ന്യൂദല്‍ഹി: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയം ഇന്ന് ചെങ്കോട്ടയിലെ പ്രസിദ്ധമായ ഓഗസ്റ്റ് 15 മൈതാനത്ത് യോഗ ഉത്സവം സംഘടിപ്പിച്ചു. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ (ഐഡിവൈ) 75 ദിവസത്തെ കൗണ്ട്ഡൗണിനും പരിപാടി തുടക്കമിട്ടു. ചടങ്ങില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള മുഖ്യാതിഥിയായി പങ്കെടുത്തു.
പൊതുവായ യോഗ രീതികളുടെ (Common Yoga Protocol – CYP) പ്രദര്‍ശനത്തിനായി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, യോഗ ഗുരുക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
75 പൈതൃക കേന്ദ്രങ്ങളില്‍ യോഗാ പ്രകടനം നടത്താന്‍ മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. കൂടാതെ അന്താരാഷ്ട്ര യോഗ ദിന പരിപാടികള്‍ ലോകമെമ്പാടും എത്തിക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഒരു സൂര്യന്, ഒരു ഭൂമി’ എന്ന പ്രചാരണ പരിപാടിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 3000ലധികം യോഗ സാധകര്‍ പൊതുവായ യോഗ രീതികളുടെ പ്രദര്‍ശനം നടത്തി. ആയുഷ് മന്ത്രാലയത്തിന്റെയും യോഗ സ്ഥാപനങ്ങളുടെയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പരിപാടി സ്ട്രീം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: