ഇസ്ലാമബാദ് : പ്രതിപക്ഷം കൊണ്ടുവന്ന സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ നേരിടാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സുപ്രീംകോടതിയിലേക്ക്. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഖാലിദ് ജാവേദ് ഖാനാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനെതിരെയായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി വ്യക്തതയില്ല. ഇതില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് ഇമ്രാന് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈ നടപടിയിലൂടെ ആജീവനാന്ത വിലക്ക് പേടിച്ച് വിമതര്‍ തിരിച്ചു വരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.
വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. 342 അംഗ പാര്‍ലമെന്റില്‍ 172 വോട്ട് ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷ കക്ഷിയായ പാക്കിസ്ഥാന് മുസ്ലിം ലീഗ് നവാസ് വിഭാഗം, പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവരുടെ എംപിമാരാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇവര്‍ക്കൊപ്പം ഇമ്രാന്റെ പാര്‍ട്ടിയിലെ വിമതരായ 24 പേരും ചേര്‍ന്നാല്‍ സര്‍ക്കാര്‍ താഴെ വീഴും.
അതേസമയം ഇമ്രാന് സ്ഥാനമൊഴിയുന്നതാണ് നല്ലത് എന്നാണ് പാക് സൈന്യത്തിന്റെ അഭിപ്രായം എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനില്‍ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനത്തിനു ശേഷം സ്ഥാനമൊഴിയണമെന്ന് പാക് കരസേന മേധാവി ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബാജ്വ ഇമ്രാന് ഖാനോട് നിര്‍ദ്ദേശിച്ചതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഇതോടെ സൈന്യവും ഇമ്രാനെ കൈയ്യൊഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം വിദേശ നയത്തിന്റെ പേരില്‍ ഇന്ത്യയെ പുകഴ്ത്തി ഇമ്രാന് ഖാന് രംഗത്ത് എത്തിയിരുന്നു. ഖൈബറിലെ പൊതുറാലിയിലായിരുന്നു ഇമ്രാന്റെ പുകഴ്ത്തല്‍. നമ്മുടെ അയല്‍രാജ്യമായ ഹിന്ദുസ്ഥാനെ ഞാന്‍ അഭിനന്ദിക്കുന്നു അവര്‍ക്ക് എല്ലായ്പ്പോഴും സ്വതന്ത്രമായ വിദേശനയം ഉണ്ടായിരുന്നു. ഇന്ന്, ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്, അവര്‍ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗിന്റെ ഭാഗമാണ്, അത് നിഷ്പക്ഷമാണെന്ന് അവര്‍ പറയുന്നു. ഉപരോധം വകവയ്ക്കാതെ അവര്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു, കാരണം അവരുടെ നയം ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ്,’ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഒരു പൊതു റാലിയില്‍ ഖാന് പറഞ്ഞു.
എന്നാല്‍ പാകിസ്ഥാനിലെ മുന്‍ നയനതന്ത്ര പ്രതിനിധികള്‍ അടക്കം ഇതില്‍ പാകിസ്ഥാന് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തി. മുതിര്‍ന്ന 3 ലഫ്റ്റനന്റ് ജനറല്‍മാരും ചേര്‍ന്നെടുത്ത തീരുമാനം രഹസ്യാന്വേഷണ തലവന്‍ ലഫ്. ജനറല്‍ നദീം അന്‍ജും ഇമ്രാനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇമ്രാന് ഖാനെതിരെ പാക്കിസ്ഥാനിലെ ജനങ്ങളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഒന്നുകില്‍ അവിശ്വാസത്തെ നേരിട്ട് പരാജയം ഏറ്റുവാങ്ങുക. സ്വയം രാജിവെച്ചൊഴിയുക എന്നാണ് ഭൂരിഭാഗം ജനങ്ങളും ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ അതിരൂക്ഷവും പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹവുമായ അവസ്ഥയിലാണ്. പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹമാണ്. ഇമ്രാന് ഖാന് സര്‍ക്കാരിന്റെ ഭരണത്തിലുണ്ടായ വീഴ്ചകളാണ് രാജ്യത്തെ സാമ്പത്തികാവസ്ഥ തകരാന്‍ കാരണമെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: