ചാരുംമൂട്: സംസ്ഥാന കൃഷിവകുപ്പിന്റെ ഏറ്റവും നല്ല കൃഷി ഓഫീസര്‍ക്കുള്ള രണ്ടാം സ്ഥാനം പാലമേല്‍ കൃഷി ഓഫീസര്‍ പി.രാജശ്രീക്കു ലഭിച്ചു. കാര്‍ഷിക വിജ്ഞാന വ്യാപന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് പുരസ്കാരം രാജശ്രീയെ തേടിയെത്തിയത്.
മൂന്നു വര്‍ഷമായി പാലമേല്‍ കൃഷി ഓഫീസറായി പ്രവര്‍ത്തിച്ചു വരുന്ന ഇവര്‍ പാലമേല്‍ പഞ്ചായത്തിലെ കരിങ്ങാലിച്ചാല്‍ പുഞ്ചയിലെ തരിശുനിലങ്ങളില്‍ നൂറുമേനി വിളവ് ലഭ്യമാക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കി. 180 ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി വ്യാപിപ്പിച്ചു. കരിങ്ങാലിച്ചാല്‍ പുഞ്ചയിലെ 90 ശതമാനം സ്ഥലവും കൃഷിയോഗ്യമാക്കി. ഓണവിപണി വഴി ഏറ്റവുമധികം പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ച പാലമേല്‍ കൃഷിഭവനു നേതൃത്വം നല്കി. കിഴങ്ങുവര്‍ഗ്ഗകൃഷികള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ കര്‍ഷകരെ സഹായിച്ചു. പാലമേല്‍ പഞ്ചായത്തിനെ കേരഗ്രാമമായി പ്രഖ്യാപിക്കുന്നതിനുള്ള മുന്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കി.
അദ്ധ്യാപികയായി ജീവിതം തുടങ്ങിയ രാജശ്രീ കൃഷി ഓഫീസറായിട്ടു എട്ടുവര്‍ഷമായി. നൂറനാട് ഇടക്കുന്നം തിരുവോണത്തില്‍ പരേതനായ വാട്ടര്‍ അതോര്‍ട്ടി വര്‍കസ് സൂപ്രണ്ട് സുകുമാരന്‍ ഉണ്ണിത്താന്റെയും ചാരുമൂട് വിവിഎച്ച്എസ് റിട്ട: ഹെഡ്മിസ്ട്രസ് പത്മാക്ഷിയമ്മയുടെയും മകളാണ്. ഭര്‍ത്താവ് വള്ളികുന്നം അമൃത ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലളിത ശാസ്ത്ര അദ്ധ്യാപകന് എം.നരേന്ദ്രനാഥ്. മക്കള്‍: കൃഷ്ണനാഥ് പ്ലസ് ടുവിലും രാമനാഥ് ഒന്‍പതാം തരത്തിലും പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: