സി.എസ്. മുരളിശങ്കര്‍
മാവേലിക്കര: കേന്ദ്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, അങ്കണവാടി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങി. ഇതോടെ അറുപത്താറായിരത്തിലധികം പേര് ദുരിതത്തിലായി. ജീവനക്കാരുടെ ശമ്പളത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂറായി നല്കിയ തുക വകമാറ്റി ചിലവാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ഇത് ജീവനക്കാരില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായി.
സാധാരണ എല്ലാ മാസവും ഏഴാം തീയതിക്കകം ബ്ലോക്ക് ലെവല്‍ പ്രോജക്ട് ഓഫീസര്‍മാര്‍ (സിഡിപിഒ) അതാത് പ്രോജക്റ്റിനു കീഴിലുള്ള അങ്കണവാടി ജീവനക്കാരുടെ ബില്‍ ട്രഷറിയില്‍ സമര്‍പ്പിച്ച് ശമ്പളം പാസ്സാക്കി നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ നല്കിയ ബില്ലുകള്‍ പാസാക്കാതെ ട്രഷറികളില്‍ നിന്ന് മടക്കുകയാണ്. ശമ്പളം പാസ്സാക്കാന്‍ സാധിക്കാത്ത വിവരം ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാര്‍ പത്താം തീയതിക്ക് മുന്‍പായി സിഡിഎസ് ഡയറക്റ്ററേറ്റില്‍ അറിയിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിക്കാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ആകെ 33,150 അങ്കണവാടികളിലായി 33,150 ടീച്ചര്‍മാരും അത്രയും തന്നെ സഹായികളുമുണ്ട്. ടീച്ചര്‍മാര്‍ക്ക് മാസം 12,000 രൂപയും സഹായികള്‍ക്ക് പ്രതിമാസം 8000 രൂപയും നല്കുമ്പോള് അതില്‍ 40 ശതമാനത്തിലധികം തുക കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടാണ്. ഇത് ഒരു വര്‍ഷത്തേക്കുള്ള തുക കണക്കാക്കി മുന്‍കൂറായി തന്നെ കേന്ദ്രം നല്‍കിയിട്ടുണ്ട്. ശമ്പളം മുടങ്ങിയതില്‍ ജീവനക്കാരില്‍ അമര്‍ഷം പുകയുമ്പോള്‍ സിപിഎം ആഭിമുഖ്യത്തിലുള്ള ജീവനക്കാരുടെ സംഘടന ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: