കൊച്ചി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ ശാസ്ത്രീയ നൃത്തം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ മന്‍സിയ ശ്യാം കൃഷ്ണനെ പ്രോത്സാഹിപ്പിക്കാനും പിന്തുണ നല്‍കാനും വിശ്വഹിന്ദു പരിഷത്ത് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും, ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരനും അറിയിച്ചു.
ആവിഷ്ക്കാര സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്യം വിശ്വാസ സ്വാതന്ത്യം എന്നിങ്ങനെ നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന നേതാക്കന്മാരാല് നയിക്കപ്പെടുന്ന ഇടതു സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൂടല്‍ മാണിക്യം ദേവസ്വം ഏര്‍പ്പെടുത്തിയ ഈ വിലക്ക് ഹിന്ദു മതത്തിനും ഭാരതത്തിന്റെ കലാ സംസ്ക്കാരത്തിനും വിരുദ്ധമായ നടപടിയാണ്. ക്ഷണിച്ചു വരുത്തിയശേഷം ക്ഷേത്ര വേദിയില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ മതത്തിന്റെ പേരുപറഞ്ഞ് അവസരം നല്‍കാത്ത നടപടിക്കെതിരെ കേരളത്തിലെ സ്വയം പ്രഖ്യാപിത സാംസ്കാരിക നായകര്‍ പ്രതികരിക്കാത്തതിന്റെ കാരണം പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഉസ്താദ് ബിസ്മില്ലാ ഖാന്, യേശുദാസ്, കലാമണ്ഡലം ഹൈദരാലി ഉള്‍പ്പടെയുള്ള ഇതര മതസ്ഥരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സമൂഹമാണ് ഭാരതത്തിലും കേരളത്തിലുമുള്ള ഹിന്ദുക്കള്‍. മിമിക്രി,ഗാനമേള പോലുള്ള കലാപരിപാടികളില്‍ ധാരാളം അഹിന്ദുക്കള്‍ ക്ഷേത്ര മതില് കെട്ടിനകത്ത് കയറുമ്പോള്‍ അവരെ തടയാന്‍ ആരും തയ്യാറാകുന്നില്ല. എന്തിന് ഗുരുവായൂരും ശബരിമലയിലും മറ്റു പ്രധാന ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ജോലിക്ക് പോലും ഇതര മതസ്ഥരെ സര്‍ക്കാര്‍ നിയോഗിക്കുന്നുണ്ട്. എന്നാല്‍ ക്ഷേത്രപാരമ്പര്യത്തിന് അനുസൃതമായ ഭരതനാട്യത്തിന് മാത്രം വിലക്കേര്‍പ്പെടുത്തിയ നടപടി ദുരൂഹമാണ്.
മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിപ്പിച്ച് ഹിന്ദു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള കമ്മ്യുണിസ്റ്റ് സര്‍ക്കാരിന്റെ ഗൂഡതന്ത്രമായി വേണം ഇതിനെ കാണാന്‍. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ആസ്ഥാനം സ്ഥിതിചെയ്യുന്ന പാവക്കുളം ശിവക്ഷേത്രത്തില്‍ മന്‍സിയ ശ്യാം കൃഷ്ണന് സ്വീകരണം നല്‍കാനും അവരുടെ ശാസ്ത്രീയ നൃത്ത പരിപാടി അവതരിപ്പിക്കാനും വിശ്വ ഹിന്ദു പരിഷത്ത് തീരുമാനിച്ചു കഴിഞ്ഞു. വേണ്ടി വന്നാല്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ കീഴിലുള്ള സംസ്ഥാനത്തെ 140 ക്ഷേത്രങ്ങളിലും അവര്‍ക്ക് നൃത്താവതരണത്തിന് അവസരം ഒരുക്കി നല്‍കാനും സംഘടന തയ്യാറാണെന്നും വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: