കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴ്മരണം. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലായിരുന്നു സംഘര്‍ഷം. തൃണമൂല്‍ പ്രവര്‍ത്തകര്‍ പരസ്പരം വീടുകള്‍ക്ക് തീവെയ്ക്കുകയും ആക്രമിക്കുകയുമായിരുന്നു.
ബര്‍ഷാല്‍ ഗ്രാമത്തിലെ തൃണമൂല്‍ നേതാവും ബാദു ഷെയ്ഖിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് കലാപം രൂപപ്പെട്ടത്. ബൈക്കില്‍ എത്തിയ അക്രമി സംഘം ഷെയ്ഖിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഉണ്ടായ കലാപത്തില്‍ പ്രദേശത്തെ പന്ത്രണ്ടോളം വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കുകയായിരുന്നു. ഗ്രാമത്തിലെ നിരവധി വീടുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു.
താമസക്കാരെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് വീടുകള്‍ക്ക് തീകൊളുത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് അഗ്നിരക്ഷാസേനയ്ക്ക് സംഭവസ്ഥലത്ത് എത്താനായത്. കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു.
ഗ്രാമത്തിലെ വീടുകള്‍ കത്തിനശിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണെന്നായിരുന്നു തൃണമൂല്‍ ജില്ലാ പ്രസിഡന്റായ അനുഭാത്ര മൊണ്ഡാലിന്റെ പ്രതികരണം. പ്രദേശത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് വീടുകള്‍ക്ക് തീപിടിച്ചതെന്നും നേതാവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: