ന്യൂദല്‍ഹി: അവശ്യമരുന്നുകളുടെ ക്ഷാമം മൂലം ശ്രീലങ്കയിലെ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന കേന്ദ്രമന്ത്രി ജയശങ്കര്‍ ഇടപെട്ടു. ഇന്ത്യന്‍ സഹായം എത്തിയതോടെ ശസ്ത്രക്രിയ പുനരാരംഭിച്ചു.
ശ്രീലങ്കയിലെ പത്രപ്രവര്‍ത്തകനായ ആയുബൊവന്‍ ആണ് ട്വിറ്ററില്‍ ശ്രീലങ്കയിലെ ഒരു ആശുപത്രിയിലെ ദുരവസ്ഥ ട്വീറ്റിലൂടെ പങ്കുവെച്ചത്. ശ്രീലങ്കയെ സാമ്പത്തിക കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നതിനെക്കുറിച്ച് കൊളംബോവില്‍ ചര്‍ച്ചകള്‍ നടത്തിവരുന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈ ട്വീറ്റ് കണ്ടു. ‘പേരഡെനിയ ആശുപത്രിയിലെ നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മരുന്ന് ക്ഷാമം മൂലം റദ്ദാക്കുകയാണ്.’- ഇതായിരുന്നു പത്രപ്രവര്ത്തകന് ആയുബൊവന്റെ ട്വീറ്റ്.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി (ഇക്കണോമിക് ക്രൈസിസ് എല്‍കെ- #economiccrisisLK) എന്ന ടാഗോടെയായിരുന്നു ആയുബൊവന്‍ ട്വീറ്റ് പങ്കു വെച്ചത്.
ഇതിനോട് അയല്‍രാജ്യങ്ങള്‍ ആദ്യം (നൈബര്‍ഹുഡ് ഫസ്റ്റ്- #neighbourhoodfirst) എന്ന ടാഗോടെ കേന്ദ്രമന്ത്രി ജയശങ്കര്‍ പ്രതികരിച്ചു. ‘ഈ വാര്‍ത്ത എന്നെ അസ്വസ്ഥപ്പെടുത്തി. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കെങ്ങിനെ ഇടപെടാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബാഗ്ലേയോട് ആവശ്യപ്പെട്ടിട്ടുണ്ട്’- ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
അസ്വസ്ഥാന മന്ത്രി ഉടന്‍ ഇടപെടാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ കമ്മീഷണറോട് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ ഇന്ത്യയുടെ സഹായം എത്തിയതോടെ പേരഡെനിയ ആശുപത്രിയിലെ നിര്‍ത്തിവെച്ച ശസ്ത്രക്രിയകള്‍ വീണ്ടും ആരംഭിച്ചു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ജയശങ്കര്‍. പേരഡെനിയ ആശുപത്രിയെ അടിയന്തിരമായി സഹായിക്കാന്‍ അദ്ദേഹം ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാഗ്ലേയോട് നിര്‍ദേശിച്ചിട്ടുണ്ട്.
കയറ്റുമതിയേക്കാള്‍ ഇറക്കുമതി വര്‍ധിക്കുകയും (ബാലന്‍സ് ഓഫ് പേമെന്റ്) കോവിഡ് മൂലം ടൂറിസം എന്ന പ്രധാന വരുമാനമേഖല തകരുകയും സദുദ്ദേശ്യത്തോടെ ജൈവകൃഷിയിലേക്ക് തിരിഞ്ഞെങ്കിലും അതെല്ലാം നശിക്കുകയും ചെയ്തതോടെ ശ്രീലങ്ക തല്ക്കാലം പിടിച്ചുനില്ക്കാന് അവരുടെ കറന്‍സിയുടെ മൂല്യം 36 ശതമാനം കുറച്ചു. ഇത് നാണ്യപ്പെരുപ്പത്തിന് ഇടയാക്കിയതോടെ സാമ്പത്തികപ്രതിസന്ധി പൊട്ടിത്തെറിയിലെത്തി. വിദേശനാണ്യശേഖരവും കയ്യിലില്ലാത്തതിനാല്‍ അവശ്യസാധനങ്ങള്‍ പോലും ഇറക്കുമതി ചെയ്യാനാകാതെ വിഷമിക്കുകയാണ് ശ്രീലങ്ക. അവശ്യസാധനങ്ങളുടെ തീവില സാധാരണ ജനജീവിതത്തെ തകിടം മറിച്ചു. ഇന്ത്യ സാമ്പത്തിക സഹായമെന്ന നിലയ്ക്ക് 100 കോടി ഡോളര്‍ വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. പെട്രോളിയം ഉല്പന്നങ്ങള് വാങ്ങാന്‍ ഇന്ത്യ മറ്റൊരു 50 കോടി ഡോളറും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: