ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രത്തിലെ എയര്‍ സ്ട്രിപ്പില്‍ നടത്തിയ ട്രയല്‍ റണ്ണില്‍ വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല. സുരക്ഷാ കാരണങ്ങളാലാണ് എട്ടുതവണശ്രമിച്ചിട്ടും ലാന്‍ഡിങ് നടക്കാതിരുന്നത്. റണ്‍വേയുടെ നീളക്കുറവും സമീപത്തുള്ള മണ് തിട്ടയുമാണ് വിമാനം ഇറക്കുന്നതിന് തടസ്സം.
2017ല്‍ സത്രത്തില്‍ നിര്‍മ്മാണം ആരംഭിച്ച എന്‍സിസി എയര്‍ സ്ട്രിപ്പിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. ട്രയല്‍ റണ്ണിനായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ടവൈറസ്എസ്ഡബ്ലുവിമാനം 10.35ഓടെ എയര്‍സ്ട്രിപ്പിന് മുകളിലൂടെ വലയം വച്ചു, എട്ട് തവണ ലാന്‍ഡ് ചെയ്യാനായി ശ്രമം നടത്തി. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല.സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് ശ്രമം പരാജയപ്പെട്ടതെന്ന് എന്‍സിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ട്രയല്‍ റണ്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആയിരിക്കും അടുത്ത ട്രെയല്‍ റണ്ണിനുള്ള തീയതി തീരുമാനിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. വര്‍ഷം തോറും 1000 എന്‍സിസി എയര്‍ വിങ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കാനാണ് സത്രത്തില്‍ എയര്‍ സട്രിപ്പ് നിര്‍മ്മിക്കുന്നത്. റണ്‍വേയുടെ നീളം നിലവില്‍ 650 മീറ്ററാണ്. ഇത് 1000 മീറ്ററായി ഉയര്‍ത്തണമെന്ന് എന്‍സിസി ആവശ്യപ്പെട്ടിരുന്നു. ഇതിന് വനംവകുപ്പില്‍ നിന്ന് കൂടുതല്‍ ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതേ സമയം വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി ലഭിക്കാതെ നടത്തുന്ന ഈ നിര്‍മ്മാണം തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന് പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തിന് സമീപം നടക്കുന്ന ഈ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി സ്വീകരിക്കണം. സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് വിമാനം ഇറക്കാനാകില്ലെന്ന് നേരത്തെ തിരിച്ചറിയാന്‍ സാധിക്കാത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വലിയ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: