കൊച്ചി : സംസ്ഥാനത്ത് സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയ നിയമം ഉടന്‍ കൊണ്ടുവരും. ഇതിന്റെ കരട് തയ്യാറായി കഴിഞ്ഞെന്നും മന്ത്രി സജി ചെറിയാന് കൊച്ചിയിലെ ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഹേമ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇരു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
നിയമം എത്രയും വേഗം നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന. ഹേമ കമ്മിഷന് റിപ്പോര്‍ട്ടില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. വിഷയത്തില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സിനിമാ മേഖലയിലെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. അത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഹേമാ കമ്മിഷന് റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടി പാര്‍വതി തിരുവോത്ത് അടുത്തിടെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാരിന്റെ ശ്രമം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നുമായിരുന്നു പാര്‍വ്വതി തിരുവോത്തിന്റെ വിമര്‍ശനം.
അതേസമയം കൊച്ചിയില്‍ ചലച്ചിത്ര മ്യൂസിയം സ്ഥാപിക്കും. ഇതിനായി കൊച്ചി നഗരസഭ അഞ്ച് ഏക്കര്‍ കണ്ടെത്തണം. പിണറായി സര്‍ക്കാരിന്റെ ഇനിയുള്ള കാലയളവിലും കൊച്ചിയില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്നും ഉദ്ഘാടന വേളയില്‍ മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: