കൊല്ലം: കോര്പ്പറേഷന് പൊളിച്ചു കളഞ്ഞ സെപ്റ്റിക് ടാങ്കിന് പകരം പുതിയ ടാങ്ക് നിര്‍മ്മിക്കാന്‍ 2021 ഒക്ടോബറില്‍ നഗരസഭയില്‍ നല്കിയ അപേക്ഷ അടിയന്തരമായി തീര്‍പ്പാക്കിയില്ലെങ്കില്‍ നഗരസഭാ സെക്രട്ടറിക്കെതിരെ കടുത്ത നടപടികള്‍ക്ക് നിര്‍ദ്ദേശിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കമ്മീഷന് അംഗം വി.കെ. ബീനാകുമാരിയാണ് കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. കൊല്ലം മതിലില്‍ സ്വദേശി ബിനു പീറ്റര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ഇടപെടല്‍.വിഷയത്തില്‍ സെക്രട്ടറിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് കാരണം അയല്‍വാസിയുടെ കിണര്‍ മലിനമായെന്ന പരാതിയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ടാങ്ക് നീക്കം ചെയ്യാന്‍ പരാതിക്കാരന് നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നീക്കം ചെയ്യാത്തതു കൊണ്ടാണ് ടാങ്ക് നഗരസഭ തന്നെ പൊളിച്ചത്. പരാതിക്കാരന് അയല്‍വാസിക്കെതിരെ നല്കിയ പരാതിയിലും അന്വേഷണം നടത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പുതിയ ടാങ്ക് നിര്‍മ്മിക്കാന്‍ അനുമതി ആവശ്യപ്പെട്ട് 2021 ഔക്ടോബര് 28 ന് താന്‍ നല്കിയ അപേക്ഷ നഗരസഭ മനപൂര്‍വ്വം വൈകിപ്പിക്കുന്നതായി പരാതിക്കാരന് അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: