തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതാണ്. നാലര മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായിട്ടില്ല. ഇനി ഒത്തുതീര്‍പ്പിനില്ല. സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും സ്വകാര്യ ബസ് ഉടമകള്‍. സര്‍ക്കാര്‍ തഴഞ്ഞതിനാലാണ് സമരത്തിനിറങ്ങുന്നത്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സമരത്തോട് താത്പ്പര്യമില്ലെന്നും ഉടമകള്‍ പ്രതികരിച്ചു.
ചാര്‍ജ് വര്‍ധനയില്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ആരോപിച്ച് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം. ഇതില്‍ നിന്നും പിന്നോട്ടില്ലെന്നും ഗതാഗത മന്ത്രിയുമായി മുമ്പ് നടത്തിയ ചര്‍ച്ചകളില്‍ നിരക്ക് വര്‍ധിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ പിന്നീട് ശബരിമല മകരവിളക്ക്, വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും, മുഖ്യമന്ത്രി വിദേശത്ത് പോയി തിരികെ വരട്ടെ തുടങ്ങി ന്യായങ്ങള്‍ പറഞ്ഞ് നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ നിന്നും മന്ത്രി ആന്റണി രാജു ഒഴിഞ്ഞുമാറുകയായിരുന്നു. ബജറ്റിലും ആനുകൂല്യമുണ്ടായില്ല. അതിനാല്‍ ചാര്‍ജ് വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ബസ് ഉടമകള്‍ അറിയിച്ചു.
എന്നാല്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന സമരവുമായി മുന്നോട്ട് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ബസ്, ഓട്ടോ ടാക്സി പണിമുടക്കുമായി മുന്നോട്ട് പോയാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും. ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് എപ്പോള്‍ എങ്ങനെ വേണം എന്നതില്‍ ചര്‍ച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സര്‍ക്കാരിനെ സമ്മര്‍ദപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു.
മിനിമം ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: