ന്യൂദല്‍ഹി: രാജ്യത്തെ ചെറുകിട സംരംഭകരുടെ ഉന്നമനവും സ്വയം തൊഴില്‍ പ്രോത്സാഹനവും ലക്ഷ്യമാക്കി ഒന്നാം മോദി സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി മുദ്ര യോജന(പിഎംഎംവൈ)യിലൂടെ കേരളത്തില്‍ അനുവദിച്ചത് 68078.95 കോടി രൂപ. ഇതില്‍ 66871.15 കോടി രൂപ വിതരണം ചെയ്തു.
സംസ്ഥാനത്ത് 11,487,626 മുദ്ര അക്കൗണ്ടുകളാണ് ഉള്ളത്. രാജ്യത്ത് ഒട്ടാകെ 34 കോടി മുദ്ര ലോണുകളുണ്ട്. ഏകദേശം പതിനെട്ടര ലക്ഷം കോടി രൂപയാണ് ഈ ലോണുകളിലൂടെ അനുവദിച്ചത്. അതില്‍ 23 കോടി ലോണുകളും സ്ത്രീ സംരംഭകര്‍ക്കാണ് നല്‍കിയത്. ഏകദേശം 8.10 ലക്ഷം കോടിയോളം വരുമിത്.
പദ്ധതി ആരംഭിച്ച 2015-16ല്‍ കേരളത്തില്‍ 830411 അക്കൗണ്ടുകളാണ് ആരംഭിച്ചത്. 4727.38 കോടി രൂപ അനുവദിച്ചു. 2016 – 17 സാമ്പത്തിക വര്‍ഷം അക്കൗണ്ടുകളുടെ എണ്ണം 982260 ആയി. 6288.62 കോടി അനുവദിച്ചപ്പോള്‍ 6140.44 കോടി വിതരണം ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അനുവദിച്ച തുകയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. സാമ്പത്തികവര്‍ഷം, അനുവദിച്ച തുക, വിതരണം ചെയ്ത തുക എന്ന ക്രമത്തില്‍: 2017-18 – 9459.97 കോടി – 9282.57 കോടി. 2018-19 – 12178.4 കോടി – 11967.11 കോടി. 2019 – 20 – 13146.06 കോടി – 12924.12 കോടി. 2021-2022 – 11416.45 കോടി – 11238.55 കോടി.
ഈടില്ലാതെ 10 ലക്ഷം രൂപവരെ ലോണ്‍ നല്കുന്ന പദ്ധതിക്ക് സംസ്ഥാനത്തും വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. കൊവിഡ് കാലത്ത് മുദ്ര ലോണുകള്‍ രാജ്യത്തെ ചെറുകിട സംരംഭകരുടെ നട്ടെല്ലായി മാറി. കൊവിഡ് -19 ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച രണ്ടു ശതമാനം പലിശ ഇളവ് ഉള്‍പ്പെടെയാണ് ലോണ്‍ അനുവദിച്ചിരുന്നത്. രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2021 ല്‍ 3.21 ലക്ഷം കോടി രൂപയാണ് മുദ്ര പദ്ധതിക്ക് കീഴില്‍ ലോണായി അനുവദിച്ചത്.
മൂന്നുതരം ലോണുകളാണ് മുദ്ര പദ്ധതിക്ക് കീഴില്‍ അനുവദിക്കുന്നത്. 50,000 വരെയുള്ള ലോണുകള്‍ ശിശു വിഭാഗത്തിലും 50,000 മുതല്‍ അഞ്ചു ലക്ഷം വരെയുള്ള ലോണുകള്‍ കിഷോര്‍ വിഭാഗത്തിലും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള ലോണുകള്‍ തരുണ്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്. മൊത്തം അനുവദിച്ചിട്ടുള്ള ലോണുകളില്‍ പകുതിയോളം വരുന്നത് ശിശു വിഭാഗത്തിലാണ്. കൂടുതല്‍ ലോണുകള്‍ അനുവദിച്ചിരിക്കുന്നത് സ്ത്രീ സംരംഭകര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: