ബെംഗളൂരു: യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാരിയര്‍ ഡ്രോണുകളുടെ നിര്‍മാണം ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ പുരോഗമിക്കുന്നു. 2024ല്‍ പരീക്ഷണ പറക്കല്‍ നടക്കും. എച്ച്എഎല്‍ വികസിപ്പിക്കുന്ന കോമ്പാറ്റ് എയര്‍ ടീമിങ്ങ് സിസ്റ്റത്തിന്റെ ഭാഗമാണ് ഡ്രോണ്‍. അക്ഷരാര്‍ഥത്തില്‍ ചാവേര്‍ തന്നെ.
ഡ്രോണ്‍ വികസിപ്പിക്കാന്‍ 400 കോടി രൂപയാണ് എച്ച്എഎല്‍ മുടക്കുന്നത്. ഭൂമിയിലെ താവളങ്ങളില്‍ നിന്നും കപ്പലുകളില്‍ നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ശേഷിയുള്ള വാരിയര്‍ ഡ്രോണ്‍ തേജസ്, സുഖോയ്, ജാഗ്വാര്‍ തുടങ്ങിയ യുദ്ധവിമാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ ശത്രുക്കളെ ആക്രമിക്കും. യുദ്ധവിമാനങ്ങള്‍ക്ക് കവചമായി വര്‍ത്തിക്കും. ശത്രുക്കള്‍ വിമാനങ്ങളെ ആക്രമിച്ചാല്‍ കവചമായി നിലകൊണ്ട് ആ ആക്രമങ്ങള്‍ ചെറുത്ത് സ്വയം ബലി നല്കി അവയെ രക്ഷിക്കും. 350 കിലോമീറ്റര്‍ ചുറ്റളവില്‍ പറന്ന് നിരീക്ഷിക്കും. 800 കിലോമീറ്റര്‍ വരെ പറന്നുചെന്ന് ശത്രുക്കള്‍ക്കു മേല്‍ സ്വയം തകര്‍ന്നു വീണ് അവയെ നശിപ്പിക്കും. പൈലറ്റില്ലാത്തതിനാല്‍ ശത്രുവിന്റെ ഏതു ലക്ഷ്യം തകര്‍ക്കാനും അയയ്ക്കാം. തേജസ് പോലുള്ള വിമാനങ്ങളുടെ മുന്നില്‍ പറന്ന് വിവരങ്ങള്‍ അറിയിക്കും. അതിന് ഉതകുന്ന സെന്‍സറുകളാണ് ഇതില്‍. മിെസെലുകളും മറ്റും വഹിക്കാനും കഴിയും. ഇലക്ട്രോണിക് സന്ദേശങ്ങള്‍ വരെ തടയാന്‍ കഴിയുന്ന ജാമറുകളും നിരീക്ഷണ സംവിധാനങ്ങളും ഇതിലുണ്ട്.
9.2 മീറ്ററാണ് നീളം. ചിറകുകള് തമ്മിലുള്ള അകലം 5.8 മീറ്റര്‍. ആയുധങ്ങള്‍ അടക്കം ഭാരം 2100 കിലോ. റേഞ്ച് 1500 കിലോമീറ്റര്‍. യുദ്ധസമയത്തെ റേഞ്ച് 800 കിലോമീറ്റര്‍. വേഗത മണിക്കൂറില്‍ 790 കിലോമീറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: