ഇസ്ലാമാബാദ്: പാകിസ്താനില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ആറ് പ്രധാന സഹായികള്‍ രാജ്യം വിടുന്നത് വിലക്കി. ഞായറാഴ്ചയാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) ആറുപേരുടെ പേരുകള്‍ ‘സ്റ്റോപ്പ് ലിസ്റ്റില്‍’ പെടുത്തിയത്. ഇതോടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇവര്‍ക്കിനി രാജ്യം വിടാനാകില്ല.
പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അസം ഖാന്, രാഷ്ട്രീയ ആശയവിനിമയത്തിലെ മുന്‍ പ്രത്യേക സഹായി ഷഹബാസ് ഗില്‍, ആഭ്യന്തരവും ഉത്തരവാദിത്തവും സംബന്ധിച്ച മുന്‍ ഉപദേഷ്ടാവ് ഷഹ്സാദ് അക്ബര്‍, ഗോഹര്‍ നഫീസ്, ഡയറക്ടര്‍ ജനറല്‍ ആന്റി കറപ്ഷന്‍ പഞ്ചാബ് സോണ്‍, മുഹമ്മദ് റിസ്വാന്, ഡിജി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പഞ്ചാബ് സോണ്‍, പിടിഐയുടെ സോഷ്യല്‍ മീഡിയ മേധാവി ഡോ. അര്സലന് ഖാലിദ് എന്നിവരാണ് ലിസ്റ്റില്‍ ഉല്‍പ്പെട്ടവര്‍.
എക്സിറ്റ് കണ്ട്രോള് ലിസ്റ്റില്‍ (ഇസിഎല്‍) ഒരാളുടെ പേര് ഉള്‍പ്പെടുത്താന്‍ വളരെ സമയമെടുക്കുന്നതിനാല്‍, ആളുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നത് തടയാന്‍ 2003ല്‍ സ്റ്റോപ്പ് ലിസ്റ്റുകളുടെ സംവിധാനം അവതരിപ്പിച്ചത്. ഇസിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാജ്യം വിടുന്നത് നിരോധിച്ചിരിന്നു.
അതിനിടെ, ഇമ്രാന് ഖാന്, മുന്‍ മന്ത്രിമാരായ ഷാ മഹ്മൂദ് ഖുറേഷി, ഫവാദ് ചൗധരി, ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവരെ എക്സിറ്റ് കണ്ട്രോള് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: