കേരളത്തെ വെട്ടിമുറിക്കുന്ന കെ.റെയില്‍ പദ്ധതിക്കെതിരായ ജനരോഷം അനുദിനം ശക്തിപ്പെടുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ മറികടന്ന് പദ്ധതി നടപ്പാക്കാന്‍ അമിതാവേശം കാണിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ മുഖംമൂടികള്‍ ഓരോന്നായി അഴിഞ്ഞുവീഴുകയാണ്. പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടില്ലെന്നും, സങ്കീര്‍ണമായ പല പ്രശ്നങ്ങളുമുള്ളതിനാല്‍ ഇപ്പോഴത്തെ നിലയ്ക്ക് അതിന് സാധ്യതയില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി തന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിയുകയുണ്ടായി. ഇപ്പോഴിതാ പദ്ധതി പ്രദേശത്ത് കല്ലിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു കള്ളപ്രചാരണം കൂടി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. കല്ലിടുന്നത് സ്ഥലം ഏറ്റെടുക്കാനല്ല, സാമൂഹ്യാഘാത പഠനം നടത്താനാണെന്ന് ആവര്‍ത്തിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും. സര്‍വേ നടത്താനാണെങ്കില്‍ എന്തിനു കല്ലിടണമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ ഉരുണ്ടുകളിക്കുകയായിരുന്നു സര്‍ക്കാര്‍. സര്‍വെ നടത്താന്‍ ഉചിതമായ അടയാളമിടാമെന്നാണ് കോടതി ഉത്തരവിലുള്ളത്. പദ്ധതി പ്രദേശത്തെ വീടുകളുടെ ഭിത്തികളിലും മരങ്ങളിലുമൊക്കെ അടയാളമിട്ടാല്‍ മതിയാകും. എന്നാല്‍ ഇതിനു നില്‍ക്കാതെ മുന്‍കൂര്‍ അറിയിപ്പോ നോട്ടീസോ നല്‍കാതെ ജനങ്ങളുടെ വസ്തുവില്‍ പോലീസിനെ ഉപയോഗിച്ച് അതിക്രമിച്ചു കയറി കല്ലിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ജനങ്ങളുടെ ന്യായമായ എതിര്‍പ്പിനെ മറികടന്ന് കെ.റെയിലിന് കല്ലിടുന്നതിനു പിന്നില്‍ പിണറായി സര്‍ക്കാരിന് ഗൂഢോദ്ദേശ്യമാണുള്ളതെന്ന് തുടക്കം മുതല്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനു തന്നെയാണ് കല്ലിടുന്നതെന്നും നടപടികളിലേക്ക് കടക്കുന്നത് പിന്നീടായിരിക്കുമെന്നുമാണ് റവന്യൂ മന്ത്രി കെ. രാജന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കല്ലിടുന്നതെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവിലുള്ളതും വെളിപ്പെട്ടിരിക്കുന്നു. സാമൂഹികാഘാത പഠനവും സ്ഥലമേറ്റെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന് സര്‍ക്കാര്‍ പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുത്ത് ജനങ്ങളെ ദുരിതത്തിലാക്കുന്നത് എന്തിനാണെന്ന് ചോദ്യമുയര്‍ന്നപ്പോള്‍, ആരുപറഞ്ഞു കല്ലിടുന്നത് സ്ഥലമേറ്റെടുക്കാനാണെന്ന മറുചോദ്യമാണ് സിപിഎമ്മും സര്‍ക്കാരും ഉന്നയിച്ചത്. ഇതിലെ കാപട്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിലുള്ളതുപോലെ ഉചിതമായ അടയാളങ്ങള്‍ രേഖപ്പെടുത്തി സര്‍വെ പൂര്‍ത്തീകരിക്കാമെന്നിരിക്കെ അതു ചെയ്യാതെ ജനങ്ങളുടെ വസ്തുവില്‍ ഒരുതരത്തിലുള്ള ക്രയവിക്രയവും സാധ്യമാകാത്തവിധം കെ.റെയില്‍ എന്നെഴുതിയ കല്ലുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധവും പൗരന്റെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവുമാണ്.
കെ.റെയിലിന്റെ പേരില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനു പിന്നില്‍ സര്‍ക്കാരിന് ദുരുദ്ദേശ്യമാണുള്ളതെന്ന് വ്യക്തമാണ്. സാമൂഹ്യാഘാത പഠനത്തിനാണ് ഇതെന്ന് പുറമേക്ക് പറയുന്നതാണ്. പദ്ധതിക്ക് പണം നല്‍കുമെന്ന് കരുതപ്പെടുന്ന വിദേശ യജമാനന്മാരെ ബോധ്യപ്പെടുത്തുന്നതിനാണിത്. സ്ഥലം ഏറ്റെടുത്തിരിക്കുന്നുവെന്ന് ബോധ്യമായാലേ പണം ലഭിക്കുകയുള്ളൂ. സര്‍വേയും സാമൂഹ്യാഘാത പഠനവും ഇതിന്റെ ചര്‍ച്ചകളും പുനഃപരിശോധനയും കഴിയുന്നതുവരെയും, അതിനുശേഷം കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതി ലഭിക്കുന്നതുവരെയും കാത്തിരിക്കാനാവില്ല. ഇപ്പോഴത്തെ നിലയ്ക്ക് ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് വിദേശ ഏജന്‍സികളില്‍നിന്ന് ലഭിക്കുന്ന ഫണ്ടിന്റെ ചെറിയ കമ്മീഷന് പോലും ഭീമമായ സംഖ്യ വരും. ഇത് തരപ്പെടുത്തിയെടുക്കുക എന്നതു മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പ്പര്യം. പണം കയ്യില്‍ വരാന്‍ പോകുന്നതിന്റെ ആഹ്ലാദം മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറച്ചുപിടിക്കാനാവുന്നില്ല. അതുകൊണ്ടാണ് വികസനത്തിനുവേണ്ടിയുള്ള പദ്ധതി ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്നു മുഖ്യമന്ത്രി ചോദിക്കുന്നത്. എന്തായാലും കേന്ദ്ര സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് പോകുന്നില്ലെന്ന തോന്നല്‍ സംസ്ഥാന സര്‍ക്കാരില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ അനുമതി കിട്ടിയില്ലെങ്കില്‍ അതിനുള്ള വഴി അപ്പോള്‍ നോക്കാമെന്ന കോടിയേരിയുടെ പ്രസ്താവന ഇതിന്റെ പ്രതിഫലനമാണ്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ മറ്റേതു മാര്‍ഗമാണാവോ സിപിഎം ഉദ്ദേശിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കണം. ഇനിയെങ്കിലും ജനങ്ങളെ കബളിപ്പിക്കുന്ന കള്ളപ്രചാരണം സര്‍ക്കാര്‍ അവസാനിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: