ന്യൂദല്‍ഹി: രാജ്യം കാത്തിരുന്ന കായിക മാമാങ്കം ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം ബാക്കി. അഭിമാനത്തോടെ ആഘോഷിക്കുന്ന ഐപിഎല്ലിന്റെ 15-ാം സീസണിന് ശനിയാഴ്ച തുടക്കമാകും. മുംബൈ, പൂനെ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. ശനിയാഴ്ച ആദ്യ മത്സരത്തില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും.
അടച്ചിട്ട മൈതാനങ്ങളിലാകില്ല മത്സരങ്ങളെന്ന പ്രത്യേകത ഇത്തവണയുണ്ട്. 25 ശതമാനം കാണികളെ മൈതാനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. ഇതോടെ ടിവിയില്‍ മാത്രമായി ഐപിഎല്‍ ഒതുങ്ങില്ലെന്ന് ഉറപ്പ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നു ടൂര്‍ണമെന്റ് നടന്നത്. എട്ട് ടീമുകള്‍ മാറി പുത്തന്‍ രണ്ട് ടീമുകളെത്തുന്നതും ആവേശമാകും. ആകെ 74 മത്സരങ്ങളാണ് ഉണ്ടാവുക. ഇന്നലെ മുതല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വിറ്റ് തുടങ്ങി.
യുവതാരങ്ങളുടെ പറുദീസയാണ് ഐപിഎല്‍. ജനശ്രദ്ധ ആകര്‍ഷിക്കാനും ദേശീയ ടീമിലേക്ക് ചാടിക്കയറാനും ഇതിലും മികച്ചൊരു വേദി ലോകക്രിക്കറ്റിലില്ല. ഓസ്ട്രേലിയയില്‍ ബിഗ്ബാഷും, ശ്രലങ്ക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, പാകിസ്ഥാന് തുടങ്ങി ലോകരാജ്യങ്ങളില്‍ വിവിധ ലീഗുകളുണ്ടെങ്കിലും ഐപിഎല്ലിന്റെ മൂല്യം ഉയര്‍ന്നു നില്ക്കുന്നു. രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ പോലും ഐപിഎല്ലിനോട് താത്പര്യം പ്രകടിക്കുന്നത് വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്. ഇക്കുറിയും ഒരുപിടി യുവതാരങ്ങള്‍ അവസരം പ്രയോജനപ്പെടുത്താന്‍ കാത്തുനില്‍ക്കുകയാണ്.
ദക്ഷിണാഫ്രിക്കയുടെ പുത്തന്‍ എബിഡി എന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രവിസ് ഇത്തവണ ഐപിഎല്ലിനെത്തുന്നത് ചിലത് തെളിയിക്കാനാണ്. എബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് മികവാണ് ബ്രവിസിനുള്ളത്. ആ മികവ് ഐപിഎല്ലില്‍ തുടര്‍ന്നാല്‍ സൂപ്പര്‍ താര പട്ടികയിലേക്ക് ഇടം നേടാം. ബൗളിങ്ങിലും ശ്രമം നടത്തുന്ന താരം ഓള്‍റൗണ്ടറുടെ ജോലി നിര്‍വഹിക്കും. മുംബൈ ഇന്ത്യന്‍സാണ് താരത്തെ ലേലത്തിലെടുത്തത്. അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍ത്തടിച്ച താരം 506 റണ്‍സാണ് നേടിയത്.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രാജ്വര്ധന് ഹാങ്ങാര്ക്കറാണ് ഐപിഎല്ലിനെ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ താരം. ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടറുടെ സാധ്യതയാണ് താരത്തിന്റെ ലക്ഷ്യം. മഹാരാഷ്ട്രക്കാരനായ ഹാങ്ങാര്‍ക്കര്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് നടത്തിയത്. മീഡിയം പേസ് ബോളറും വമ്പന്‍ അടികള്‍ക്ക് കെല്‍പ്പുള്ളവനുമാണ് ഹാങ്ങാര്‍ക്കര്‍. ചെന്നൈ സൂപ്പര്‍ കിങ്സിലാണ് താരമുള്ളത്.
ഇന്ത്യയെ അണ്ടര്‍ 19 ലോകകിരീടത്തിലേക്ക് നയിച്ച യാഷ് ദുള്ളും ഐപിഎല്ലില്‍ പ്രതീക്ഷയിലാണ്. രഞ്ജി ട്രോഫിയില്‍ സഞ്ച്വറികളോടെ തകര്‍പ്പന്‍ ഫോമിലാണെന്ന് തെളിയിച്ചു. ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി നേരത്തെ തന്നെ താരത്തെ കണക്കാക്കിയിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് ദുള്‍.
താരലേലത്തില്‍ അത്ഭുത മുന്നേറ്റം നടത്തിയ താരമാണ് വെസ്റ്റിന്‍ഡീസിന്റെ റോവ്മാന്‍ പവല്‍. 75 ലക്ഷത്തില്‍ തുടങ്ങി 2.80 കോടിയാണ് താരം നേടിയത്. വിന്‍ഡീസിനായി മികച്ച പ്രകടനം നടത്തുന്ന താരം സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായ പവല്‍ ഫിനീഷറായി കളത്തിലിറങ്ങിയേക്കും. തകര്‍പ്പന്‍ അടികള്‍ക്ക് പേരുകേട്ട പവല്‍ ട്വന്റി20 ലീഗുകളില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: