നാലാംതൂണുകാര്ക്ക് കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് പിടികിട്ടില്ലെന്ന് പറയാറുണ്ട്. നാട്ടിന്‍പുറത്തെ പണ്ടത്തെ വാര്‍ത്താവിതരണക്കാരുടെ ന്യൂജന്‍ വഹയാണ് ഇന്നത്തെ നാലാംതൂണ് സംഘമെങ്കിലും സ്വത്വാധിഷ്ഠിത ദാര്‍ഢ്യം അത്രയ്ക്കങ്ങ് പോര. അതിനാല്‍ തന്നെ വാസ്തവത്തിനും വസ്തുതയ്ക്കും ഇടയില്‍ കിടന്ന് ഒരു തരം ഓട്ടപ്പാച്ചിലിലാണ് അവര്‍. വല്ല വസ്തുതയും പറഞ്ഞുപോയാല്‍ പിന്നെ ചങ്കിടിപ്പായി. കോമ്പന്‍സേറ്റ് ചെയ്തേ അടങ്ങൂ. ഇക്കാര്യം അറിയാവുന്നവര്‍ അതിന് കണക്കായ ആയുധവുമായി രംഗത്തുവരും. അത്തരമൊരു മൊഴിപ്പയറ്റ്(പയറ്റ് എന്ന് പൂര്‍ണാര്‍ത്ഥത്തില്‍ പറഞ്ഞുകൂട. ഒറ്റ വരി ഗതാഗതം പോലെ ആയിരുന്നു) പഴയ സാമൂതിരിയുടെ തട്ടകത്തിലുണ്ടായി. കാരണഭൂതന് നിറഞ്ഞാടിയെന്നാണ് പാണന്മാരുടെ വായ്ത്താരി.
ഒരു കാര്യം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കാരണഭൂതന് നടപ്പാക്കിയിരിക്കും. അതില്‍ സംശയമില്ല. ആര്‍ക്കെങ്കിലും അമ്മാതിരി സംശയങ്ങളുണ്ടെങ്കില്‍ ഭൂതകാലത്തിലേക്കൊരു ഫഌഷ് അടിച്ചാല്‍ മതി. നാട്ടുകാരുടെ നല്ല കാലം മാത്രമേ ടിയാന് ലക്ഷ്യമുള്ളൂ. അതിനായി ഏതു മാര്‍ഗവും സ്വീകരിക്കാമെന്ന് താത്വികാചാര്യന്‍ വളരെ മുമ്പെ പറഞ്ഞു വച്ചിട്ടുണ്ട്. ഇത് വായിക്കാത്ത, അതിനെക്കുറിച്ച് മനസിലാക്കാത്തവരാണ് വെറുതെ ഇളകിയാടുന്നത്. അവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്.
കഥ പറഞ്ഞു കൊടുക്കേണ്ട ടിയാന്മാരാണെങ്കില് മറ്റു പണിയാണ് ചെയ്യുന്നതെന്ന് കാരണഭൂതന് കൃത്യമായി അറിഞ്ഞിട്ടുണ്ട്. നാലാം തൂണ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്, അതായത് മാധ്യമക്കാരാണ് ഇക്കാര്യത്തില്‍ ശ്രദ്ധവയ്ക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അവര്‍ മറ്റു ചില പ്രശ്നങ്ങളിലാണ് പ്രസ്സു ചെയ്യുന്നത്. ഇത് അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന് തലൈവര്‍ കട്ടായം പറയുന്നു. കോഴിക്കോട്ടെ നാലാം തൂണ് ഓഫീസിന്റെ സുവര്‍ണ ജൂബിലി ആഘോഷവേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു കാരണഭൂതന് ഇളകിയാടിയത്.
നാലാംതൂണുകാര്‍ വല്ലാത്തൊരു പ്രതിസന്ധിയിലായ കാലമാണ്. ജനാധിപത്യക്രമത്തില്‍ ഏതുപക്ഷത്ത് നിലയുറപ്പിക്കണമെന്ന സംശയമാണ് അവര്‍ക്ക്. നേരത്തെ അങ്ങനെയുണ്ടായിരുന്നില്ല. നേര് പറഞ്ഞാല്‍ മതിയായിരുന്നു. നേരത്തെ പറയുന്ന നേര് നെറികേടാവുമ്പോള്‍ അതും പറയാമായിരുന്നു. നേരത്തെ കണ്ടെത്തിയ പല നേരും പിന്നീട് നെറികേടാകാവുന്ന സ്ഥിതിയാണല്ലോ. എന്നാല്‍ അതൊക്കെ മാറി. ജനപക്ഷത്തോ ഭരണപക്ഷത്തോ എന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കുത്തിയാല്‍ കാര്യം കഴിഞ്ഞു. ഭരണപക്ഷത്തു നില്‍ക്കുകയെന്ന സുഖദമായ സ്ഥിതിയാണിപ്പോഴത്തേത്. പ്രോത്സാഹജനകമായ അന്തരീക്ഷം കിട്ടുമ്പോള്‍ കഠിനവഴി താണ്ടാന്‍ ആരിഷ്ടപ്പെടും?
ഒരു തരത്തില്‍ പറഞ്ഞാല്‍ കടലിനും കടലാടിയ്ക്കും ഇടയ്ക്കുള്ള ഞാണിന്മേല് കളിയായി നാലാം തൂണിന്റെ പ്രവര്‍ത്തനം മുക്കി മുടന്തി നീങ്ങുമ്പോഴാണ് കാരണഭൂതന്റെ കത്തിയേറ് ഉണ്ടായിരിക്കുന്നത്. ഏറിന്റെ ലക്ഷ്യം വ്യക്തമാണ്. കണ്ണീര് കാഴ്ചകള്‍ ഒപ്പിയെടുത്തും വിശകലനിച്ചും മുന്നോട്ടു പോവണ്ട! ‘വികസന വിരുദ്ധരുടെ ഉച്ചഭാഷിണി ആകരുത് മാധ്യമങ്ങള്‍’ എന്നാണ് കാരണഭൂതന്റെ ഭീഷണി. കേരളത്തിന്റെ ഹൃദയം മുറിച്ചു പോകുന്ന കെ റെയില്‍ എന്ന അസുര പദ്ധതിയെ പാടിപ്പുകഴ്ത്തണമെന്നാണ് ഉള്ളിലൂടെ പറയുന്നത്. കാരണഭൂതന് പറയുന്നത് കുറച്ചുകൂടി കേള്‍ക്കുക: ‘സ്ഥാപിത താത്പര്യക്കാര്‍ക്ക് ഇടം നല്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ മാറാന്‍ പാടില്ല. സമീപ കാലത്ത് സമരങ്ങളെക്കുറിച്ചു നല്ല രീതിയില്‍ വാര്‍ത്തകള്‍ കൊടുക്കുന്നതു കാണാറുണ്ട്. ചില കാര്യങ്ങള്‍ വല്ലാതെ ഊതിപ്പെരുപ്പിക്കുകയാണ്.
സെക്രട്ടേറിയറ്റില്‍ ചെറിയൊരു അഗ്നിബാധയുണ്ടായപ്പോള്‍, അനേകം ഫയലുകള്‍ നശിപ്പിക്കാനുള്ള പദ്ധതിയാണെന്ന നിറം പിടിപ്പിച്ച കഥകള്‍ പടച്ചുവിട്ടു. ഇപ്പറഞ്ഞ വിഷയത്തില്‍ ഏതെങ്കിലും ഫയല്‍ കത്തിയോ എന്നു മാധ്യമങ്ങള്‍ വ്യക്തമാക്കിയില്ല. നാടിന്റെ പൊതുവായ വികസനത്തിന്റെ ആവശ്യകതയ്ക്കു മുന്പില് വ്യക്തി താത്പര്യങ്ങള്‍ക്കു രണ്ടാം സ്ഥാനമേയുള്ളൂ എന്നു ബോധവത്കരിക്കേണ്ടതു മാധ്യമങ്ങളാണ് ..’ എന്നിങ്ങനെ പോവുന്നു കാരണഭൂതന്റെ സുവര്‍ണ മൊഴികള്‍.
കെ റെയില്‍ എന്ന സര്‍ക്കാരിന്റെ ദുശ്ശാഠ്യപദ്ധതിക്കു മേല്‍ നിരാലംബരുടെ കണ്ണീര്‍പ്പെയ്ത്ത് ഒരുവിധം സമഗ്രതയോടെ മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഇതിനു വ്യാപകമായ സ്വീകാര്യതയും സര്‍ക്കാരിന്റെ പൊള്ളത്തരം പുറത്തായതും കാരണഭൂത ശിങ്കിടികളെ ഒട്ടൊന്നുമല്ല വലച്ചത്. അതിന്റെ കലിപ്പ് മുഴുവന്‍ എവിടെയെങ്കിലും കോരിയൊഴിച്ചില്ലെങ്കില് തടികേടാവുമെന്ന സ്ഥിതി വന്നപ്പോഴാണീ മാധ്യമവേദി കിട്ടിയത്.
ഞാന്‍ പറയും നിങ്ങള്‍ എഴുതും അവര്‍ വായിക്കും ശൈലിയാണ് കാരണഭൂതന്റേത്. അതിനപ്പുറം ഉള്ളതെന്തും അപഥ്യമാണ്. അതിന് മാധ്യമക്കാര് അരുനില്ക്കരുതെന്ന് മാധ്യമക്കാരുടെ വേദിയില്‍ വന്നു പറയുമ്പോള്‍ അതിന് മാനങ്ങള്‍ പലതാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഇങ്ങനെ: ‘ഞങ്ങള്‍ക്കനുകൂലമായി നിന്നില്ലെങ്കില്‍ പ്രത്യാഘാതം വിവരണാതീതമാകും. കൂടെ നിന്നോളൂ എന്തും കൂടിയത് തരാം’ എന്നു തന്നെ.
വികസനം സാധാരണ മനുഷ്യനാണെങ്കില്‍ അതിന് കൈമെയ് മറന്നുള്ള പിന്തുണയാവുമെന്നതിന് സംശയമില്ല. ഗൂഢനീക്കവുമായി രഹസ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അന്നം തിന്നുന്നവര്‍ മിണ്ടാതിരിക്കണമെന്നാണെങ്കില്‍ അത് വെറും പൂതി മാത്രമാവും ഒടയോരെ എന്നാവും മഹാഭൂരിപക്ഷവും പറയുക. അവര്‍ക്കൊപ്പം നാലാംതൂണില്‍ ബഹുഭൂരിപക്ഷവും ഉണ്ടാവും.
അതില്ലാതാക്കാന്‍ മാത്രം അടിയന്തരാവസ്ഥയൊന്നും പ്രഖ്യാപിച്ചിട്ടില്ലല്ലോ സര്. അഥവാ കാരണഭൂതന് അതിനും തയാറായാണോ ഇരിപ്പ്. പാര്‍ട്ടി കോണ്‍ഗ്രസ്സിന് കവറേജ് കൂട്ടി കെ റെയില്‍ പ്രക്ഷോഭത്തെ ഡൈല്യൂട്ട് ചെയ്തോട്ടെ എന്നു കരുതിയായിരിക്കുമോ എടുത്തുചാട്ടം? ശ്ശെ, കാരണഭൂതനെ അങ്ങനെ സംശയിക്കേണ്ട ല്യോ?
*നേര്‍മുറി*
രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദര്‍ശന മേള നടക്കും: വാര്‍ത്ത
അതിനുശേഷം ‘എന്റെ അക്കൗണ്ട് ‘ നാടകം
പ്രതികരിക്കാൻ ഇവിടെ എഴുതുക: