രാഷ്ട്രീയത്തിന് അതീതമായി നേതാക്കള്‍ തമ്മിലുള്ള വ്യക്തി ബന്ധം കൊണ്ട് ലോകത്തിലെ നീറുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളുടെ പോലും കാതല്‍ അതിരുകളില്ലാത്ത ഇത്തരം സൗഹൃദങ്ങളാണ്. റഷ്യ – ഉക്രൈന് അടക്കം പല യുദ്ധ മുഖങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി ബന്ധം എങ്ങനെ സഹായകരമായി എന്ന കാര്യം നമ്മുടെ മുന്നിലുണ്ട്. അസാമും മേഘാലയയും തമ്മിലുണ്ടായിരുന്ന അര നൂറ്റാണ്ട് പഴക്കമുള്ള അതിര്‍ത്തി തര്‍ക്കം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മധ്യസ്ഥതയില്‍ പരിഹരിക്കപ്പെട്ടിട്ട് ഒരു മാസമേ ആയുള്ളൂ.
പിണറായി വിജയനും എം.കെ സ്റ്റാലിനും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് ഉള്ളതെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ പ്രകടനത്തില്‍ നിന്ന് മനസിലായി. ഒരു തരം അണ്ണന് തമ്പി ബന്ധം. ഭരണത്തില്‍ പിണറായി മാതൃക ആണെന്ന് വരെ സ്റ്റാലിന് പറഞ്ഞു വെച്ചു. ഈ ബന്ധം ഡിഎംകെയുടെ കയ്യില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങുന്നതില്‍ മാത്രമായി ഒതുക്കരുതെന്നാണ് പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
സ്റ്റാലിനുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് മുല്ലപ്പെരിയാര്‍ വിഷയം ശാശ്വതമായി പരിഹരിക്കണം. കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനാണ് നിങ്ങളുടെ കൈകളിലുള്ളത്. ഈ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചാല്‍ അത് ചരിത്ര സംഭവമാകും. അല്ലായെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പോലെ ഈ പ്രകടനവും വെറും പ്രഹസനമായി മാറും. നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാനുള്ള അവസരമായി മുഖ്യമന്ത്രി ഇതിനെ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സന്ദീപ് വാചസ്പതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: