ന്യൂദല്‍ഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അടക്കം സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. വാരിയംകുന്നനെ കൂടാതെ തിരൂരങ്ങാടിയിലെ ആലി മുസല്യാര്‍ അടക്കം മലബാര്‍ കലാപത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ശുപാര്‍ശയ്ക്കു ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍) അംഗീകാരം നല്‍കിയത. ശനിയാഴ്ച ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലെ തീരുമാനം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കൈമാറും. മലബാര്‍ കലാപ രക്തസാക്ഷികളുടെ പേരുകള്‍ ഒഴിവാക്കിയാവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളുടെ പേരുകള്‍ ഉള്‍പ്പെടുന്നതാണു സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവിന്റെ അഞ്ചാം ഭാഗം.
മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിലനിര്‍ത്തരുതെന്നു വാദമുയര്‍ന്നപ്പോഴാണു ഐസിഎച്ച്ആര്‍ മൂന്നംഗ സമിതിയെ നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്. കോവിഡ് സാഹചര്യത്തില്‍ ജനറല്‍ കൗണ്‍സില്‍ കൂടാന്‍ വൈകുകയായിരുന്നു.
ഐസിഎച്ച്ആര്‍ ഡയറക്ടര്‍ (റിസര്‍ച് ആന്‍ഡ് അഡ്മിനിസ്ട്രേഷന്) ഓംജീ ഉപാധ്യായ്, ഐസിഎച്ച്ആര്‍ അംഗവും കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ. ഐസക്, ഐസിഎച്ച്ആര്‍ അംഗം ഡോ. ഹിമാന്‍ഷു ചതുര്‍വേദി എന്നിവരുടെ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണു കൗണ്‍സില്‍ പൊതുയോഗം അന്തിമാംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: