ബെംഗളൂരു: സുപ്രീം കോടതി വിധിയെ മാനിക്കാതെ വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിച്ച് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് ഗദഗില് ഏഴ് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. പരീക്ഷ ആരംഭിച്ച തിങ്കളാഴ്ച ഗദഗിലെ സി.എസ്. പാട്ടീല്‍ പരീക്ഷാ കേന്ദ്രത്തില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഈ അധ്യാപകര്‍ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുകയും, ഹിജാബ് ഊരിമാറ്റാന്‍ പറയാതെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുമായിരുന്നു.
സസ്പെന്ഷനിലായവര്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡിഡിപിഐ) ബസലിംഗപ്പ ജിഎം ആണ് സസ്പെന്ഷന് ഉത്തരവിറക്കിയത്. രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലെയും മേധാവികളെയും സസ്പെന്‍ഡ് ചെയ്തു.
അതേസമയം, ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥിയെ അനുവദിച്ചതിന് ജെവര്‍ഗി താലൂക്കിലെ ഇജേരി ഉറുദു സ്കൂളിലെ അധ്യാപകന് മുഹമ്മദ് അലിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം സേന കലബുറഗി ജില്ലാ പ്രസിഡന്റ് നിങ്കണ്ണ ഗൗഡ പാട്ടീല്‍ കലബുറഗി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്കി. നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വിദ്യാര്‍ത്ഥിയെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: