ജലന്ധര്‍: പഞ്ചാബ് അതിര്‍ത്തി മേഖലയില്‍ മുസ്ലീംപള്ളികള് പണിയാന്‍ വിദേശഫണ്ട് വക മാറ്റിയ എന്‍ജിഒയ്ക്കെതിരെ അന്വേഷണം. കേരളം കേന്ദ്രമായ റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ(ആര്‍സിഎഫ്ഐ) ആണ് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. പഞ്ചാബില്‍ ഒരു യൂണിറ്റ് പോലുമില്ലാത്ത ഈ എന്‍ജിഒ ഫരീദ്കോട്ട് ജില്ലയില്‍ മൂന്ന് പള്ളികള്‍ പണിയുന്നതിനാണ് ധനസഹായം നല്‍കിയെന്നാണ് ആരോപണം. 2015 നും 2017 നും ഇടയില്‍ നിര്‍മിച്ച മസ്ജിദുകള്‍ പാകിസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് 40-70 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
വിദേശത്തുള്ള വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ലഭിച്ച പണം കശ്മീരിലെ ബാരാമുള്ളയിലെ രണ്ട് താമസക്കാര്‍ വഴി വകമാറ്റുകയായിരുന്നു. അവരാണ് മസ്ജിദുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ബില്ലുകള്‍ അടയ്ക്കുകയും ചെയ്തത്.എഴുപത് കോടി രൂപയുടെ വിദേശഫണ്ടാണ് ഈ സംഘടന പള്ളി നിര്‍മാണത്തിനായി വകമാറ്റി ചെലവഴിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ആഗസ്തില്‍ ആഭ്യന്തര മന്ത്രാലയം ഇവരുടെ വിദേശഫണ്ടിങ് തടഞ്ഞു. പഞ്ചാബ് പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ഈ വിഷയത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
ഫിറോസ്പൂര്‍, തരണ്‍ തരണ്‍, അമൃത്സര്‍, ഗുരുദാസ്പൂര്‍, പത്താന്‍കോട്ട് എന്നീ അതിര്‍ത്തി ജില്ലകളിലായി ഇരുന്നൂറിലധികം മസ്ജിദുകളാണുള്ളത്. ഇവയില്‍ പലതും അടുത്തിടെ നിര്‍മിച്ചവയാണ്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇവരുടെ സ്ഥലവും അന്വേഷണ വിധേയമാണ്. അതേസമയം 2000ല്‍ തുടങ്ങിയ ഈ സംഘടനയ്ക്ക് പഞ്ചാബില്‍ യൂണിറ്റ് ഇല്ലെന്നും ആരോപണങ്ങള്‍ക്കുള്ള വിശദമായ മറുപടി ഇതിനകം ആഭ്യന്തരമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും ആര്‍സിഎഫ്ഐ വക്താവെന്ന് അവകാശപ്പെടുന്ന സലാം ഉസ്താദ് പറഞ്ഞു. ആര്‍സിഎഫ്ഐ സാമൂഹിക സേവനത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഫണ്ടിങ് തടയുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
2000-ല്‍ സ്ഥാപിതമായ ഒരു സര്‍ട്ടിഫൈഡ് നോണ്‍-ഡിനോമിനേഷന് ഓര്‍ഗനൈസേഷനെന്നാണ് ആര്‍സിഎഫ്ഐ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും. ദേശീയ അന്തര്‍ദേശീയ ഫണ്ടിങ് ഏജന്‍സികളുടെയും വ്യക്തിഗത സ്വകാര്യ ദാതാക്കളുടെയും പിന്തുണയോടെ 24 സംസ്ഥാനങ്ങളിലായി ഏകദേശം 2.35 ദശലക്ഷം ആളുകളിലേക്ക് സംഘടന നേരിട്ട് എത്തിയിട്ടുണ്ടെന്നും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: