കോഴിക്കോട്: 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുള്ള കാരണം മുസ്ലിങ്ങള്‍ക്ക് പന്നിയോടുള്ള ഹറാമാണെന്നാണ് ഒരു ചരിത്രവാദം. അതെന്തായാലും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് പന്നിയോടുള്ള വിരോധം കാരണം ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയിലെ ഒരു നാണയം തന്നെ നിരോധിക്കേണ്ടി വന്നു എന്നത് ചരിത്ര സത്യമാണ്.
ഇതിന് തെളിവാണ് പന്നിപ്പണം എന്ന പേരില്‍ 110 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഇന്ത്യയില്‍ ഉപയോഗത്തിലുണ്ടായിരുന്ന നാണയം. നാണയ ശാസ്ത്ര കുതുകികളുടെ സംഘടന കോഴിക്കോട്ട് ഒരുക്കിയ പ്രദര്‍ശനത്തില്‍ ഈ വിവാദ നാണയമുണ്ട്. 1911ല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കി.
നാണയത്തിന്റെ രൂപകല്പന നടത്തിയപ്പോള്‍, ചക്രവര്‍ത്തിയുടെ മേലങ്കിയിലുള്ള ആനയുടെ രൂപം പന്നിയുടേതായി മാറിപ്പോയി. ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പന്നി പ്രക്ഷോഭമായി. ബ്രിട്ടീഷ് സര്‍ക്കാര്‍ അച്ചടിച്ചിറക്കിയ മുഴുവന്‍ നാണയങ്ങളും പിന്‍വലിച്ച് ഉരുക്കിയതിനു ശേഷമേ പ്രക്ഷോഭം അവസാനിച്ചുള്ളു.
ഒരു രൂപ, അര രൂപ, കാല് രൂപ, രണ്ടണ, ഒരണ എന്നീ വിഭാഗങ്ങളിലായിരുന്നു ജോര്‍ജ് അഞ്ചാമനോടുള്ള ആദരസൂചകമായി ഇറക്കിയ നാണയങ്ങള്‍. ആനയ്ക്ക് പകരം പന്നിയുടെ രൂപം ചേര്‍ത്തതോടെ ഈ നാണയങ്ങളെ ജനങ്ങള്‍ പന്നിപ്പണം എന്നു വിളിച്ചുതുടങ്ങി. ആനയുടെ ചിത്രം വരയ്ക്കുമ്പോള്‍ കൊമ്പ് ചെറുതായിപ്പോയതാണത്രെ പന്നിയെ പോലെ തോന്നിക്കാന്‍ കാരണം. ഈ നാണയം പിന്‍വലിച്ച ശേഷം ആനയുടെ ചിത്രം കൃത്യമായി വരച്ച പുതിയ നാണയം പുറത്തിറക്കി.
ഇത് ആന നാണയം എന്നും അറിയപ്പെട്ടു. ഇപ്പോള്‍ നാണയ ശേഖരം നടത്തുന്നവര്‍ക്കിടയില്‍ ഏറെ ഡിമാന്‍ഡുള്ള നാണയങ്ങളാണ് പന്നിപ്പണവും ആന നാണയവും. പന്നിപ്പണം ഒരു നാണയത്തിന് 2000 രൂപയും ആന നാണയത്തിന് 700 രൂപയും വിലയുണ്ട്. കാലിക്കറ്റ് ന്യൂമിസ്മാറ്റിക്സ് സൊസൈറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച നാണയ-കറന്‍സി പ്രദര്‍ശനത്തിലാണ് ഈ അപൂര്‍വ്വ നാണയമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: