ബെംഗളൂരു: ബെംഗളൂരുവിന്റെ പശ്ചാത്തലത്തില്‍ ചില നിറങ്ങള്‍ എന്ന പേരില്‍ രചിക്കപ്പെട്ട മലയാളിയുടെ ചെറുകഥാ പുസ്തകം ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കാസര്‍ഗോഡ് സ്വദേശിയും ബെംഗളൂരുവിലെ മീഡിയ ഫ്രീലാന്‍സറുമായ പ്രേംരാജ് കെ.കെയാണ് പത്തുകഥകള്‍ അടങ്ങിയ ചെറുകഥാ പുസ്തകം രചിച്ചിരിക്കുന്നത്.
വ്യത്യസ്ഥ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ഈ ചെറുകഥാ സമാഹാരം. തന്റെ ജീവിതത്തിലെ ചില അനുഭവങ്ങളും നഗരത്തിലെ ചില നിരീക്ഷണങ്ങളുമാണ് പ്രേംരാജ് പത്ത് കഥകളായി രചിച്ചിരിക്കുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യരുടെ മനസ്സിലേക്ക് വിവിധങ്ങളായ വര്‍ണങ്ങളായി സന്നിവേശിപ്പിക്കാന്‍ പ്രേംരാജിന് കഴിഞ്ഞിട്ടുണ്ട്. നഗരത്തിന്റെ കാണാക്കാഴ്ച്ചകളിലേക്കും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കും കേന്ദ്രീകരിക്കുന്ന കഥകള്‍ക്ക് മാനവികതയുടെ നീലാകാശം സൃഷ്ടിക്കാന്‍ കഴിയുന്നു.
ഒരു ജോഡി ചെരിപ്പും അഞ്ച് ജോഡി ഷൂസും, ചില നിറങ്ങള്‍, കത്തേഹാലു, ഗൃഹപ്രവേശം, ബാല്ക്കണിക്കഥകള്, ഇസ്പൈസി ഡാബ തുടങ്ങിയ കഥകളാണ് പുസ്തകത്തില്‍ ഉള്ളത്. തങ്ങളുടെ കുട്ടിക്കാലത്തെ അനുഭവങ്ങളും നമ്മുടെ വേണ്ടപ്പെട്ടവര്‍ അനുഭവിച്ച മറ്റുചില ജീവിത സാഹചര്യങ്ങളുമൊക്കെയാണ് ഇതിലെ കഥകളിലൂടെ കടന്നു പോകുന്നതെന്നാണ് വായനക്കാര്‍ തന്നെ ഭൂരിഭാഗവും പറയുന്നത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രേംരാജിന്റെ ചെറുകഥാ പുസ്തകത്തിന് അഭിനന്ദനം അറിയിച്ച് ദിനംപ്രതി രംഗത്തെത്തുന്നത്. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് കാസര്‍ഗോഡ് ചെറുവത്തൂര്‍ കുട്ടമത്ത് സകൂളിലെ ഹെഡ്മാസ്റ്റര് കെ.ജയചന്ദ്രനാണ്.
പ്രശസ്ത തിരക്കഥാകൃത്ത് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സിനിമാ താരങ്ങളായ ഉണ്ണീമുകുന്ദന്, റിയാസ്ഖാന്, വിജി തമ്പി, ജിഷ്ണു നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പുസ്തകം വാങ്ങി വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരുവിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ ചെറു സിനിമകളുടെ തിരക്കഥ, സംവിധാനം എന്നിവയ്ക്കൊപ്പം ഓണ്‍ലൈനില്‍ ചെറുകഥകള്‍ എഴുതാനുള്ള സമയം കൂടി കണ്ടെത്തുന്നുണ്ട് ഈ ചെറുപ്പക്കാരന്. കഴിഞ്ഞ 21 വര്‍ഷമായി ബെംഗളൂരുവില്‍ താമസിക്കുന്ന പ്രേംരാജ് പരേതരായ റിട്ട. അധ്യാപകന് മാധവന് നായരുടേയും സരസ്വതി അമ്മയുടേയും മകനാണ്. ഭാര്യ: പ്രീതി. 100 രൂപ വില വരുന്ന തന്റെ ഈ ചെറുകഥാ പുസ്തകം ഫഌപ്പ്കാര്‍ട്ടിലൂടെയും ബുക്ക് ചെയ്യുവാന്‍ സാധിക്കുമെന്ന് പ്രേംരാജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: