കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനെത്തത്തുടര്ന്നുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറിനെതിരെ തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശികല ടീച്ചര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ഹരിപാലിന്റെതാണ് ഉത്തരവ്.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2019 ജനുവരി രണ്ടിന് വൈകിട്ട് ആറിന് തൊടുപുഴ മണക്കാട് ജംഗ്ഷനില്‍ അനധികൃതമായി യോഗം ചേര്‍ന്നെന്നും ഒരാളെ ആക്രമിച്ചെന്നുമായിരുന്നു കേസ്. തൊടുപുഴ പൊലീസ് എടുത്ത കേസില്‍ അന്തിമ റിപ്പോര്‍ട്ട് തൊടുപുഴ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയോ തൊടുപുഴയിലെ പൊതുയോഗത്തില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും അധികാരത്തിലുള്ളവര്‍ക്ക് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്നു പ്രതി ചേര്‍ത്തതാണെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഹര്‍ജിക്കാരിക്കെതിരെ തെളിവുകളോ ആരോപണമോ ഇല്ല. ഏതെങ്കിലും തരത്തില്‍ അന്വേഷണം നടത്തിയല്ല പ്രതി ചേര്‍ത്തത്. കേസില്‍ ആദ്യം ഹര്‍ജിക്കാരി പ്രതിയായിരുന്നില്ല. പിന്നീട് ഉള്‍പ്പെടുത്തിയതാണെന്നും ഹര്‍ജിക്കാരിക്കു വേണ്ടി ഹാജരായ അഡ്വ. വി. സജിത് കുമാര്‍ വ്യക്തമാക്കി. ഈ വസ്തുതകള്‍ കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് കേസും തുടര്‍ന്നുള്ള കോടതി നടപടികളും റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: