കൊല്ലം: കൊല്ലം ബീച്ചിനെ ചിന്നക്കടയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഭാഗമായ കൊച്ചുപിലാമൂട് പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചു. കഴിഞ്ഞ ദിവസമാണ് പൂര്‍ണ്ണമായും അടച്ചത്.
നിലവിലെ സ്‌ക്രിപ്റ്റ് സ്റ്റീല്‍ മാറ്റി പുതിയത് വെല്‍ഡ് ചെയ്ത് ഉറപ്പിച്ച് കോണ്‍ക്രീറ്റ് ചെയ്യും. അപ്രോച്ച് റോഡുകള്‍ റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയ ശേഷമാകും തുറക്കുക. പത്ത് ദിവസമെങ്കിലും എടുക്കും പണിപൂര്‍ത്തിയാക്കാന്‍. പാലം അടച്ചത് അറിയാതെ നിരവധി പേരാണ് ഇതുവഴി എത്തിയത്. ഇതോടെ ഗതാഗതകുരുക്കും രൂക്ഷമായി.
വാഹനങ്ങള്‍ ബീച്ചില്‍ എത്താന്‍ മുണ്ടയ്‌ക്കല്‍ പാലം തീരദേശറോഡ്, താമരക്കുളം-പള്ളിത്തോട്ടം പാലം, പുകയില പണ്ടകശാല പാലം വഴി തിരിച്ച് വിട്ടു. റയില്‍വേ മേല്‍പ്പാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കു ശേഷമാണ് കൊച്ചുപിലാമൂട് പാലം അടച്ചത്. ഒന്നിച്ച് രണ്ട് പാലവും അടയ്‌ക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ആഴ്ചകള്‍ക്ക് മുമ്പ് തടഞ്ഞിരുന്നു.
പാലം അടച്ചശേഷം വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട റോഡുകള്‍ തകര്‍ന്ന് കിടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. താമരക്കുളം-പുകയില പണ്ടകശാല റോഡ് ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ചിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. കോണ്‍ഗ്രസ്സ് ഭവന്റെ സമീപത്തുകൂടിയുള്ള കന്റോണ്‍മെന്റ് റോഡും റീ ടാര്‍ ചെയ്തിട്ടില്ല. മുണ്ടയ്‌ക്കല്‍ തീരദേശറോഡ് തകര്‍ന്ന് കിടക്കാന്‍ തുങ്ങിയിട്ട് വര്‍ഷങ്ങളായി. ബീച്ച് പാലം അടച്ചതോടെ വാഹനങ്ങള്‍ ഇതുവഴി ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: