തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെയുള്ള പ്രതിഷേധത്തിനിടെ കല്ലിടല്‍ നടപടിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ തുലയ്ക്കുന്നത് ലക്ഷങ്ങള്‍. സംസ്ഥാന വ്യാപകമായി സില്‍വര്‍ ലൈന്‍ കല്ലിടല്‍ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.
സര്‍വ്വേയുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകള്‍ ജനങ്ങള്‍ പിഴുതെടുത്ത് കടലിലും കായലിലും തള്ളുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. പിഴുതെടുക്കുന്ന കല്ലുകളുടെ സ്ഥാനത്ത് വീണ്ടും കല്ലുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് കോര്‍പ്പറേഷനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം വലുതാക്കും. ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ഏകദേശം 10,000 രൂപയാണ് കെ റെയില്‍ കോര്‍പ്പറേഷനു പ്രതിദിനം ചെലവാകുന്നത്. അതിരടയാളക്കല്ലിന് കരാറുകാര്‍ക്കു നല്‍കുന്നത് 1,000 രൂപയാണ്. കല്ല് കൊണ്ടു വരുന്ന ചെലവും ഇറക്കുന്ന ചെലവും വേറെ.
ഇതിനു പുറമേ, കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനു 7,000 രൂപ ഒരു ദിവസം നല്‍കണം. മേല്‍നോട്ടച്ചെലവ് 1,000 രൂപ. ഗതാഗതച്ചെലവ് 1,700. ഓരോ പ്രദേശത്തിനനുസരിച്ചും ഈ ചെലവില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. റവന്യൂ വകുപ്പിനാണ് കല്ലിടുന്നതിന്റെ ചുമതല. ഉദ്യോഗസ്ഥരുടെ ശമ്പളവും വാഹനവും പെട്രോള്‍ ചാര്‍ജും വേറെ. അതിരു നിര്‍ണയിച്ച് സാമൂഹിക ആഘാത പഠനം നടത്താനാണ് കല്ലിടുന്നത്. മൂന്ന് കരാറുകാരാണ് കോര്‍പ്പറേഷനു കോണ്‍ക്രീറ്റില്‍ നിര്‍മിച്ച അതിരടയാളക്കല്ലുകള്‍ വിതരണം ചെയ്യുന്നത്. 90 സെന്റീമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വിസ്തീര്‍ണവുമുള്ള 24,000 കല്ലുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ടി വരിക. പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ ഏജന്‍സികള്‍ക്ക് സര്‍വ്വേ നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയുമാണ്. നിലവില്‍ ഇതുവരെ സ്ഥാപിച്ചത് 6,100 കല്ലുകള്‍ മാത്രമാണ്.
ആകെ 530 കിലോമീറ്ററിലാണ് സില്‍വര്‍ലൈന്‍ പാത സ്ഥാപിക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ കല്ലിടല്‍ പൂര്‍ത്തിയായത് 185 കിലോമീറ്റര്‍ മാത്രമാണ്. അതില്‍ ഏറ്റവും കൂടുതല്‍ കാസര്‍കോടാണ്. 42.6 കിലോമീറ്റര്‍. പത്തനംതിട്ടയില്‍ ഒരു കല്ലുപോലുമിടാനായിട്ടില്ല. പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതോടെ കല്ലിടാനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കും. ഇതോടെ സര്‍ക്കാരിന് നിലവിലെ ചെലവ് ഇരട്ടിക്കും. ഡിപിആര്‍ പ്രകാരം പദ്ധതിക്ക് 1226.45 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. സര്‍ക്കാര്‍ ഭൂമിയേക്കാളും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുക. ആകെ പദ്ധതിയുടെ 80 ശതമാനവും സ്വകാര്യ ഭൂമിയിലായിരിക്കും. അതു കൊണ്ടു തന്നെ പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍ നന്നായി വിയര്‍ക്കും. ഇതിലൂടെ കോര്‍പ്പറേഷനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. സര്‍വ്വേക്കായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്ന തുക തികയാതെ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: