മട്ടാഞ്ചേരി (കൊച്ചി): കൊച്ചി തുറമുഖം വഴിയുള്ള പാചകവാതക ഇറക്കുമതി കേരളത്തിന് ഏറെ നേട്ടമാകുമെന്ന് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ഗതിശക്തി പദ്ധതിയിലൂടെ 180 കോടി ചെലവില്‍ കൊച്ചി തുറമുഖത്ത് നിര്‍മിച്ച മള്‍ട്ട് എന്നറിയപ്പെടുന്ന മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ വഴിയാണ് ഇറക്കുമതി. ഇതോടെ കേരളം പാചകവാതകാവശ്യത്തില് സ്വയംപര്യാപ്തത കൈവരിക്കും.
കൊച്ചി പുതുവൈപ്പിനിലാണ് അത്യാധുനിക സൗകര്യങ്ങളുമായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് മള്‍ട്ട് നിര്‍മിച്ചത്. പാചകവാതക ഇറക്കുമതിയും, ഇന്ധന കയറ്റുമതിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 3.75 കോടിയോളം ഗ്യാസ് സിലിണ്ടറുകളിലൂടെ 5,50,000 ലക്ഷം മെട്രിക് ടണ്‍ പാചകവാതകം കേരളത്തില്‍ വിതരണം ചെയ്യും. പ്രതിവര്‍ഷം ശരാശരി അഞ്ച് ശതമാനം വര്‍ധന.
സംസ്ഥാനത്ത് ആവശ്യമുള്ള പാചകവാതകത്തിന്റെ 80 ശതമാനവും മംഗലാപുരം തുറമുഖം വഴി ഇറക്കുമതി ചെയ്താണ് കേരളത്തിലെ റിഫില്‍ സ്റ്റേഷനുകളിലെത്തിക്കുന്നത്. കൊച്ചി വഴിയുള്ള ഇറക്കുമതിയിലൂടെ കടത്ത് ചെലവ് മൂന്നിലൊന്നായി കുറയും. റോഡു മാര്‍ഗമുള്ള ദ്രവീകൃത പാചക വാതക നീക്കം ചെലവേറിയതും, കാലതാമസമുണ്ടാക്കുന്നതും, അപകടകരവുമാണന്നാണ് ഓയില്‍ കമ്പനി വൃത്തങ്ങള്‍ പറയുന്നത്. മള്ട്ടിലൂടെ ഇതൊഴിവാക്കാനും കഴിയും. വിവിധതലങ്ങളില്‍ തൊഴിലവസരങ്ങളും പ്രാദേശിക വികസനവുമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: