സി.വി. തമ്പി
പ്രതിസന്ധികളില്‍ തളരുന്ന മനുഷ്യര്‍ക്ക് ശ്രീരാമന് എന്നും കരുത്താണ്. പ്രതികൂലസാഹചര്യങ്ങള്‍ക്ക് ഇടയിലും ശ്രീരാമന് അവസരങ്ങളും ജീവിതാസ്വാദന സൗകര്യങ്ങളും കണ്ടെത്തുന്നതായി രാമായണകാവ്യത്തില്‍ കാണാം. വിധിഹിതം തളര്‍ത്തിയ ഘട്ടത്തിലും തന്റെ മുന്നില്‍ ശുഭം നിറഞ്ഞ ജീവിതമുണ്ടെന്ന് ശ്രീരാമന് സ്വകര്‍മത്തിലൂടെ തെളിയിക്കുന്നു.
സുഗ്രീവന്റെ പട്ടാഭിഷേകാനന്തരം എല്ലാവരും കിഷ്കിന്ധയിലേക്കു പോയപ്പോള്‍, രാമന് ലക്ഷ്മണനോടുകൂടി പ്രസ്രവണ പര്‍വ്വതത്തില്‍ എത്തുന്നു. ഈ വനമേഖല സാധാരണക്കാര്‍ക്ക് ഭീതിതമായി തോന്നാം. എന്തെന്നാല്‍ സിംഹഗര്‍ജനമുണ്ട്, കരടി, വലിയ കുരങ്ങന്മാര്, കാട്ടുപൂച്ചകള്‍, കാട്ടുപൊന്തകള്‍ എന്നിവ ധാരാളം. വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്ന നിബിഡവനം. കെട്ടുപിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികള്‍. എന്നാല്‍, ഈ ഗഹ്വരവനാന്തരത്തില്, രാമന് രണ്ടു സുഖസൗകര്യങ്ങള്‍ കണ്ടെത്തുന്നു. ഒന്ന്, ശുദ്ധജലം കിട്ടുന്ന ജലാശയങ്ങള്‍. രണ്ട്, കാറ്റും പ്രകാശവുമെത്തുന്ന ഒരു വിശാലമായ ഗുഹ. ലക്ഷ്മണനോടൊപ്പം വസിക്കുന്നതിന് ഈ ഗുഹ ശ്രീരാമന് തെരഞ്ഞെടുക്കുന്നു. ശ്രീരാമന്റെ വാക്കുകള്‍ ഇങ്ങനെ: ‘സൗമിത്രേ! നമുക്ക് വര്‍ഷകാലത്ത് ഇവിടെ വസിക്കാം. ഈ ഗിരിശൃംഗം, കുമാരാ, ഉത്തമവും രമ്യവുമാണ്’.
കാനനത്തിന്റെ ഭീകരതയിലും മനോഹരങ്ങളായ ദൃശ്യങ്ങള്‍ ശ്രീരാമന് അവിടെ കാണുന്നു. കറുപ്പും ചുവപ്പും വെളുപ്പും കലര്‍ന്ന ദൃഢവും മനോഹരവുമായ ശിലകള്‍. ഗുഹയുടെ മുന്‍ഭാഗത്ത് കാണപ്പെട്ട മിനുസമുള്ള കൃഷ്ണശില, പിളര്‍ന്ന അഞ്ജനത്തിന്റെ പാളി പോലെ ശ്രീരാമന്, അതിമനോഹരമായി തോന്നിക്കുന്നു. നദികളില്‍ ഉല്ലസിക്കുന്ന തവളകള്‍, മരങ്ങളില്‍ ചുറ്റിപ്പടര്ന്നിരിക്കുന്ന ലതകള് എല്ലാം ആസ്വാദ്യം. പക്ഷികള്‍ മൃദുസ്വരത്തില്‍ പാടുന്നു. മയൂരനാദം കര്ണമോഹനം. കാറ്റിളകുമ്പോള്‍ പിച്ചകത്തിന്റെയും മുല്ലയുടെയും പരിമളം പരക്കുന്നു. നെന്മേനിവാക, മരുത്, പൈന്‍ മുതലായ വൃക്ഷങ്ങള്‍ ഈ വനഭൂമിയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. വനവാസം ആസ്വദിക്കുന്ന ശ്രീരാമന് അതായത്, പ്രഥമദൃഷ്ടിയിലനുഭവപ്പെട്ട കാനനഭീകരത, വന്യത എന്നിവ ക്രമേണ മാഞ്ഞ് ആനന്ദദായകമായി അനുഭവപ്പെടുന്നു. പിന്നീടങ്ങോട്ട്, ഈ ആനന്ദം, അളവറ്റ അനുഭൂതിയായി അനുഭവപ്പെടുന്നു.
ഇവരുടെ മനസ്സിനേയും കണ്ണിനേയും കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ അനവധി. വസ്ത്രാഭരണങ്ങളണിഞ്ഞ പ്രമദയെപ്പോലെ ഒഴുകുന്ന നദിയും കിളികളുടെ കളകളാരവങ്ങളും നദിക്കരയിലെ ഫലവൃക്ഷങ്ങളും ആരുടെയും ദുഃഖവും വിരസതയും അകറ്റാന്‍ പര്യാപ്തമാണ്.
തുടര്‍ന്നങ്ങോട്ട് ഈ ബൃഹദ് കാവ്യത്തിന്റെ ഗതിവിഗതികള്‍ പല വഴിക്ക് ഒഴുകുന്നുണ്ടല്ലോ. ഇതു പോലെതന്നെ, ജീവിതത്തിലെ നിമ്നോന്നത ഭാവങ്ങളെയും ഉയര്‍ച്ച താഴ്ചകളെയും ഉള്‍ക്കൊള്ളാന്‍ നമ്മള് സന്നദ്ധരാകണം. അവയെല്ലാം അനിവാര്യമായ ജീവിത സന്ദര്‍ഭങ്ങളോ ഘട്ടങ്ങളോ ആയി കരുതുകയും വേണം. അപ്പോള്‍ ജീവിക്കാനുള്ള കരുത്തും പ്രചോദനവും നമുക്കുണ്ടാവും. നമ്മുടെ കര്‍മചേതന ഉണരുകയും ചെയ്യും. മഹത്തായ കാവ്യങ്ങളെല്ലാം ഈ ഉള്‍ക്കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: