മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌നപദ്ധതിയാണ് സില്‍വര്‍ ലൈന്‍. അത് ആരെതിര്‍ത്താലും നടപ്പാക്കുക തന്നെ ചെയ്യുമെന്നതാണ് ഭീഷണി. സംസ്ഥാനത്തെ 25 വര്‍ഷത്തേക്കുള്ള വികസന പദ്ധതിയുടെ പ്രധാന നാഴികക്കല്ലാണിത്. അതിനെ തകിടം മറിക്കാന്‍ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്ന ആരോപണവും മുഖ്യമന്ത്രിക്കുണ്ട്. കെ റെയിലിനായി ഇട്ട കല്ലുകള്‍ പിഴുതെറിയുകയാണവര്‍. ഇട്ട കല്ലുകള്‍ ഇട്ടതുതന്നെയാണെന്നാണ് കെ റെയില്‍ മേധാവികളുടെ മുന്നറിയിപ്പ്. കല്ല് പിഴുതെറിഞ്ഞാല്‍ 2500 രൂപ പിഴ കൊടുക്കേണ്ടിവരും. അല്ലെങ്കില്‍ ആറുമാസത്തെ ജയില്‍. ഇതൊക്കെ കേട്ടാല്‍ പാവങ്ങള്‍ പേടിച്ചുപോകും. 2500 രൂപ ഒരുമിച്ചുകാണാത്തവര്‍ക്ക് പേടിക്കാനല്ലേ കഴിയൂ.
ഇപ്പോഴും കല്ലിടല്‍ തുടരുന്നു. പിഴുതെറിയലും നടക്കുന്നു. ഇതെപ്പോള്‍ തീരുമെന്നറിയില്ല. പിഴ ചുമത്തലും കേസെടുക്കലും തുടര്‍ന്നേക്കാം. ഏതായാലും സില്‍വര്‍ ലൈന്‍ വരാനുള്ള സാധ്യത വളരെ വളരെ കുറവാണ് എന്നതാണ് സത്യം. ഒരു റെയില്‍ പദ്ധതി പണിയാന്‍ കെല്‍പ്പുള്ള സംസ്ഥാനമല്ല കേരളം. 63,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. അതിന്റെ ഇരട്ടിയിലധികം വരുമെന്ന് നിതി ആയോഗ് പറയുന്നു. രണ്ടുലക്ഷം കോടി വേണ്ടിവരുമെന്ന അഭിപ്രായവുമുണ്ട്. ഇത്രയും പണം എവിടെ നിന്ന് ലഭിക്കും! പണത്തിന് ഒരു പഞ്ഞവുമില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എഡിബി ഉണ്ട്. ലോകബാങ്കുണ്ട്. കേരള ബാങ്കുണ്ട്, അങ്ങിനെ പലതും. പോരാത്തതിന് തോമസ് ഐസക്കിന്റെ കിഫ്ബിയുമുണ്ട്. ഇതുകൊണ്ടും തീര്‍ന്നില്ലെങ്കില്‍ അപ്പോള്‍ നോക്കാമെന്നൊരു ന്യായവുമുണ്ട്.
എഡിബി. അത് പണ്ട് ഒരുപാട് കേട്ടതാണ്. എഡിബിയെ നാലയലത്ത് അടുപ്പിക്കാന്‍ കൊള്ളില്ലെന്നല്ലെ വാദം. എഡിബിയെ തൊട്ടവനെ കണ്ടാല്‍ കുളിക്കണമെന്നുവരെ പ്രചരിപ്പിച്ചു. ഇങ്ങനെ പ്രചരിപ്പിക്കുമ്പോഴും ചില ഇടത് തദ്ദേശ സ്ഥാപനങ്ങള്‍ എഡിബി വായ്പ ഒപ്പിച്ചു. അതിനെതിരെയും കോലാഹലം ഉയര്‍ന്നതല്ലെ. എഡിബി എന്നാല്‍ കാണാച്ചരടുള്ള ഏര്‍പ്പാടാണ്. അത് തൊട്ടവന്‍ മുടിഞ്ഞുപോകും എന്നുവരെ ശപിച്ച കാലമുണ്ടായിരുന്നല്ലൊ. ഏതായാലും – പോട്ട് – പദ്ധതി വരട്ടെ. എഡിബി എങ്കില്‍ എഡിബി.
മൂന്ന് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ പൊതുകടമെന്ന് കേള്‍ക്കുന്നു. പൊതുകടത്തിന്റെ പലിശകൊടുക്കാന്‍ ഇപ്പോള്‍ കടമെടുക്കേണ്ട ഗതികേടിലാണ് കേരളം. എന്തായാലും കാല്‍നൂറ്റാണ്ടിന്റെ വികസനമല്ലെ. കിട്ടാവുന്നിടത്തുനിന്നൊക്കെ കടമെടുത്ത് തുടങ്ങാം. സ്വപ്‌ന പദ്ധതിയല്ലെ! അത് പണിതല്ലെ പറ്റൂ. യുഡിഎഫുകാരും ബിജെപിക്കാരും ഇങ്ങനെ ഒരുമ്പിട്ടിറങ്ങിയാല്‍ എന്തുചെയ്യും?
പിണറായി വിജയന് മുമ്പ് സിപിഎമ്മിന് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നല്ലോ, വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിനും ഒരു സ്വപ്‌ന പദ്ധതിയുണ്ടായിരുന്നു. അത് പ്രഖ്യാപിച്ച തീയതി ഓര്‍മ്മയുണ്ട്. വിഎസ് അധികാരത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം. ആ സന്തോഷം പങ്കിടാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലത് പറയുകയും ചെയ്തു. തന്റെ സ്വപ്‌ന പദ്ധതിയാണ് കോവളം മുതല്‍ കാസര്‍കോടുവരെയുള്ള ജലഗതാഗതം. മൂന്ന് വര്‍ഷം അത് പൂര്‍ത്തിയാക്കണമെന്നാണ് തന്റെ ആഗ്രഹം. എല്ലാവര്‍ക്കും സന്തോഷം. മന്ദിരങ്ങള്‍ പൊളിക്കേണ്ട-20000 ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട. പോലീസിനെ ഒരുക്കിനിര്‍ത്തി സര്‍വേ കല്ല് നാട്ടേണ്ടതില്ല. കല്ല് പിഴുതെറിയാന്‍ ആളുവരേണ്ട. എന്തൊരു കുശാല്‍. എല്ലാം തുറന്ന് കിടക്കുകയല്ലെ.
ജലഗതാഗതം ഇന്ധനക്ഷമമാണ്. പ്രകൃതിസൗഹൃദവുമാണ്. യാത്രാ, ചരക്ക് നീക്കങ്ങള്‍ക്ക് റോഡ്, റെയില്‍വേ, വിമാന സര്‍വ്വീസുകള്‍ വച്ചുനോക്കുമ്പോള്‍ ആദായകരവും. പല രാജ്യങ്ങളും ഇത് നന്നായി തിരിച്ചറിഞ്ഞു. ഉള്‍നാടന്‍ ജലഗതാഗതത്തിന് വളരെ പ്രോത്സാഹനം ലഭിക്കുന്നതും അതുകൊണ്ടുതന്നെയാണല്ലോ. ചൈനയും ഈ വിഷയത്തില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു എന്നതാണ് ഏറെ രസകരം. ചൈന വളരെ നന്നായി വികസിക്കുന്നതിന്റെ കാരണങ്ങള്‍ ചില പിബി അംഗങ്ങള്‍ ഇടക്കിടെ എടുത്തുപറയുന്നുണ്ടല്ലോ.
ജലഗതാഗതത്തിന് ബംഗ്ലാദേശ് 32 ശതമാനവും ജര്‍മ്മനി 20 ശതമാനവും യുഎസ് 14 ശതമാനവും. ചൈനയില്‍ കൂടുതലായും വ്യാവസായിക, കാര്‍ഷിക വളര്‍ച്ചയ്‌ക്കൊപ്പമാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുടെ കാര്യം പരമ കഷ്ടം തന്നെയാണ്. ഇന്ത്യയില്‍ ജലഗതാഗതം 0.4 ശതമാനം മാത്രമാണ്. അതിനൊരു മാറ്റമുണ്ടാക്കാന്‍ കേരളത്തിനല്ലെ കഴിയേണ്ടത്.
കേരളത്തിലെ ജലഗതാഗതത്തിന് ഏറെ പ്രാധാന്യമുണ്ടല്ലോ. പ്രചീനകാലംതൊട്ട് നദികളും കായലുകളും നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിരവധി കായലുകള്‍ നമുക്കുണ്ട്. പടിഞ്ഞാറോട്ടൊഴുകുന്ന നാല്പത്തിയൊന്നു നദികളുണ്ട്. ഇവയെല്ലാം ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ ഉപാധികളാണ്. ഇവയ്‌ക്ക് ഏകദേശം 1895 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്. നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ഉള്‍നാടന്‍ കനാലുകളാണ്. ഇവിടെ ഏകദേശം 560 കിലോമീറ്റര്‍ നീളമുള്ള വെസ്റ്റ് കോസ്റ്റ് കനാലുമുണ്ട്. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന കെ റെയില്‍ പദ്ധതിയുടെ തന്നെ വലുപ്പം. ഇത് കോവളത്തുനിന്ന് തുടങ്ങി ഹൊസ്ദുര്‍ഗ്‌വരെ നീളുന്നു. ഇതില്‍ ഏതാണ്ട് പകുതിയോളം തന്നെ ഇതിനകം കേന്ദ്ര സര്‍ക്കാര്‍ ദേശീയ ജലപാതയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിഎസിന്റെ കാലത്ത് വര്‍ക്കലയിലെ തുരങ്കത്തിന്റെ ചെളിപോലും മാറ്റിയില്ലെന്ന പരാതിയുണ്ട്. പിണറായിയുടെ സ്വപ്‌നപദ്ധതിയേക്കാള്‍ ആദായകരവും അലോസരമില്ലാത്തതും വിഎസിന്റെ സ്വപ്‌നപദ്ധതിയല്ലെ സര്‍. അതൊന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നതല്ലെ നല്ലത്. പക്ഷേ അതുകൊണ്ട് നാല് മണിക്കൂര്‍ യാത്ര ചെയ്താല്‍ കാസര്‍കോടെത്തില്ല. നാല് മണിക്കൂര്‍ യാത്ര ചെയ്ത് കാസര്‍കോട് എത്തിയിട്ടുവേണം ഒന്നു കുളിക്കാന്‍. ദൈവം സഹായിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: