ന്യൂദല്‍ഹി: ശാഠ്യത്തിന്റെ ഭാഷ ഇന്ത്യയോട് വേണ്ടെന്ന് അമേരിക്കന്‍ പ്രതിനിധിക്ക് സയ്യിദ് അക്ബറുദ്ദീന്റ മറുപടി. ആയുധങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്ന ഇന്ത്യന്‍ നിലപാടിനെതിരായ അമേരിക്കന്‍ ഡെപ്യൂട്ടി എന്‍എസ്എ ദിലീപ് സിങ്ങിന്റെ പരാമര്‍ശത്തിന് മറുപടിയായാണ് നയതന്ത്രജ്ഞനും യുഎന്നിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ അക്ബറുദ്ദീന്റെ രൂക്ഷ വിമര്‍ശനം.
”അമേരിക്കയെപ്പോലെ. റഷ്യയും ഇന്ത്യയുടെ സുഹൃത്താണ്, ദിലീപ് സിങ്ങിന്റേത് നയതന്ത്രത്തിന്റെ ഭാഷയല്ല… ശാഠ്യത്തിന്റേതാണ്. ഉപരോധമടക്കമുള്ളഏകപക്ഷീയമായ സാമ്പത്തിക നടപടികള്‍ സാമ്പ്രദായിക അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ആരെങ്കിലും ഈ യുവാവിനോട് പറയണം” സയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു.
പ്രതിരോധ, ഊര്‍ജ ആവശ്യങ്ങള്‍ക്കായി റഷ്യയെ സമീപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്കാന് യുഎസ് ഡെപ്യൂട്ടി എന്‍എസ്എ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് അക്ബറുദ്ദീന്റെ പ്രതികരണം. ദല്‍ഹിയില്‍ രണ്ട് ദിവസത്തെ താമസത്തിനിടെ ദിലീപ് സിങ്, ഡെപ്യൂട്ടി എന്‍എസ്എ വിക്രം മിസ്രി, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല, പ്രധാനമന്ത്രിയുടെ ഓഫീസിലെയും കേന്ദ്ര ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ഫെബ്രുവരി 24 ന് ഉക്രൈനില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ 13 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 2021ല്‍ ഇന്ത്യ ആകെ വാങ്ങിയത് 16 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: