പാര്‍ട്ടി സമ്മേളനം സില്‍വര്‍ലൈന്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ചര്‍ച്ച ചെയ്തിട്ടും വലിയ കാര്യമില്ലെന്ന തിരിച്ചറിവാണതിന് കാരണമെന്ന് തീര്‍ച്ച. ഇതിനിടയില്‍ വീടുകളിലും തോടുകളിലും പറമ്പത്തും പാടത്തുമെല്ലാമായി നാട്ടിക്കൊണ്ടിരിക്കുന്ന മഞ്ഞക്കല്ലിടലും നിര്‍ത്തിയിരിക്കുന്നു. പാര്‍ട്ടി സമ്മേളനം തകൃതിയായി നടക്കുമ്പോള്‍ അതിനിടയില്‍ കല്ലിടല്‍ തുടര്‍ന്നാലുള്ള അക്കിടിയാണ് അതിന് കാരണമെന്നും വ്യക്തം.
കല്ലിട്ടാലും ഇല്ലെങ്കിലും വല്ലാത്തൊരു പൊല്ലാപ്പിലാണ് പാര്‍ട്ടി ചെന്നുപെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയാണത്രെ കല്ലിടല്‍. അതെങ്ങാനും ഉപേക്ഷിക്കേണ്ടിവന്നാല്‍ എന്താകും കൈരളിയുടെ കാര്യം എന്നോര്‍ക്കുമ്പോഴാണ് അയ്യോ കഷ്ടം എന്ന് തോന്നിപ്പോകുന്നത്. സില്‍വര്‍ ലൈനിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് ഒരു പരിപാടി സംഘടിപ്പിച്ചു. കഴക്കൂട്ടം മണ്ഡലത്തില്‍. ഇതേ മണ്ഡലത്തില്‍ സ്ഥലം എംഎല്‍എ വി.കെ. പ്രശാന്തും ഒരു സമ്പര്‍ക്ക യജ്ഞം നിശ്ചയിച്ചതാണ്. കാലാവസ്ഥ പ്രതികൂലമാണെന്നറിഞ്ഞ് അദ്ദഹമതങ്ങ് ഉപേക്ഷിച്ചു. പക്ഷേ വി. മുരളീധരന് നിശ്ചയിച്ച പരിപാടിയുമായി മുന്നോട്ടുപോയി.
ഇതിനിടയില്‍ ഒരു വായമുറിഞ്ഞ കോടാലി പ്രയോഗം വി. മുരളീധരനെതിരെ നടന്നു. മന്ത്രി ശിവന്‍കുട്ടി വകയാണത്. വിദ്യാലയങ്ങളില്‍ പേനയ്ക്കു പകരം പേനാക്കത്തി എത്തിച്ച ഈ മാന്യന്റെ നീക്കങ്ങള്‍ പലതും ദൂരൂഹമെന്ന ഖ്യാതിയുണ്ട്. ചെറുവയ്ക്കല്‍ ഗംഗാധരന് നായര്‍ സംഭവം അതിന്റെ ഭാഗമാണെന്നത് പണ്ടേ പറഞ്ഞുകേട്ടതാണ്. അദ്ദേഹത്തിന്റെ വക ഇങ്ങന: ‘കേന്ദ്രമന്ത്രി വരുമ്പോള്‍ വാഹനം, താമസം എന്നിവ നോക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ സൗജന്യം പറ്റി വേണ്ടാതീനം കാണിക്കരുത്.’ അതിനുപുറമെ വി. മുരളീധരന് വീടുകളിലെത്തുമ്പോള്‍ സില്‍വര്‍ലൈനിന് തങ്ങള്‍ അനുകൂലമാണെന്ന് പറയണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി പ്രചാരണം നടത്തി. എന്നാല്‍ വാഗ്ദാനങ്ങളുമായെത്തിയ സിപിഎം പ്രവര്‍ത്തകരെ ജനങ്ങള്‍ രോഷത്തോടെയാണ് നേരിട്ടത്.
കൗണ്‍സിലര്‍ എല്‍.എസ്. കവിതയുടെ വീട്ടില്‍ കേന്ദ്രമന്ത്രിയെത്തിയപ്പോള്‍ സില്‍വര്‍ ലൈനിനുവേണ്ടി വീടും വസ്തുവും വിട്ടുനല്‍കാന്‍ തയ്യാറെന്നായിരുന്നു കൗണ്‍സിലറുടെ അച്ഛനും അമ്മയും പറഞ്ഞത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് പിണറായി വിജയന് ജയ് വിളിക്കാനും അവര്‍ തയ്യാറായി. കൗണ്‍സിലറുടെ വീട്ടില്‍ നിന്ന് ഇത്തരത്തില്‍ ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നുവെന്നും എല്ലാവരുടെയും അഭിപ്രായം ആരായാനാണ് യാത്രയെന്നും വി. മുരളീധരന് പ്രതികരിച്ചു. സിപിഎം കൗണ്‍സിലറുടെ വീടാണെന്ന് പ്രവര്‍ത്തകര്‍ മന്ത്രിയെ അറിയിച്ചപ്പോള്‍ അവര്‍ക്ക് പറയാനുള്ളതും ജനം അറിയട്ടെയെന്ന് പറഞ്ഞായിരുന്നു മന്ത്രി കൗണ്‍സിലറുടെ വീട്ടിലെത്തിയത്. ജനവികാരത്തിനെതിരെ കൗണ്‍സിലറുടെ കുടുംബത്തിലുണ്ടായ പ്രതികരണം ജനങ്ങളില്‍ കടുത്ത രോഷമാണുണ്ടാക്കിയിരിക്കുന്നത്. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം കൗണ്‍സിലര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
സില്‍വര്‍ലൈനിന്റെ പേരില്‍ സര്‍വെ കല്ലുകള്‍ നാട്ടി കുടിയിറക്കല്‍ ഭീഷണി നേരിടുന്നവരുടെ വീടുകളിലെത്തി കേന്ദ്രമന്ത്രി വി. മുരളീധരന് നടത്തിയ പ്രതിരോധയാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. തലമുറകളായി ജീവിച്ചുപോരുന്ന മണ്ണില്‍ നിന്ന് കുടിയിറക്കപ്പെടുമെന്നുള്ള ആശങ്കയും രോഗികളും വൃദ്ധരുമായവരുടെ ആവലാതികളുമായിട്ടാണ് ആബാലവൃദ്ധം ജനങ്ങള്‍ മന്ത്രിയുടെ മുന്നില്‍ പ്രാരാബ്ധങ്ങള്‍ നിരത്തിയത്. തലമുറകളായി ഇടതുപക്ഷ സഹയാത്രികരും സജീവപ്രവര്ത്തകരുമായിരുന്ന നിരവധി ആള്‍ക്കാരാണ് നിറകണ്ണുകളോടെ തങ്ങളെ കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് രക്ഷിക്കണമെന്ന് കേന്ദ്രമന്ത്രിയോട് അപേക്ഷിച്ചത്. വോട്ടുവാങ്ങിപ്പോകുന്നതല്ലാതെ ആരും തങ്ങളെ തിരിഞ്ഞുനോക്കാറില്ലെന്നും കേന്ദ്രമന്ത്രി നേരിട്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും മുരുക്കുംപുഴ ‘സുബഹ്’ ല്‍ എണ്പത്തിരണ്ടുവയസുള്ള ഷാഹുദീനും ഭാര്യ എഴുപത്തിരണ്ടുവയസുള്ള ലൈലാബീവിയും പറഞ്ഞു. ആറുവര്‍ഷം മുന്‍പ് ഭര്‍ത്താവും ആറുമാസം മുന്‍പ് കൊവിഡ് ബാധിച്ചു മകനും മരിച്ച സീനത്ത് ബീവി അവരുടെ ഓര്‍മകളുറങ്ങുന്ന മണ്ണില്‍ മരണംവരെ കഴിയാന്‍ തന്നെ അനുവദിക്കണമെന്നാണ് കണ്ണീര്‍വാര്‍ത്തുകൊണ്ട് മന്ത്രിയുടെ കൈകളില്‍ പിടിച്ച് യാചിച്ചത്.
കരിച്ചാറ മുസ്ലീം ജമാഅത്തിന്റെ കബര്സ്ഥാന് സംരക്ഷിക്കണമെന്നും സില്‍വര്‍ലൈനിന്റെ പേരില്‍ നശിപ്പിക്കാനനുവദിക്കരുതെന്നുമാണ് ജമാഅത്ത് കമ്മറ്റി മന്ത്രിയോട് അപേക്ഷിച്ചത്. ജമാഅത്ത് സെക്രട്ടറി എം.എ. ഹിലാല്‍ മന്ത്രിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കെ. റെയില്‍ വിരുദ്ധ സമിതി ജില്ലാ ചെയര്മാന് ഷാനവാസ് മന്ത്രിയെ പൊന്നാടയണിയിച്ചു. കെ റെയില്‍ പദ്ധതി നടപ്പിലാക്കരുതെന്നും ജനങ്ങളെ കുടിയൊഴിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാന ട്രഷറര്‍ ശൈവപ്രസാദ് നിവേദനം നല്കി. മുരുക്കുംപുഴ ചെറുകായല്‍ക്കര ന്യൂബംഗ്ലാവില് മുഹമ്മദ് ഷെരീഫും ഷൈജയും ജീവിതസമ്പാദ്യമെല്ലാം സ്വരൂപിച്ച് തങ്ങളുടെ സ്വപ്നഭവനം പണിയാനാരംഭിച്ചെങ്കിലും 25 ലക്ഷം മുടക്കിക്കഴിഞ്ഞപ്പോള്‍ സില്‍വര്‍ലൈനിന് സര്‍വെ കല്ലുകള്‍ സ്ഥാപിച്ചതിനാല്‍ ബാങ്കുകള്‍ അടുത്ത ഗഡു നല്‍കില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഇറക്കിവിട്ടാല്‍ പെരുവഴിയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഷൈജ മന്ത്രിയോട് കരഞ്ഞുപറഞ്ഞു. സജീവ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്ന വട്ടവിളാകം അശോകവിലാസത്തില്‍ സാവിത്രിയും കരിച്ചാറയില്‍ സരോജിനിയുമെല്ലാം രാഷ്ട്രീയത്തിനതീതമായി ഒരുമിച്ചുനിന്ന് നേരിടുമെന്ന് ഉറപ്പിച്ചുപറഞ്ഞു.
പദ്ധതിയുടെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നവരെ വഴിയാധാരമാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് സാധാരണക്കാരായ ജനങ്ങളെ ബോധ്യപ്പെടുത്തണം. ശീതീകരിച്ച മുറികളില്‍ ജീവിക്കുന്ന അപ്പര്‍ ക്ലാസിനോടു മാത്രമല്ല കുടിയിറക്ക് ഭീഷണി നേടിരുന്ന സാധാരണക്കാരുമായും മുഖ്യമന്ത്രി സംവദിക്കണം. അവരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ മുന്നോട്ടുവരണം. അവരെയാണ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത്.
മൂലമ്പള്ളിയില്‍ വി.എസ്. അച്യുതാനന്ദന്റെ കാലത്ത് കുടിയിറക്കിയ 316 കുടുംബങ്ങള്‍ ഇന്നും പെരുവഴിയിലാണ്. കെ റെയിലിന്റെ ബഫര്‍ സോണിലുള്ളവര്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് പരസ്പരവിരുദ്ധമായാണ് പ്രതികരണം. കേരളത്തിലാകമാനം നിയമവിരുദ്ധമായാണ് മഞ്ഞക്കല്ല് സ്ഥാപിക്കുന്നത്. നിയമപ്രകാരം റവന്യൂവകുപ്പാണ് ഭൂമിയേറ്റെടുക്കല്‍ നടപടി സ്വീകരിക്കേണ്ടത്. ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സിയാണ് കല്ലിടല്‍ നടത്തുന്നത്. സാമൂഹ്യാഘാത പഠനം നടത്താനാണ് കോടതി അനുവാദം കൊടുത്തിട്ടുള്ളത്. പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ലെന്നും വ്യക്തമാണ്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കേന്ദ്രത്തില്‍ ഒരു ആഭ്യന്തരസഹമന്ത്രിയുണ്ടായിരുന്നു – യോഗേന്ദ്ര മക്വാന. അദ്ദേഹത്തിന്റെ പ്രധാന ജോലി കേരളത്തില്‍ ആഴ്ചക്കാഴ്ചയ്ക്ക് പറന്നിറങ്ങുക. നാല് കടുപ്പമുള്ള വിമര്‍ശനം നടത്തി തിരികെ പോവുക. സിപിഎമ്മുകാര്‍ക്ക് അതുമതി. കേന്ദ്രമന്ത്രിയുടെ അടുത്ത കേരള പര്യടനംവരെ അതുവച്ച് കേന്ദ്രവിരുദ്ധ പ്രസ്താവന നടത്തും. പിന്നെയും അതങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഫലത്തില്‍ മക്വാന ഒരു പരിഹാസ കഥാപാത്രമായി. മക്വാനയെ വിമര്‍ശിക്കാന്‍ കേരളത്തില്‍ നിയോഗിക്കപ്പെട്ടത് എം.വി.രാഘവന്. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പക്ഷേ, മക്വാനക്കാര്യം പരാമര്‍ശിക്കാനേ നിന്നില്ല. അത് അദ്ദേഹത്തിന്റെ മാന്യത.
എം.വി. രാഘവന്റെ വിമര്‍ശനം ഇങ്ങിനെയായിരുന്നു. ‘മക്വാന എന്നുപറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ ചിലര്‍ക്ക് പേരുണ്ടല്ലോ മക്കി. മക്വാന കേരളത്തില്‍ വന്നിട്ട് നമ്മളെ എന്താക്വാന’ എന്നായിരുന്നു ചോദ്യം. അങ്ങനെയൊരു പരിഹാസം വി. മുരളീധരനോട് വേണ്ട. ഇന്ദിരാഗാന്ധിയല്ല ഇന്നത്തെ പ്രധാനമന്ത്രിയെന്നോര്ക്കണം. മലയാളം അറിയാത്ത കേന്ദ്രമന്ത്രിയുമല്ല വി. മുരളീധരനെന്നും മനസിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: