തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിന് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. കൂടുതല്‍ പോലീസ് സേനാംഗങ്ങളേയും സായുധ സംഘമായ വ്യവസായ സംരക്ഷണ സേനയേയും വിന്യസിക്കും. റോഡുകളിലും ക്ലിഫ്ഹൗസ് കോംപൗണ്ടിലും അധികം ക്യാമറകളും സ്ഥാപിക്കും.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസ് കോംപൗണ്ടില്‍ കടന്നുകയറി കെ-റെയില്‍ സര്‍വെ കല്ല് സ്ഥാപിച്ചത് പോലീസിന് വന്‍ നാണക്കേടായിരിക്കുകയാണ്. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച ആവര്‍ത്തിക്കാതിരിക്കാനായാണ് പുതിയ സജീകരണങ്ങള്‍. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് ഇരുന്നൂറ്റിയമ്പത് മീറ്ററോളം അകലെയുള്ള ദേവസ്വം ബോര്‍ഡ് ജംഗ്്ഷന് മുതല്‍ ഇപ്പോള്‍ തന്നെ നിയന്ത്രണ മേഖലയാണ്. ഇവിടെയടക്കം നിയന്തരണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ല് സ്ഥാപിച്ചത് കൃഷിമന്ത്രിയുടെ വസതിയിലാണെന്നാണ് പോലീസ് വാദം. എന്നാല്‍ അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസ് കോംപൗണ്ടിലെ അഞ്ചോളം കെട്ടിടങ്ങളില്‍ ഒന്നാണ് കല്ല് സ്ഥാപിക്കപ്പെട്ട കൃഷിമന്ത്രിയുടെ വസതി. ഇവിടേക്കാണ് ആറ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലുമായെത്തി പ്രതിഷേധിച്ചത്.
സുരക്ഷാ മേല്‍നോട്ടത്തിനായി ഒരു ഡി.ഐ.ജിയെ നിയോഗിക്കണമെന്ന് ശുപാര്‍ശയുണ്ട്. എന്നാല്‍ ഇതുവരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നിലവില്‍ അമ്പതിലധികം പോലീസ് സേനാംഗങ്ങളാണ് ക്ലിഫ്ഹൗസിന് സുരക്ഷ നല്‍കുന്നത്. സുരക്ഷ സജ്ജമാക്കുന്നതോടെ ഇത് നൂറായി ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: