ഇസ്ലമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്നു രാജിപ്രഖ്യാപനം നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് (പിടിഐ) നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഫെഡറല്‍ മന്ത്രി ഫവാദ് ചൗധരി വ്യാഴാഴ്ച വ്യക്തമാക്കി. പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഫവാദ് ചൗധരി ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളോട് തന്റെ രാജി നേരിട്ട് അറിയിക്കാനാണ് ഇമ്രാന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ലോവര്‍ ഹൗസ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന് നാഷണല്‍ അസംബ്ലി ഒരുങ്ങുന്നതിനിടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഇമ്രാന് അറിയിച്ചത്.
ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തില്‍ നിന്നു ഇമ്രാന് ഖാന് അവസാന നിമിഷം പിന്മാറിയുന്നു. എന്നാല്‍ പാക്ക് സൈനികമേധാവിയുമായും ഐഎസ്ഐ തലവനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം മാറ്റിയത്. ദേശീയ അംസബ്ലിയില്‍ ആകെ 342 അംഗങ്ങളാണുള്ളത്. 172 പേരുടെ പിന്തുണയാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. മുഖ്യഘടകകക്ഷിയായ എംക്യുഎമ്മിന്റെ 2 മന്ത്രിമാരും രാജിക്കത്ത് നല്‍കിയതോടെ ഇമ്രാനു സഭയില്‍ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട സ്ഥിതിയാണ്. 7 അംഗങ്ങളാണ് എംക്യുഎമ്മിനുള്ളത്. പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (4 അംഗങ്ങള്‍) തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷ സഖ്യത്തില്‍ 176 അംഗങ്ങളായെന്നാണു സൂചന. 342 അംഗ പാര്‍ലമെന്റില്‍ അവിശ്വാസം വിജയിക്കാന്‍ 172 വോട്ടുകളാണു വേണ്ടത്. 155 അംഗങ്ങളുള്ള ഇമ്രാന്റെ പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫ് (പിടിഐ) 2018 ല്‍ ചെറുകക്ഷികളുടെ പിന്തുണയോടെയാണു സര്‍ക്കാരുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: