പത്രഭാഷയില്‍ പൊതുവെ കാണുന്ന വൈകല്യങ്ങളിലൊന്നാണ് ആവര്‍ത്തനം. ചെറിയ ചരമവാര്‍ത്തകളില്‍പ്പോലും പദങ്ങളുടെയും വാക്യങ്ങളുടെയും ആവര്‍ത്തനം കാണാം. നോക്കുക:
”ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു.
ചാരുംമൂട്: ബൈക്കിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. താമരക്കുളം പേരൂര്‍ കാരാഴ്മ നിലയ്ക്കല്‍ വടക്കതില്‍ സദാനന്ദ(72)നാണ് മരിച്ചത്…”
തലക്കെട്ട് അതേപടി വാര്‍ത്തയുടെ ആദ്യവാക്യം ആക്കിയിരിക്കുന്നു. അത് പൂര്‍ണമായി ഒഴിവാക്കാം.
ചാരുംമൂട്: ബൈക്കിടിച്ച് താമരക്കുളം പേരൂര്‍ കാരാഴ്മ നിലയ്ക്കല്‍ വടക്കതില്‍ സദാനന്ദന്(72) മരിച്ചു എന്നേ വേണ്ടൂ.
”യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
മൂലമറ്റം: യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണാര്‍ വെങ്കിട്ട ഇടയ്ക്കാട്ട് അനൂപാണ് (കുഞ്ഞി-40) മരിച്ചത്…”
ആദ്യവാക്യം പൂര്‍ണമായി ഒഴിവാക്കാം.
”കാണാര്‍ വെങ്കിട്ട ഇടയ്ക്കാട്ട് അനൂപിനെ (കുഞ്ഞി-40) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി” എന്ന് നേരെ കാര്യം പറയാമല്ലോ.
”തൂണു തകര്‍ന്നുവീണ്
99 വയസ്സുകാരി മരിച്ചു
അന്നമനട: തൂണു തകര്‍ന്നു വീണ് വയോധിക മരിച്ചു. പാ
ണപറമ്പില് രുക്മിണി(99) ആണ് മരിച്ചത്….”
ഇവിടെയും ആദ്യവാക്യം ഒഴിവാക്കാം.
‘പാണപറമ്പില്‍ രുക്മിണി(99) തൂണു തകര്‍ന്നുവീണു മരിച്ചു’ എന്നു മതി.
തലക്കെട്ടില്‍ ’99 വയസ്സുകാരി’ക്കു പകരം ’99 കാരി’ എന്നു മതി.
99 കാരി എന്നു തലക്കെട്ടില്‍ പറഞ്ഞതിനാല്‍ ‘വയോധിക’ എന്ന വിശേഷണം വേണ്ട.
”ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു”
പനങ്ങാട്: ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. പനങ്ങാട് കുന്നത്ത് നികര്‍ത്തില്‍ കെ.വി. വിജീഷാണ് (50) മരിച്ചത്….”
ആദ്യ വാക്യം എന്തിന്? ”പനങ്ങാട് കുന്നത്ത് നികര്‍ത്തില്‍ കെ.വി. വിജീഷ് (50) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു” എന്നാണ് എഴുതേണ്ടത്.
”വിനോദസഞ്ചാരി
ഇടിമിന്നലേറ്റു മരിച്ചു
അടിമാലി: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരി ഇടിമിന്നലേറ്റു മരിച്ചു. തൃശൂര്‍ കുരിയച്ചിറ സ്വദേശി കുന്നംകുമരത്ത് ലൈജു(34) ആണ് മരിച്ചത്….”
ഇവിടെയും തലക്കെട്ടിന്റെ തനിയാവര്‍ത്തനം. ‘മൂന്നാറിലെത്തിയ തൃശൂര്‍ കുരിയച്ചിറ സ്വദേശി കുന്നംകുമരത്ത് ലൈജു(34) ഇടിമിന്നലേറ്റു മരിച്ചു…’ എന്നെഴുതി ആവര്‍ത്തനം ഒഴിവാക്കാം. തലക്കെട്ടില്‍ ‘വിനോദസഞ്ചാരി’ ഉണ്ടല്ലോ. ‘സന്ദര്‍ശനത്തിനെത്തിയ, വിനോദസഞ്ചാരി’ എന്നീ ആവര്‍ത്തനങ്ങള്‍ വേണ്ട.
ഇത്തരം ഉദാഹരണങ്ങള്‍ക്ക് കണക്കില്ല! ചരമവാര്‍ത്തകളിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ ഭാഷ നന്നാകും; വായനക്കാര്‍ക്ക് ക്ലേശം കുറയും. പത്ര സ്ഥലം പാഴാകാതിരിക്കും.
ചരമ വാര്‍ത്തകളില്‍ പലപ്പോഴും ‘വയോധികനെ’യും ‘വയോധിക’യെയും കാണാം. ഇങ്ങനെ വിശേഷിപ്പിക്കുന്നതിനുള്ള ചുരുങ്ങിയ യോഗ്യത എന്താണെന്നറിയില്ല. എന്തായാലും, അറുപതു പിന്നിട്ടവര്‍ക്കെല്ലാം ചില പത്ര ലേഖകര്‍ ഈ വിശേഷണം ഔദാര്യപൂര്‍വം ചാര്‍ത്തിക്കൊടുക്കുന്നു. യുവാവ്, മധ്യവയസ്കന്, മധ്യവയസ്ക എന്നിവരുടെ കാര്യത്തിലും സ്ഥിരതയില്ല. ചില ലേഖകര്‍ക്ക് 45 കാര്‍ ‘യുവാക്ക’ളാണെങ്കില്‍ മറ്റു ചിലര്‍ക്ക് 35 കാര്‍ ‘മധ്യവയസ്ക’രാണ്! ഈ വിശേഷണങ്ങള്‍ക്കെല്ലാം പ്രായപരിധി നിശ്ചയിച്ചാല്‍ ചരമവാര്‍ത്തകളിലെ ‘തമാശകള്‍’ ഒഴിവാക്കാം.
മറ്റു വാര്‍ത്തകളില്‍ നിന്ന്:
”ലോകവനദിന ആചരണം
സംഘടിപ്പിച്ചു”
വളച്ചുകെട്ടല്‍ ആവശ്യമില്ല. ‘ലോകവനദിനം ആചരിച്ചു’ എന്നു നേരെ പറയാമല്ലോ.
”ജന്മിത്വത്തിനും നൈസാം ദുര്‍ഭരണത്തിനെതിരെയും വീറോടെ പൊരുതിയ പോരാളി…”
‘ജന്മിത്വത്തിനും നൈസാം ദുര്‍ഭരണത്തിനുമെതിരെ’ എന്നാണു വേണ്ടത്.
‘സി.വിയുടെ ചരിത്രനോവല്‍ ത്രയങ്ങളില്‍ മൂന്നാമത്തേതാണ് രാമരാജാ ബഹദൂര്‍’
‘നോവല്‍ത്രയ’ത്തില്‍ ശരി.
പിന്കുറിപ്പ്:
‘ഒരുത്തീ’യായ് നവ്യയെത്തി- വാര്‍ത്ത
ഇതെന്തു ‘തീ’യാണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: