മാഡ്രിഡ്: സ്പെയ്നിലെ മാഡ്രിഡും ജര്‍മനിയിലെ മ്യൂണിച്ചും നാളെ രാത്രി ഫുട്ബോളിലെ കണ്ണും കാതുമാകും. ഇവിടെ യുറോപ്യന്‍ ഫുട്ബോളിലെ എതെങ്കിലുമൊരു കരുത്തരുടെ കണ്ണുനീര് വീഴും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഡ്രിഡിലെ സാന്റിയാഗൊ ബെര്‍ണാബുവില്‍ റയല്‍ മാഡ്രിഡ് നിലവിലെ ജേതാക്കള്‍ ചെല്‍സിയെ നേരിടുമ്പോള്‍, മ്യൂണിച്ചിലെ അലയന്‍സ് അരീനയില്‍ ബയേണ്‍ മ്യൂണിച്ചിന് സ്പാനിഷ് ടീം വിയ്യ റയല്‍ എതിരാളികള്‍. നാളെ രാത്രി 12.30നാണ് മത്സരങ്ങള്‍.
ആദ്യ പാദത്തില്‍ ചെല്‍സിയെ അവരുടെ തട്ടകത്തില്‍ 3-1ന് കീഴടക്കിയ റയലിന് ബെര്‍ണാബുവില്‍ വ്യക്തമായ മുന്‍തൂക്കം. ചാമ്പ്യന്‍സ് ലീഗില്‍ എന്നും കരുത്തുകാട്ടുന്ന റയലാകട്ടെ നിലവില്‍ മിന്നും ഫോമില്‍. കരീം ബെന്‍സമയെന്ന ഫ്രഞ്ച് മുന്നേറ്റനിരക്കാരന് ഗോളടിച്ചു കൂട്ടുന്നത് റയലിന്റെ ശക്തി. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ കളിയില്‍ ഗെറ്റാഫെയെ കീഴടക്കിയെത്തുന്ന റയലിന് വലിയ തോല്‍വി ഒഴിവാക്കാനായാല്‍ സെമി ഉറപ്പിക്കാം. ചെല്സിക്കാകട്ടെ മൂന്നു ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ മാത്രം മുന്നേറാം. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ കൡയില്‍ സതാംപ്ടണിനെ എതിരില്ലാത്ത ആറു ഗോളിന് കീഴടക്കിയത് ചെല്‍സിക്ക് ആത്മവിശ്വാസം പകരും.
തട്ടകത്തില്‍ വിയ്യ റയലിനെ ബയേണ്‍ നേരിടുന്നത് ചങ്കിടിപ്പോടെ. എവേ മത്സരത്തില്‍ ഒരു ഗോളിന് തോറ്റെത്തുന്ന അവര്‍ക്ക് വിയ്യ റയലിന്റെ പ്രതിരോധപ്പൂട്ട് തിരിച്ചടി. ഒരു സമനില പോലും വിയ്യ റയലിന് ചരിത്രമാകും. അതേസമയം, സ്പാനിഷ് ലീഗില്‍ അത്ലറ്റിക് ക്ലബ്ബിനോട് സമനിലയില്‍ കുരുങ്ങിയത് അവര്‍ക്ക് ആശങ്ക സമ്മാനിക്കുന്നു. ജര്‍മന്‍ ലീഗില്‍ അഗസ്ബര്‍ഗിനെ തോല്‍പ്പിച്ചാണ് ബയേണ്‍ എത്തുന്നതെങ്കിലും ഗോളടിക്കാന്‍ 82-ാം മിനിറ്റ് വരെ സൂപ്പര്‍ താരം റോബര്‍ട്ടൊ ലെവന്‍ഡോവ്സ്ക്കിയുടെ ബൂട്ടുകള്‍ക്കായി കാത്തിരിക്കേണ്ടിവന്നു. രണ്ട് ഗോളിനെങ്കിലും ജയിച്ചാലെ ബയേണിന് മുന്നേറാനാകു. ലെവന്‍ഡോവ്സ്കിയില്‍ തന്നെയാകും മ്യൂണിച്ച് ടീമിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: