പോര്‍ട്ടോ: ഖത്തറിന്റെ നഷ്ടങ്ങളിലേക്ക് ഒരു സൂപ്പര്‍ താരം കൂടി. മുഹമ്മദ് സലയെന്ന ഈജിപ്ഷ്യന്‍ അതികായന്. ഈജിപ്തിനെ ലോകകപ്പിന്റെ മോഹനവേദിയിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന് പ്രതീക്ഷിച്ച സലയുടെ മടക്കം ദുരന്തനായകനെപോലെ. സെനഗലിനെതിരായ നിര്‍ണായക മത്സരത്തില്‍ ഷൂട്ടൗട്ടില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തി സല തലതാഴ്ത്തി മടങ്ങുമ്പോള്‍, മറുവശത്ത് ലിവര്‍പൂളിലെ കൂട്ടുകാരന് സെനഗലിന്റെ സാദിയൊ മാനെ ആഘോഷത്തിലായിരുന്നു. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് തന്റെ ടീമിന് ഖത്തറിലേക്ക് ടിക്കറ്റെടുത്തു നല്‍കിയതിന്റെ ആഘോഷം.
യൂറോപ്പില്‍ നിന്ന് രണ്ട് സൂപ്പര്‍താരങ്ങളും പ്ലേഓഫെന്ന നൂല്‍പ്പാലത്തിലൂടെ ലോകകപ്പിലേക്ക് ചുവടുവച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും, യൂറോപ്യന്‍ ലീഗിലെ റണ്വേട്ടക്കാരന് റോബര്‍ട്ടൊ ലെവന്‍ഡോവ്സ്കിയും പോളണ്ടും.
ബ്രൂണൊയിലൂടെ പോര്‍ച്ചുഗല്‍
ഇറ്റാലിയന്‍ കരുത്തിനെ വീഴ്ത്തിയ നോര്‍ത്ത് മാസിഡോണിയ്ക്ക് പറങ്കിപ്പടയ്ക്കു മുന്നില്‍ മറുപടിയുണ്ടായില്ല. എതിരില്ലാത്ത രണ്ടു ഗോളിന് മാസിഡോണിയയെ കീഴടക്കി പോര്‍ച്ചുഗല്‍ തുടര്‍ച്ചയായ ആറാം ലോകകപ്പിന് യോഗ്യത ഉറപ്പാക്കി. 37 വയസു തികഞ്ഞ ക്രിസ്റ്റ്യാനൊയുടെ അഞ്ചാം ലോകകപ്പാണിത്.
പോര്‍ച്ചുഗലിന്റെ മറ്റൊരു സൂപ്പര്‍താരമായ ബ്രൂണൊ ഫെര്‍ണാണ്ടസ് 32, 65 മിനിറ്റുകളിലാണ് ലക്ഷ്യം കണ്ടത്. ഗോളടിച്ചില്ലെങ്കിലും കളം നിറഞ്ഞു കളിച്ച ക്രിസ്റ്റ്യാനൊയാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം ഗോളിന് വഴിയൊരുക്കിയത് ഡീഗോ ജോട്ടയും. അതേസമയം, ഇറ്റലിയുടെ കണ്ണീര് വീഴ്ത്തിയ നോര്‍ത്ത് മാസിഡോണിയയ്ക്ക് ആ പ്രകടനം പോര്‍ച്ചുഗലിനെതിരെ പുറത്തെടുക്കാനായില്ല. പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റയെ പരീക്ഷിക്കുന്ന ഷോട്ടുകളും അവരില്‍നിന്നുണ്ടായില്ല.
മറ്റൊരു കളിയില്‍ കരുത്തരായ സ്വീഡനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലോക ഫുട്ബോളര് റോബര്‍ട്ടൊ ലെവന്‍ഡോവ്സ്കിയുടെ പോളണ്ട് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. 49-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലെവന്‍ഡോവ്സ്കി, 72-ാം മിനിറ്റില്‍ പീറ്റര്‍ സീലിന്‍സ്കി എന്നിവരാണ് പോളിഷ് പോരാളികള്‍ക്കായി ഗോള്‍ നേടിയത്. 2020 യൂറോകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം തടഞ്ഞ സ്വീഡനോട് മധുരപ്രതികാരമായി പോളണ്ടിന്റെ ജയം. ഇതോടെ, നാല്‍പ്പതുകാരനായ സൂപ്പര്‍താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിനെ ഇനി ലോകകപ്പ് വേദിയില്‍ കാണാനാകില്ലെന്ന് ഉറപ്പായി. പോളണ്ടിനെതിരെ അവസാന 11 മിനിറ്റില്‍ സ്വീഡിഷ് പരിശീലകന് ഇബ്രാഹിമോവിച്ചിനെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.
ആഫ്രിക്കയില്‍ ഷൂട്ടൗട്ട്
ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ഘാന, സെനഗല്‍, ടുണീഷ്യ, മൊറോക്കൊ, കാമറൂണ്‍ ടീമുകള്‍ ഖത്തര്‍ ടിക്കറ്റ് സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ മുഹമ്മദ് സലയുടെ ഈജിപ്തിനെ 3-1ന് കീഴടക്കിയാണ് സാദിയൊ മാനെയുടെ സെനഗല്‍ ഖത്തര്‍ ടിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം പാദ പ്ലേ ഓഫില്‍ സലാ പെനാല്‍റ്റി പാഴാക്കിയതും ഈജിപ്തിന് തിരിച്ചടിയായി. ആദ്യപാദത്തില്‍ ഈജിപ്ത് 1-0ന് ജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ ഇതേ മാര്‍ജിനില്‍ സെനഗല്‍ വിജയം സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി ഗോള്‍നില 1-1 ആയതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്.
അധികസമയത്തും വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ മുഹമ്മദ് സലാ ഉള്‍പ്പെടെയുള്ളവര്‍ പെനല്‍റ്റി പാഴാക്കിയപ്പോള്‍, സാദിയോ മാനെയുടെ ഗോളോടെ സെനഗല്‍ വിജയം പിടിച്ചെടുത്തു. ആറ് ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ സെനഗല്‍ ഷൂട്ടൗട്ടില്‍ ഈജിപ്തിനെ തോല്‍പ്പിച്ചത്. ഫെബ്രുവരിയില്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഈജിപ്തിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് സെനഗല്‍ കിരീടം ചൂടിയത്. 2002നുശേഷം സെനഗലിന്റെ ആദ്യ ലോകകപ്പാണ് ഖത്തറിലേത്.
നൈജീരിയയെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ മറികടന്നാണ് ഘാന ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യപാദത്തില്‍ ഗോള്‍രഹിത സമനില പാലിച്ച ഇരുടീമുകളും രണ്ടാം പാദത്തില്‍ 1-1ന് സമനിലയില്‍ പിരിഞ്ഞു. ഇതോടെ എതിരാളികളുടെ തട്ടകത്തില്‍ നേടിയ ഗോള്‍ ഘാനയ്ക്ക് ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. 2014നു ശേഷമുള്ള ഘാനയുടെ ലോകകപ്പ് പ്രവേശമാണിത്.
അള്‍ജീരിയയെ എവേ ഗോളിന്റെ കരുത്തില്‍ പരാജയപ്പെടുത്തിയാണ് കാമറൂണും ലോകകപ്പ് ബര്‍ത്ത് സ്വന്തമാക്കിയത്. ആദ്യപാദത്തില്‍ 1-0ന് തോറ്റ കാമറൂണ്‍ രണ്ടാം പാദത്തില്‍ എതിരാളികളുടെ മൈതാനത്ത് 2-1ന്റെ വിജയം നേടി. ഒരു ലോകകപ്പിന്റെ ഇടവേളയ്ക്കു ശേഷമാണ് കാമറൂണ്‍ കളിക്കാനിറങ്ങുന്നത്.
രണ്ടാംപാദ പ്ലേഓഫില്‍ സ്വന്തം മൈതാനത്ത് മാലിയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയമാണ് ടുണീഷ്യയെ ഖത്തറിലെത്തിച്ചത്. അവരുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പാണിത്.
ഇരുപാദങ്ങളിലുമായി 5-2ന്റെ തകര്‍പ്പന്‍ വിജയവുമായാണ് മൊറൊക്കൊ ലോകകപ്പിനെത്തുന്നത്. ആദ്യപാദം 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പാദത്തില്‍ 4-1ന്റെ തകര്‍പ്പന്‍ വിജയമാണ് മൊറൊക്കോ നേടിയത്. 1998നു ശേഷം ആദ്യമായാണ് മൊറൊക്കൊ ലോകകപ്പ് കളിക്കാനെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: