തൃശ്ശൂര്‍: മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ ചന്ദനച്ചാര്‍ത്തിലൂടെ അണിയിച്ചെടുക്കുന്നവരില് പ്രമുഖനായ പെരികമന ഇല്ലത്ത് സുബ്രഹ്മണ്യന് എന്ന മണി നമ്പൂതിരി (39) മറ്റൊരു ദശാവതാരം ചന്ദനച്ചാര്ത്തിനുള്ള ഒരുക്കത്തിലാണ്. എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലാണ് മണി നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ദശാവതാരം ചന്ദനച്ചാര്‍ത്ത് നടത്തുന്നത്.
21 വര്‍ഷം മുന്‍പ് തൃശ്ശൂര്‍ വടക്കുന്നാഥന് ക്ഷേത്രത്തിലെ ഇപ്പോഴത്തെ മേല്‍ശാന്തിയായ പയ്യപ്പിള്ളി മാധവന് നമ്പൂതിരിയുടെ ഇല്ലത്ത് താമസിച്ചായിരുന്നു മണി നമ്പൂതിരി പൂജാവിധികള്‍ ഹൃദ്യസ്ഥമാക്കിയത്. തുടക്കം നെട്ടിശ്ശേരി ശിവ ശാസ്താ ക്ഷേത്രത്തിലായിരുന്നു. തുടര്‍ന്ന് നാല് ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി. ചന്ദനം ചാര്‍ത്ത് പല ക്ഷേത്രങ്ങളിലും ചെയ്തു വരുന്നുണ്ടെങ്കിലും ദശാവതാരം ചന്ദനച്ചാര്‍ത്ത് നടത്തുന്ന ക്ഷേത്രങ്ങള്‍ കേരളത്തില്‍ തന്നെ കുറവാണ്. തൃശ്ശൂര്‍ ജില്ലയില്‍ വര്‍ഷങ്ങളായി ദശാവതാരം ചന്ദനച്ചാര്‍ത്ത് നടത്തുന്ന ക്ഷേത്രമാണ് എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രം. വിവിധ ജില്ലകളിലായി മറ്റു നിരവധി ക്ഷേത്രങ്ങളില്‍ മണി നമ്പൂതിരി ഒറ്റ രൂപങ്ങള്‍ ചന്ദനച്ചാര്‍ത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും ചെയ്യാന്‍ കഴിഞ്ഞത് എറവില്‍ മേല്‍ശാന്തിയായി ജോലി നോക്കിയ സമയത്താണ്.
ദശാവതാരം ചന്ദനച്ചാര്ത്തിന് 10 ദിവസവും മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്ന് മണി നമ്പൂതിരി പറയുന്നു. ഭഗവാന് ചാര്‍ത്താനുള്ള ചന്ദനം അരയ്ക്കുമ്പോള്‍ കുങ്കുമപ്പൂവും, പച്ചക്കര്‍പ്പൂരവും ചേര്‍ക്കും. ഇത് ഔഷധഗുണവും സുഗന്ധവും പ്രദാനം ചെയ്യുന്നു. ചന്ദനം തലേ ദിവസം അരച്ചുവെക്കണം. കളഭപ്പൊടി ഉപയോഗിച്ചുള്ള കളഭച്ചാര്‍ത്തില്‍ നിന്നും വ്യതസ്തമാണ് ചന്ദനമുട്ടിയില്‍ അരച്ചെടുത്ത ചന്ദനം കൊണ്ടുള്ള ചാര്‍ത്ത്. ഓരോ ദിവസത്തേയും അവതാരങ്ങളുടെ രൂപഭംഗി ചന്ദനത്തിലൂടെ അണിയിക്കുന്നതിനു മുന്‍പ് വിഗ്രഹത്തില്‍ ആകാരഭംഗിക്ക് വേണ്ടിവരുന്ന ഭാഗങ്ങള്‍ സൃഷ്ടിക്കാനായി വയനാട്ടില്‍ നിന്നും കൊണ്ടുവരുന്ന ഓട മുറിച്ചും കവുങ്ങിന് പാളകളുമാണ് ഉപയോഗിക്കുന്നത്.
മണി നമ്പൂതിരി പുലര്‍ച്ചെ 2 മണിക്ക് ക്ഷേത്രത്തിലെത്തി ഭഗവാന് അഭിഷേകം നടത്തിയ ശേഷമാണ് ചന്ദനം ചാര്‍ത്തി അലങ്കാരങ്ങള്‍ അണിയിക്കുന്നത്. പൂജാദികാര്യങ്ങള്ക്കൊപ്പം ഇദ്ദേഹത്തിന്റെ കലാവിരുതും കൂടി ഓരോ ചന്ദനച്ചാര്ത്തിലും കാണാനാകും. മൂന്നര മണിക്കൂറോളം എടുത്താണ് ചന്ദനം ചാര്‍ത്തല്‍ പൂര്‍ത്തിയാക്കുക. ഭഗവാന്റെ അവതാരഭാവങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യം നേടാനെത്തുന്ന ഭക്തര്‍ക്ക് ചന്ദനം ചാര്‍ത്ത് ദര്‍ശനം നല്കുന്ന അനുഭൂതി വേറെയാണ്. രാവിലെ ചാര്‍ത്തിയ ചന്ദനം വൈകീട്ട് അത്താഴ പൂജക്ക് ശേഷം വിഗ്രഹത്തില്‍ നിന്ന് എടുത്തു മാറ്റും. ഇത് അടുത്ത ദിവസം വഴിപാടുകാര്‍ക്കും ക്ഷേത്രത്തിലെത്തുന്നവര്‍ക്കും പ്രസാദമായി നല്‍കും.
മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്, പരശുരാമന്, ശ്രീരാമന്, ബലരാമന്, ശ്രീകൃഷ്ണന്, കല്‍ക്കി എന്നീ അവതാരങ്ങളാണ് ഒരോ ദിവസങ്ങളിലായി മണി നമ്പൂതിരി ചന്ദനച്ചാര്‍ത്തിലൂടെ ചെയ്തുവരുന്നത്. ഏപ്രില്‍ 21 മുതല്‍ മെയ് 3 വരെയാണ് എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇത്തവണ ദശാവതാരം ചന്ദനച്ചാര്‍ത്ത് നടക്കുന്നത്. മരുതൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് മണി നമ്പൂതിരി ഇപ്പോള്‍. ഗ്രീഷ്മയാണ് മണി നമ്പൂതിരിയുടെ ഭാര്യ. മകള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭദ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: