്ള യാത്രയില്‍ വന്‍ അഗ്നിപരീക്ഷകള്‍ അതിജീവിച്ച് സ്പാനിഷ് ടീമുകളുടെ മുന്നേറ്റം.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാര് ചെല്‍സിയെ മറകിടന്ന് റയല്‍ മാഡ്രിഡും (5-4) ജര്‍മന്‍ കരുത്തര്‍ ബയേണ്‍ മ്യൂണിക്കിനെ വീഴത്തി വിയ്യ റയലും (2-1) സെമിയില്‍.
ചില് ക്ലാസികൊഫുട്ബോളിന്റെ സമഗ്ര സൗന്ദര്യവും ആവേശവും നിറഞ്ഞുനിന്ന മത്സരത്തിലാണ് റയല്‍, ചെല്‍സിയെ വീഴ്ത്തിയത്. ചെല്‍സിയുടെ വന്‍ തിരിച്ചുവരവും റയലിന്റെ തിരിച്ചടിയും കണ്ട ക്ലാസിക് പോരാട്ടം 3-2ന് ഇംഗ്ലീഷ് ടീമിന് സ്വന്തമായെങ്കിലും ആദ്യ പാദത്തിലെ തോല്‍വി (3-1) റയലിനെ ആകെ 5-4 ജയത്തോടെ മുന്നോട്ടു നയിച്ചു.
ലണ്ടനിലെ മികച്ച ജയത്തിന്റെ പിന്‍ബലത്തില്‍ ബെര്‍ണാബുവിലെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ അനായാസം മുന്നേറാമെന്ന റയലിന്റെ പ്രതീക്ഷകളില്‍ ചെല്‍സി കനലായി. തുടക്കം മുതല്‍ ആക്രമിച്ച ഇംഗ്ലീഷ് ടീം റയലിനെ വെള്ളം കുടിപ്പിച്ചു. 15-ാം മിനിറ്റില്‍ മേസണ്‍ മൗണ്ടിലൂടെ നീലപ്പട മുന്നില്‍. തിമൊ വെര്‍ണര്‍ നല്കിയ പാസ് മൗണ്ട് അനായാസം വലയിലെത്തിച്ചു. 52-ാം മിനിറ്റില്‍ അന്റോണിയൊ റുഡിഗര്‍ ലീഡുയര്‍ത്തി. ഇതോടെ, ആകെ സ്കോര്‍ 3-3. 75-ാം മിനിറ്റില്‍ ബെര്‍ണാബു നിശബ്ദമായി. റയലിന്റെ നെഞ്ചുപിളര്‍ത്തി തിമൊ വെര്‍ണര്‍ മൂന്നാം ഗോള്‍ നേടിയതോടെ ചെല്‍സി ആകെ 4-3ന് മുന്നിലെത്തി.
ഇതോടെ, ഉണര്‍ന്ന റയല്‍ ആക്രമണം കടുപ്പിച്ചു. 80-ാം മിനിറ്റില്‍ റോഡ്രിഗൊയിലൂടെ റയല്‍ ഒരു ഗോള്‍ മടക്കി. ബോക്സിന് ഇടതു ഭാഗത്ത് നിന്ന് ലൂക്ക മോഡ്രിച്ച് ചിപ്പ് ചെയ്ത് നല്കിയ പാസ് വായുവില്‍ കറങ്ങിവന്ന് വീണത് റോഡ്രിഗൊയുടെ കാലിനു പാകത്തില്‍. ഒരു പിഴവുമില്ലാതെ റോഡ്രിഗൊ പന്ത് വലയിലെത്തിച്ചതോടെ, സ്കോര്‍ 3-1 ആയി. ആകെ സ്കോര്‍ 4-4. തുടര്‍ന്ന്, മത്സരം അധികസമയത്തേക്ക്.
ആദ്യപാദത്തില്‍ ചെല്‍സിക്കു മേല്‍ ഇടിത്തീയായി പെയ്തിറങ്ങിയ കരിം ബെന്‍സമ, ഇവിടെയും റയലിന്റെ രക്ഷകനായി. 97-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ നല്കിയ ക്രോസ് ബെന്‍സമ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചതോടെ റയല്‍ ആകെ സ്കോറില്‍ 5-4ന് മുന്നില്‍. ഈ മുന്‍തൂക്കം നിലനിര്‍ത്തിയ റയല്‍, 31-ാം സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.
മ്യൂണിക്കിലൊരു പൂട്ട്
ആദ്യ പാദത്തിലെ ഒരു ഗോള്‍ ജയം വെറുതെയല്ലെന്ന് വിയ്യ റയല്‍ തെളിയിച്ചു. മ്യൂണിക്കിലെ ബയേണിന്റെ അലയന്‍സ് അരീനയില്‍ അവരെ 1-1ന് കുരുക്കി ചരിത്രത്തിലെ രണ്ടാം സെമിയിലേക്ക് വിയ്യ കടന്നു. ആകെ 2-1ന്റെ ജയം.
ഒരു ഗോള്‍ മുന്‍തൂക്കം നിലനിര്‍ത്തുക ലക്ഷ്യമിട്ട് പ്രതിരോധപ്പൂട്ടൊരുക്കിയാണ് പരിശീലകന് ഉനയ് എമറി വിയ്യയെ കളത്തിലിറക്കിയത്. ആദ്യ പകുതിയില്‍ ഈ മുന്‍തൂക്കം അവര്‍ നിലനിര്‍ത്തി. രണ്ടാം പകുതിയില്‍ റോബര്‍ട്ടൊ ലെവന്‍ഡോവ്സ്കി പൂട്ടു തകര്‍ത്തു. തോമസ് മുള്ളറൊരുക്കിയ പാസില്‍ ലക്ഷ്യം കണ്ടതോടെ ബയേണ്‍ മുന്നില്‍. ആകെ സ്കോര്‍ 1-1.
സമനിലയിലേക്കെന്നു കരുതിയിടത്ത് സാമുവല്‍ ചുക് വ്യുസെ വിയ്യയുടെ സൂപ്പര്‍സ്റ്റാറായി. ജെറാര്‍ഡ് മൊറെനൊയുടെ പാസാണ് ഗോളിലേക്കു വഴിയൊരുക്കിയത്. കളിയവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കെയുള്ള സ്കോറിങ് ബയേണിന്റെ ചങ്ക് തകര്‍ത്തു.
പിന്നീട് കൂടുതല്‍ നഷ്ടങ്ങളുണ്ടാകാതെ വിയ്യ കാത്തു. 2005-06 സീസണിനു ശേഷം വിയ്യയുടെ ആദ്യ സെമി പ്രവേശനമാണിത്. മത്സരശേഷം ഡ്രസിങ് റൂമിലെ വിയ്യയുടെ ആഘോഷവും ശ്രദ്ധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: