ന്യൂദല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. സന്നദ്ധ സംഘടനായ നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദി ഡിസബിള്‍ഡ് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്.
ഐപിഎസ് കൂടാതെ ഇന്ത്യന്‍ റെയില്‍വേ സുരക്ഷാ സേന, ദല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷ്വദീപ് പോലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രീംകോടതി പുറത്തിറക്കിയ ഇടക്കാല ഉത്തരവില്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തുടര്‍ നടപടികള്‍.
സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചവര്‍ക്ക് ഏത് സര്‍വീസില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യം എന്ന് വ്യക്തമായി അപേക്ഷ നല്‍കേണ്ട അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. യുപിഎസ്സി സെക്രട്ടറി ജനറലിന് നേരിട്ടോ കൊരിയര്‍ മുഖേനെയോ ആണ് അപേക്ഷ നല്‍കേണ്ടത്.
എന്നാല്‍ അംഗപരിമിതര്‍ക്ക് പോലീസ് സേന വിഭാഗങ്ങളില്‍ നിലവില്‍ അപേക്ഷിക്കാന്‍ കഴിയില്ല. ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയിപ്പോള്‍ ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. അംഗപരിമിതര്‍ക്ക് ഏപ്രില്‍ ഒന്നിന് നാല് മണിവരെ അപേക്ഷ നല്‍കാനും സുപ്രീംകോടതി സമയം അനുവദിച്ചു. ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്കാന് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്കി. ഏപ്രില്‍ 15-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: