തൃശ്ശൂര്‍: പാലപ്പിള്ളി ജനവാസ മേഖലയില്‍ തിങ്കളാഴ്ച ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചയക്കാനായില്ല. ആനകളെ കാട് കയറ്റാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ഇന്നലെ തോട്ടം തൊഴിലാളികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാട്ടാനക്കൂട്ടം ഇപ്പോഴും പ്രദേശത്ത് തമ്പടിച്ച് നില്‍ക്കുകയാണ്.
ചിമ്മിനി ഡാമിന്റെ ഭാഗത്തേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. തോട്ടം തൊഴിലാളികളും നാട്ടുകാരും ജാഗ്രത പുലര്‍ത്തണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് കൂട്ടങ്ങളിലായി നാൽപ്പതോളം കാട്ടാനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്. ആനക്കൂട്ടം വഴിയോരത്തെ മീന്‍ കട തകര്‍ക്കുകയും കുട്ടിപ്പാലത്തിന് സമീപം പെരുവാങ്കുഴിയില്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇത് രണ്ടാം തവണയാണ് പാലപ്പിള്ളി സെന്ററില്‍ കാട്ടാനകള്‍ ഇറങ്ങുന്നത്. തോട്ടം തൊഴിലാളികളുടെ കൃഷികളും നിരവധി കച്ചവട സ്ഥാപനങ്ങളുമുള്ള പാലപ്പിള്ളിയില്‍ കാട്ടാനകള്‍ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ചിന്നം വിളി കേട്ടാണ് സമീപവാസികള്‍ ആനകള്‍ ഇറങ്ങിയതറിഞ്ഞത്. റോഡിലൂടെ നടന്ന ആനകള്‍ മീന്‍ കച്ചവടം നടത്തിയിരുന്ന തട്ട് വലിച്ചെറിഞ്ഞു. ആനകള്‍ കൂട്ടമായി കൊച്ചിന് മലബാറിന്റെ റബ്ബര്‍ എസ്റ്റേറ്റിലേക്ക് കയറുകയായിരുന്നു.
റബ്ബര്‍ തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്ന ആനകള്‍ വീണ്ടും പാലപ്പിള്ളിയില്‍ എത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് പാലപ്പിള്ളി സെന്ററില്‍ കാട്ടാനകളിലിറങ്ങി വീട്ടുമതില്‍ ഉള്‍പ്പടെ തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: