കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നടിയുന്ന ശ്രീലങ്കയില്‍ പവര്‍ കട്ട് ദിവസം പത്തുമണിക്കൂറാക്കി. ഇതുവരെ ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെയായിരുന്നു ഇത്. അവശ്യ മരുന്നുകളുടെ ക്ഷാമം മൂലം ഏതാനും ദിവസങ്ങളായി ശസ്ത്രക്രിയകള്‍ വരെ മാറ്റിവച്ചിരുന്നു. ഇപ്പോള്‍ തലവേദനയ്ക്കും പനിക്കുമുള്ള മരുന്നുകള്‍ പോലും കിട്ടാതായിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
മണ്ണെണ്ണയ്ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കുമുള്ള നീണ്ട നിരയാണ് എവിടെയും. ആഹാരവും വെള്ളവും ഇല്ലാതെ മണിക്കൂറുകള്‍ ക്യൂനിന്ന് പലരും കുഴഞ്ഞുവീഴുകയാണ്. ശ്രീലങ്കയ്ക്കുള്ള സഹായങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യ പരമാവധി ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടുത്തെ ഇത്തരമൊരവസ്ഥയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനും കഴിയില്ല. ഇന്ത്യയുടെ സംവിധാനം രാപ്പകല്‍ പ്രയത്നിക്കുന്നുണ്ട്.
ആഴ്ചകള്‍ കൊണ്ടു മാത്രം സാധിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ നാം ദിവസങ്ങള്‍ കൊണ്ട് ചെയ്യുന്നുണ്ട്. ഇന്ത്യ ലങ്കയുടെ വലിയ സാമ്പത്തിക സഹായി അല്ലായിരിക്കാം. പക്ഷെ നല്ല അയല്‍ക്കാര്‍ എന്ന നിലയ്ക്കാണ് ഇന്ത്യ ശ്രീലങ്കയെ കാണുന്നതും സഹായിക്കുന്നതും. ഇക്കാര്യത്തില്‍ രാഷ്ട്രീയവുമില്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: