ബസ് യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. സ്വകാര്യ ബസ് സംഘടനാ നേതാക്കളുമായി ഗതാഗതമന്ത്രി പലകുറി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ മന്ത്രിക്കും ബോധ്യപ്പെട്ടു. യാത്രാനിരക്ക് കൂട്ടേണ്ടതുതന്നെയാണ്. യാത്രാനിരക്ക് കൂട്ടാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ പണിമുടക്കിലാണ്. പണിമുടക്കിയാലും മുടക്കിയില്ലെങ്കിലും യാത്രാനിരക്ക് കൂട്ടുമെന്നും മന്ത്രി പ്രസ്താവിച്ചത് അടുത്തിടെയാണ്.
അതിനിടയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന അഭിപ്രായം ബസുടമകള്‍ക്കുണ്ട്. മന്ത്രിക്കും ആ അഭിപ്രായം തന്നെ. അത് പറയുമ്പോള്‍ നാക്കൊന്ന് ഉടക്കി. വിദ്യാര്‍ഥികള്‍ക്കുതന്നെ കുറഞ്ഞ നിരക്കില്‍ യാത്രചെയ്യുന്നതില്‍ നാണക്കേടുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. രണ്ടു രൂപയാണ് നിരക്കെങ്കില്‍ അഞ്ചുരൂപ കൊടുത്താല്‍ പിള്ളേര് ബാക്കി വാങ്ങാറില്ലെന്നായി മന്ത്രി. അത് വിവാദമായി. ഭരണകക്ഷി വിദ്യാര്‍ഥി സംഘടനകളടക്കം സമരം പ്രഖ്യാപിച്ചു. കുറ്റം പത്രക്കാരുടേതാക്കി തടിതപ്പാനായി മന്ത്രിയുടെ ശ്രമം. ഇങ്ങനെയാവണം മന്ത്രി, എന്ന അഭിപ്രായം പൊതുവിലുയര്‍ന്നു.
ബസ് പണിമുടക്ക് തുടങ്ങുമ്പോള്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നു. എവിടെയൊക്കെ ബദല്‍ ഏര്‍പ്പെടുത്തും. വടക്കേ മലബാറില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന 95 ശതമാനം റൂട്ടുകളുണ്ട്. അവിടെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞോ? കഴിഞ്ഞില്ല. എന്തുകൊണ്ടാണത്.
കെഎസ്ആര്‍ടിസിയുടെ 1800 ലേറെ ബസുകള്‍ കട്ടപ്പുറത്ത് കിടക്കുകയാണ്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ തുരുമ്പെടുക്കുന്ന ഈ ബസുകളുടെ സ്പെയര്‍പാര്‍ട്സുകള്‍ ഊരിയെടുത്താണ് ബാക്കിയുള്ളവയ്ക്ക് ഉപയോഗിക്കുന്നത്. കോട്ടയത്തെ വൈക്കം, ആലപ്പുഴയിലെ കായംകുളം, ചേര്‍ത്തല, കൊല്ലത്തെ ചാത്തന്നൂര്‍, ചടയമംഗലം, തിരുവനന്തപുരത്തെ ആറ്റിങ്ങല്‍, ഈഞ്ചക്കല്‍, പാലക്കാട്ടെ ചിറ്റൂര്‍, മലപ്പുറത്തെ എടപ്പാള്‍ ഡിപ്പോകളിലാണ് ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത്. ഷെഡ്ഡുപോലും ഇല്ലാതെ പൊരിവെയിലത്തും മഴയത്തുമാണ് മിക്ക ബസുകളും.
കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം 1800 ബസുകളുടെ സര്‍വ്വീസ് കെഎസ്ആര്‍ടിസി കുറച്ചിട്ടുണ്ട്. സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങാത്തതിനാല്‍ ഓട്ടം നിലച്ച ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ റോഡിലിറക്കാനും സാധിക്കുന്നില്ല. പരീക്ഷ തുടങ്ങിയ കാലമാണ്. ബസില്ലാത്തതുമൂലം പരീക്ഷക്കെത്തേണ്ട വിദ്യാര്‍ഥികള്‍ക്കുണ്ടായ വിഷമം ചെറുതല്ല.
ആറ് വര്‍ഷത്തിനിടെ ചുരുങ്ങിയ ബസുകള്‍ മാത്രമാണ് വാങ്ങിയത്. ഏറ്റവും പുതിയ ബസുകളാണ് സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ്സ് വണ്ടികളായി ഓടിക്കാറുള്ളത്. പഴയതാകുമ്പോള്‍ അവ ഓര്‍ഡിനറികളാക്കും. എന്നാല്‍ പുതിയ ബസുകള്‍ വാങ്ങുന്നത് കുറഞ്ഞതോടെ സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് എന്ന ബോര്‍ഡും വച്ച് ഓടുന്ന മിക്ക ബസുകളും എട്ടും ഒമ്പതും വര്‍ഷം പഴക്കമുള്ളവയാണ്. പഴയ ബസുകള്‍ക്ക് മെയിന്റനന്‍സ് ചെലവുകള്‍ കൂടുതലായതിനാല്‍ ഇതും കെഎസ്ആര്‍ടിസിയുടെ നഷ്ടം കൂട്ടുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ത്തന്നെ പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയാണ് പുതിയ ബസുകള്‍ വാങ്ങുന്നത്.
കട്ടപ്പുറത്തായ ബസുകള്‍ക്ക് ആവശ്യമായ സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങി അവ ഫിറ്റ്നസ്സോടെ റോഡിലിറക്കിയാല്‍ ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നത് ഒഴിവാക്കാം. എന്നാല്‍, കോടികള്‍ വിലവരുന്ന ബസുകള്‍ കട്ടപ്പുറത്ത് ഉപേക്ഷിക്കുകയും പകരം കിഫ്ബിയില്‍ നിന്ന് പണം കടമെടുത്ത് പുതിയ ബസുകള്‍ വാങ്ങുകയും ചെയ്യുക എന്ന നയമാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അതാകട്ടെ കൂനിന്മേല് കുരുവായിമാറുന്ന അവസ്ഥയിലുമായി. സ്വിഫ്റ്റ് ബസുകളും സിറ്റി ബസുകളും ഓടുന്നത് കൗതുകകരമാണ്. പത്തുരൂപ കൊടുത്താല്‍ സിറ്റിബസില്‍ സഞ്ചരിക്കാം. നെടുനീളന്‍ ബസില്‍ രണ്ടോ മൂന്നോ പേര് മാത്രം. യാത്ര കുശാല്‍.
മറ്റൊരുമന്ത്രി കെ റെയിലിനെക്കുറിച്ചാണ് അഭിപ്രായപ്പെട്ടത്. കെ.റെയിലിന് ബഫര്‍സോണില്ലെന്ന മന്ത്രിയുടെ അഭിപ്രായം ചോദ്യം ചെയ്തപ്പോള്‍ ‘ഞാന്‍ മന്ത്രിയാണ്, മന്ത്രിയാണ് പറയുന്നതെന്ന്’ ആവര്‍ത്തിക്കുകയായിരുന്നു.
കെ റെയില്‍ എംഡി പറയുന്നത് അങ്ങനെയല്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോഴും ‘ഞാനൊരു മന്ത്രിയാ’ണെന്നായിരുന്നു മറുപടി. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി ദല്‍ഹിയില്‍ പറഞ്ഞത് ബഫര്‍ സോണിന് കാശ് കൊടുക്കില്ലെന്നാണ്. അതില്‍ നിന്നും വ്യക്തമായി ബഫര്‍ സോണ്‍ ഉണ്ടെന്ന്. ഇതാണ് പറഞ്ഞത് ‘ഇതാണ് മന്ത്രി, ഇങ്ങനെയാവണം മന്ത്രി’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: