കൊട്ടാരക്കര: നമ്മുടെ പൂര്‍വികരായ ധീരദേശാഭിമാനികളുടെ ത്യാഗം പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കണമെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്. കുണ്ടറയില്‍ വീര വേലുത്തമ്പി ദളവ സ്മൃതിയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക, വിദ്യാഭ്യാസ മേഖലകള്‍ പലപ്പോഴും സ്വാതന്ത്ര്യത്തിനായി ജീവിതം സമര്‍പ്പിച്ചവരെ തമസ്ക്കരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. കേളപ്പന്, പഴശ്ശിരാജ, വേലുത്തമ്പി ദളവ എന്നീ ധീര ദേശാഭിമാനികളെക്കുറിച്ചുള്ള വ്യക്തമായ അവബോധം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം. നമ്മുടെ സംസ്കൃതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് പുതു തലമുറ മുന്നോട്ടു പോകുന്നത്. പിന്നീടുണ്ടായ രാഷ്ട്രീയസമൂഹം ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിലും ദേശീയ പ്രസ്ഥാനങ്ങളിലും പങ്കില്ലാത്ത പലതും കൂട്ടിച്ചേര്‍ക്കാനും അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി പലരേയും മഹത്വവല്‍ക്കരിക്കാനുമാണ് ശ്രമിച്ചത്. പഴശ്ശിരാജയെപ്പോലുള്ള ദേശാഭിമാനികള്‍ക്ക് ബ്രിട്ടീഷുകാര്‍ നല്കിയ ബഹുമാനം പോലും ഭരണകര്‍ത്താക്കളില്‍ നിന്നും ഉണ്ടായിട്ടില്ല.
കുണ്ടറ ഗുരുദേവ ആഡിറ്റോറിയത്തില്‍ നടന്ന പൊതുപരിപാടിയില്‍ അമൃതോത്സവം വര്‍ക്കിങ് പ്രസിഡന്റ് ഗിരീഷ് ബാബു അധ്യക്ഷനായി. സംഘാടക സമിതി സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് കേണല്‍ ഡിന്നി ആശംസാ പ്രസംഗം നടത്തി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. കൃഷ്ണന് കുട്ടി, ആര്‍എസ്എസ് തിരുവനന്തപുരം സംഭാഗ് കാര്യവാഹ് വി. മുരളീധരന്, സംഘാടക സമിതി കൊല്ലം ജില്ലാ കാര്യദര്‍ശി എസ്. രാജേഷ്, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, അമൃതോത്സവം ജില്ലാ സംയോജക് ആര്. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
കുണ്ടറയില്‍ നിന്ന് ആരംഭിച്ച് മുളവന, ചിറ്റുമല, പുന്നമൂട്, ഭരണിക്കാവ്, ശാസ്താംനട, ഏഴാംമൈല്‍, കടമ്പനാട്, മാഞ്ഞാലി സ്ഥലങ്ങളില്‍ നല്കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് മണ്ണടിയില്‍ എത്തിച്ചേര്‍ന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് സ്മൃതിയാത്രയ്ക്കൊപ്പം ഉണ്ടായിരുന്നത്. യാത്ര പിന്നിട്ട വഴികളില്‍ വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെയുള്ള ഭാരതാംബയ്ക്ക് വിജയഭേരി മുഴക്കിയാണ് യാത്രയെ സ്വീകരിച്ചത്.
ഇന്ന് രാവിലെ ആരംഭിച്ച യാത്രയ്ക്ക് കലയപുരം, മൈലം, കൊട്ടാരക്കര (പൊതുപരിപാടി), വാളകം, ആയൂര്‍, ചടയമംഗലം, കിൡമാനൂര് (പൊതുപരിപാടി), വെഞ്ഞാറംമൂട്, വെമ്പായം, വട്ടപ്പാറ, മണ്ണന്തല സ്വീകരണങ്ങള്‍ക്കു ശേഷം കണ്ണമൂലയിലെ പൊതുപരിപാടിയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: