തിരുവനന്തപുരം : അമൂല്യ നിധിയായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കരുതിയ ബെന്‍സ് കാര്‍ ഇനി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിക്ക് സ്വന്തം. പട്ടം കൊട്ടാരത്തില്‍ കാത്തുസൂക്ഷിച്ചിരിയ്ക്കുന്ന 1955 മോഡല്‍ മേഴ്സിഡസ് ബെന്‍സ് 180 ടി കാര്‍, എം എ യൂസഫലിയുടെ കൈകളിലേയ്ക്ക് എത്തുന്നു. ശ്രീ. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്റെ ഇടനിലയിലാണ് കാര്‍ കൈമാറുന്നത്. ബന്‍സ് കമ്പനി ചോദിച്ചിട്ടുപോലും നല്‍കാതിരുന്ന കാര്‍ ആണ് ഇപ്പോള്‍ കൊടുക്കുന്നത് .സ്നേഹ സമ്മാനമായിട്ടാണ് എന്നാണ് അവകാശം
1955 ല്‍ 12000 രൂപ നല്‍കിയാണ് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മ്മിതമായ ഈ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണ്ണാടകയില്‍ രജിസ്ട്രേഷന് നടത്തിയ കാറിന്റെ നമ്പര്‍ സിഎഎന്‍ 42 എന്നാണ്. വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കൊട്ടാരത്തിലെ കാര്‍ ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും ഈ ബെന്‍സ് ആയിരുന്നു. ബാംഗ്ലൂരില്‍ താമസമാക്കുമ്പോള്‍ എല്ലാ സവാരിക്കും ബെന്‍സ് ആയിരുന്നു കൂട്ട്. ഒരു മിനുട്ടിനുള്ളില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മ്മ രാജാവിന് മൈല്‍ എ മിനുട്ട് എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെന്‍സ് തന്നെ. 38-ാം വയസ്സില്‍ തുടങ്ങി സ്വയമോടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ്മ സഞ്ചരിച്ചെന്നാണ് കണക്ക്. അതില്‍ 23 ലക്ഷം മൈലുകളും ഈ കാറില്‍ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്കിയ മെഡലുകളും കാറിന് മുന്നില്‍ പതിച്ചിട്ടുണ്ട്. 85-ം വയസ്സിലും മാര്‍ത്താണ്ഡവര്‍മ്മ ഈ കാര്‍ ഓടിച്ചു.
ഈ ബെന്സിന് മോഹവില നല്കി വാങ്ങാന്‍ പല പ്രമുഖരും അക്കാലത്ത് രാജാവിന് മുന്നിലെത്തിയിട്ടുണ്ട്. ന്യൂജെന്‍ കാറുകളെ വരെ പിന്നിലാക്കി റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ സാക്ഷാല്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും, പകരമായി 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് വെസ്റ്റ് ജര്‍മ്മനി ആസ്ഥാനമായുള്ള കമ്പനിയിലെ ഉന്നതര്‍ തന്നെ രാജാവിനെ സമീപിച്ചിരുന്നു. എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫഌ്സ് ക്യാമറയും, കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാത്തിനെയും സൂക്ഷിയ്ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ ജീവന് തുല്യം സ്നേഹിച്ച ആ കൂട്ടുകാരനെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല. അത്രമേല്‍ ആഗ്രഹിയ്ക്കുകയും, സ്നേഹിയ്ക്കുകയും ചെയ്തിരുന്നു.
2012 ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിയ്ക്കാനുള്ള ആഗ്രഹം രാജാവ് നേരിട്ടറിച്ചിരുന്നതായിട്ടാണ് ലുലു ഗ്രൂപ്പ് പത്രക്കുറിപ്പില്‍ പറയുന്നത്. മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: